Image

മനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന സുരേഷ്

Published on 13 July, 2020
മനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന സുരേഷ്
കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ സ്വണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രതികരിച്ചത് ഭയലേശമില്ലാതെ. സ്വപ്ന സുരേഷ് ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല.

പര്‍ദ അണിഞ്ഞായിരുന്നു സ്വപ്നയുടെ യാത്ര. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി പി. കൃഷ്ണ കുമാര്‍ ചോദിപ്പോള്‍ മനസ് ശാന്തമാക്കാനായി മെഡിറ്റേഷനു സൗകര്യം വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ 'ഇല്ല' എന്നായിരുന്നു മറുപടി. സ്വപ്ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്നയ്ക്കായി ഹാജരായത്.

കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തേ സ്വപ്നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്നയ്ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു വരവ്.

സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചതായി അമ്മ ഉഷയുടെ വെളിപ്പെടുത്തല്‍. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവെക്കാനും തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായും പറഞ്ഞ് സന്ദീപ് കരഞ്ഞുവെന്നും അമ്മ ഉഷ വെളിപ്പെടുത്തി.

ഇതേ സമയം സ്വപ്നയുടെ മകള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സുഹൃത്തിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

സ്വപ്നയെയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവരും വഴിയില്‍ അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്നയുടെ മകളുടെ വാക്കുകളും ഗൗരവമായി പരിഗണിക്കേണ്ടത്.

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സമയം സംഭവസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നു. അപകടത്തില്‍പ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു.

സരിത് കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നുവെന്നും മറ്റെല്ലാവരും തെറി വിളിച്ചപ്പോഴും സരിത് അനങ്ങിയില്ലെന്നും ഇതാണ് ആ രൂപം പെട്ടെന്ന് ഓര്‍മിക്കാന്‍ കാരണമെന്നും സോബി പറയുന്നു.

അതേസമയം, കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് നടക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. യുഎഇ യാണ് ഇതിന്റെ പ്രഥമ ഉറവിടമെന്നും ഒരു അന്താരാഷ്ട്ര സംഘടനയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടാണ് ഇതിന് ആധാരം.

വര്‍ഷംതോറും ഇന്ത്യയിലേക്ക് 1000 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് വിവരം. പക്ഷേ ഇതാകട്ടെ ഔദ്യോഗിക കണക്കിന്റെ കാല്‍ ഭാഗം മാത്രമേയുള്ളെന്നും മനുഷ്യാവകാശ പീഡനങ്ങള്‍, ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ അഴിമതി എന്നിവയുടെയെല്ലാം ഭാഗമായി സ്വര്‍ണ്ണം ഇന്ത്യയിലേക്ക് എത്തി അവ ചരക്കുകളാക്കി അന്താരാഷ്ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യുകയാണെന്നാണ് കാനഡ ആസ്ഥാനമായ ഇംപാക്ട് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ലോകത്തിലെ തന്നെ മൂന്നിലൊന്ന് സ്വര്‍ണ്ണം ഇന്ത്യവഴി കടന്നാണ് ലോക വിപണിയുടെ ഹൃദയത്തിലേക്ക് എത്തുന്നതെന്നാണ് വിവരം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്?

സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടത്. ഇതോടെ സര്‍ക്കാര്‍ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നല്‍കി എന്നു വേണം കരുതാന്‍. സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത്രയേറെ പേര്‍ക്ക് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ല.ഒളിയിടത്തു നിന്ന് ടിവി ചാനലില്‍ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണ്

സിപിഎം തിരക്കഥ അനുസരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നത്.ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എന്‍. ഐ. എ യ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു
മനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന സുരേഷ്
Join WhatsApp News
ഒരു ആരാധകൻ 2020-07-13 20:05:08
പാവം സ്വപ്ന മോൾ. കണ്ടിട്ട് സഹിക്കണില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക