Image

നെല്‍സണ്‍ മണ്ടേലയുടെ പുത്രി സിന്‍സി മണ്ടേല നിര്യാതയായി

Published on 13 July, 2020
നെല്‍സണ്‍ മണ്ടേലയുടെ പുത്രി സിന്‍സി മണ്ടേല നിര്യാതയായി
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകള്‍ സിന്‍സി മണ്ടേല നിര്യാതയായി. 59 വയസ്സായിരുന്നു. ജൊഹാനസ്ബര്‍ഗ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 2015 മുതല്‍ ഡെന്മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറായിരുന്നു. ഭര്‍ത്താവും നാലു മക്കളുമുണ്ട്.

വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി നീണ്ടകാലം ജയില്‍വാസമനുഷ്ഠിച്ച മണ്ടേലയുടെ ജീവിതവുമായി ചേര്‍ന്നുനിന്നവരായിരുന്നു സിന്‍സി. മണ്ടേല ജയിലിലായിരിക്കെ 1985ല്‍ മോചനത്തിന് സമരം ഉപേക്ഷിക്കണമെന്ന് വെള്ളക്കാര്‍ ഉപാധിവെച്ചപ്പോള്‍ ഒരിക്കലും പിന്‍വാങ്ങില്ലെന്ന കത്ത് വന്‍ജനാവലിക്കു മുമ്പില്‍ പിതാവിനു വേണ്ടി വായിച്ചത് സിന്‍സിയായിരുന്നു.

ലോകം മുഴുക്കെ സംപ്രേഷണം ചെയ്യപ്പെട്ട പ്രഖ്യാപനത്തോടെ മണ്ടേല കുടുംബത്തിലെ ഇളമുറക്കാരിയും പ്രശസ്തയായി. വെള്ളക്കാരുടെ അധീനതയിലുള്ള ഭൂമി ദക്ഷിണാഫ്രിക്കയിലെ പാവപ്പെട്ട കറുത്ത വംശജര്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സിന്‍സി നടത്തിയ പ്രസ്താവന വിവാദമുയര്‍ത്തിയിരുന്നു. ‘‘അപാര്‍തീഡ് വക്താക്കളോട്, നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനിയും ഭരണം തുടരാന്‍ നിങ്ങള്‍ക്കാവില്ല. അന്തിമമായി, ഈ ഭൂമി ഞങ്ങളുടെതാണ്’’ എന്നായിരുന്നു സിന്‍സിയുടെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക