Image

35 സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 July, 2020
35 സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചു (ഏബ്രഹാം തോമസ്)
ഫ്‌ലോറിഡ സംസ്ഥാനം ഒരു പ്രത്യേക രാജ്യമായിരുന്നെങ്കില്‍ ഏറ്റവുമധികം കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന നാലാമത്തെ രാജ്യം ഫ്‌ലോറിഡ ആകുമായിരുന്നു. ഫ്‌ലോറിഡയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15,300 കേസുകള്‍ ആണ്. ഇത് റെക്കോര്‍ഡ് ആണെന്ന് ജോണ്‍ ഹോവ്കിന്‍സ് യൂണിവേഴ്‌സിറ്റി പറഞ്ഞു.

ഞായറാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് 12,343 കേസുകള്‍ ഉണ്ടായതായി ഫ്‌ലോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് 35 സംസ്ഥാനങ്ങളിലെങ്കിലും കോവിഡ്-19 രോഗികള്‍ മുന്‍ ആഴ്ചയിലേക്കാള്‍ കൂടുതലാണ്. യുഎസില്‍ ഈ മഹാമാരി ആരംഭിച്ചതിനു ശേഷം ഇതുവരെ 33 ലക്ഷം രോഗികളുണ്ടായി. ഇതിനര്‍ഥം 100 പേരില്‍ ഒരാള്‍ വീതം രോഗബാധിതനായി എന്നാണ്. 13,5,379 അമേരിക്കക്കാര്‍ രോഗം ബാധിച്ചു മരിച്ചു.

അമേരിക്കയിലെ ദേശീയ, പ്രാദേശിക നേതാക്കളും ജനങ്ങളും വലിയ തോതില്‍ കൂട്ടംകൂടാനും ബീച്ചുകളിലും ബാറുകളിലും പോകാന്‍ ആരംഭിച്ചതാണ് വലിയ തോതില്‍ രോഗം പകരാന്‍ കാരണമായതെന്ന് പറഞ്ഞു. പല സംസ്ഥാനങ്ങളിലും രോഗ ബാധിതരാകുന്നവരുടെ പ്രായം കുറയുന്നതായി കണ്ടെത്തി. മഹാമാരി ആരംഭിച്ചപ്പോള്‍ സംഭവിച്ചതിനെക്കാള്‍ പ്രായം കുറഞ്ഞവരിലേക്കാണ് ഇപ്പോള്‍ രോഗം പകരുന്നത്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിന്റെ പത്തിരട്ടി ഉണ്ടാകും യഥാര്‍ഥ രോഗബാധിതര്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഇപ്പോള്‍ കുറഞ്ഞത് 36 സംസ്ഥാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ തിരിച്ചടികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മയാമി നഗരം ഇത് അംഗീകരിച്ചപ്പോള്‍ അറ്റ്‌ലാന്റാ മേയര്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരെ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് രംഗത്ത് വന്നു. അമേരിക്കയില്‍ രോഗവ്യാപനത്തിന്റെ ഗ്രാഫ് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ താഴേയ്ക്കു കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ ഇത് ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതിനും ആറടി സോഷ്യല്‍ ഡിസ്റ്റെന്‍സിംഗ് പാലിക്കുന്നതിനും തയാറായാല്‍ മാത്രമേ സാധിക്കൂ. യുഎസ് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് പറഞ്ഞു.

വൈറ്റ്ഹൗസും ഗവണ്‍മെന്റിന്റെ ഉന്നത പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്തണി ഫൗച്ചിയും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂര്‍ഛ്ച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ അന്ത്യത്തിന്റെ ആരംഭം ഇനിയും കാണാന്‍ തുടങ്ങിയിട്ടില്ലെന്ന് ഫൗച്ചി പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനുമായി നടത്തിയ ഒരു വെബിനാറില്‍ താന്‍ ഇതുവരെ നേരിട്ടിട്ടുള്ള വെല്ലുവിളികളില്‍ ഏറ്റവും വലുതാണെന്ന് ഫൗച്ചി വെളിപ്പെടുത്തി. എഐവിയും എബോളയും ആന്ത്രാക്‌സും സിക്കയുമൊന്നും ഈ വൈറസിന്റെ അത്രയും വെല്ലുവിളി നല്‍കിയിട്ടില്ല.

