Image

നിത്യ ചെലവുകള്‍ക്ക് പണമില്ല, ജീവനക്കാരെ പിരിച്ചുവിട്ടു ശ്രീപത്മനാഭ സ്വാമി ക്ഷേത്ര അധികൃതര്‍

Published on 14 July, 2020
നിത്യ ചെലവുകള്‍ക്ക് പണമില്ല, ജീവനക്കാരെ പിരിച്ചുവിട്ടു ശ്രീപത്മനാഭ സ്വാമി ക്ഷേത്ര അധികൃതര്‍
തിരുവനന്തപുരം: നിലവറകളില്‍ വിലമതിക്കാനാകാത്ത നിധിയുള്ളപ്പോഴും നിത്യ പൂജകള്‍ ഒഴികെയുള്ള ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. രണ്ടു മാസത്തോളം നീണ്ട ലോക് ഡൗണും ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതു കാരണം കാണിക്ക, വഴിപാട്, സംഭാവന ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനം നിലച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടു കാരണം 115 താല്‍ക്കാലിക ജീവനക്കാരില്‍ പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിര്‍ത്താന്‍ ഭരണസമിതി തീരുമാനിച്ചു.

സ്ഥിരം ജീവനക്കാരുടെ ശമ്പളം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഗ്രാന്റ് ഇനത്തില്‍ നല്‍കുന്ന 20 ലക്ഷം രൂപ 2 കോടിയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.രതീശന്‍ കത്തു നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കോവിഡ് വ്യാപന ഭീതി കാരണം മാര്‍ച്ച് 21 മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ പ്രവേശിക്കുന്നതിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. അതുവരെ പ്രതിമാസം ശരാശരി ഒന്നര കോടി രൂപ വരെയായിരുന്നു വരുമാനം. 4 മാസത്തിനിടെ 40 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിച്ചത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു വേണ്ടി 1.25 കോടി രൂപയും പൂജകള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി  45 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.

പൂജകള്‍ക്ക് മുടക്കം വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശമ്പളം കുറയ്‌ക്കേണ്ടി വന്നതെന്ന് ഭരണസമിതി പറഞ്ഞു. വരുമാനത്തില്‍ കുറവു വന്നതോടെ 165 സ്ഥിരം ജീവനക്കാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചു.  115 താല്‍ക്കാലിക ജീവനക്കാരോട് ആദ്യ മാസങ്ങളില്‍ പകുതി ദിവസം ജോലിക്കു ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു. വരുമാന നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിര്‍ത്തുന്നത്.പത്മനാഭസ്വാമി ക്ഷേത്രത്തിലെ 33,000 ഏക്കര്‍ ഭൂമി 1971 ലെ ഭണ്ഡാരംവക ഭൂമി നിയമത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

കേരളം ഏറ്റെടുത്ത 13,000 ഏക്കറോളം ഭൂമിക്ക് അന്നു നിശ്ചയിച്ച 58,500 രൂപയാണ് കേരള സര്‍ക്കാര്‍ പാട്ടത്തുകയായി ക്ഷേത്രത്തിന് ഇപ്പോഴും നല്‍കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ ഭൂമിയുടെ തസ്തിക് അലവന്‍സ് വര്‍ധിപ്പിക്കുകയും കുടിശ്ശികയടക്കം 1.65 കോടി രൂപ അവസാന ലക്ഷദീപത്തിനു മുന്നോടിയായി ക്ഷേത്രത്തിന് കൈമാറുകയും ചെയ്തു. 1949 ലെ കവനന്റ