രാജ്യം ഒട്ടാകെയുള്ള ആരോഗ്യ വിദഗ്ധര്‍ ആരോഗ്യ ശുശ്രൂഷ നേരിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഫ്‌ലോറിഡയില്‍ തിങ്കളാഴ്ച രാവിലെ വരെ കൊറോണ വൈറസിന് ചികിത്സ തേടി ആശുപത്രിയിലായവര്‍ 8,035 ആണ്. ന്യൂയോര്‍ക്കില്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയിലായവര്‍ 18,825 ആയിരുന്നു.

ഫ്‌ലോറിഡയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്ന് കൗണ്ടികളായ മയാമി- ഡേഡ്, ബ്രൊവാര്‍ഡ്, പാംബീച്ച് എന്നിവയില്‍ കൊറോണ സംബന്ധമായ ഏറ്റവും കൂടുതല്‍ ഹോസ്പിറ്റലൈസേഷനുകള്‍ ഉണ്ടായി. ഫോര്‍ട്ട്‌ലൗഡര്‍ഡേല്‍ ഉള്‍പ്പെടുന്ന ബ്രൊ വാര്‍ഡ് കൗണ്ടിയില്‍ ആശുപത്രിയിലാകുന്നവര്‍ 279% വര്‍ധിച്ചു.

കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ മയാമി- ഡേഡ് കൗണ്ടിയില്‍ ആശുപത്രിയിലാകുന്നവര്‍ 65% വര്‍ധിച്ചു. ഐസിയു ബെഡ്ഡുകളുടെ ഉപയോഗം 67%വും വെന്റിലേറ്ററുകളുടെ ഉപയോഗം 129%വും വര്‍ധിച്ചു. ഡിസ്‌നി വേള്‍ഡ് ഈയാഴ്ച വീണ്ടും തുറന്ന് ഓറഞ്ച് കൗണ്ടിയില്‍ വാരാന്ത്യത്തില്‍ 540 ല്‍ അധികം രോഗികള്‍ ആശുപത്രിയിലായി.

ലൊസാഞ്ചല്‍സ് കൗണ്ടിയില്‍ ഞായറാഴ്ച 3,300 പുതിയ കേസുകള്‍ ഉണ്ടായതായി ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2,100 ഹോസ്പിറ്റലൈസേഷനുകള്‍ ഉണ്ടായി. കഴിഞ്ഞ മാസത്തെക്കാള്‍ കൂടുതലാണിത്. ടെക്‌സസില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകള്‍ കുറവായി. 10,351 കേസുകള്‍ കുറഞ്ഞ് 8,136 പുതിയ കേസുകള്‍ ഉണ്ടായി. ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടിയായ ഹാരിസ് കൗണ്ടിയിലെ ജഡ്ജ് ലിന ഹിഡാല്‍ഗോ സ്റ്റേ ഹോം ഓര്‍ഡര്‍ ഉടനെ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. വൈറസിന്റെ കെര്‍വ് ഫ്‌ലാറ്റന്‍ ചെയ്താല്‍ പോര, പിടിച്ച് താഴേയ്ക്കു കൊണ്ടു വന്നേ മതിയാകൂ; ജഡ്ജ് പറഞ്ഞു.

അരിസോണയില്‍ ഫീനിക്‌സ് മേയര്‍ കേറ്റ് ഗാലഗോ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമം ഇല്ലാത്ത നീണ്ട ആതുര ശുശ്രൂഷയില്‍ ക്ഷീണിതരാണെന്ന് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക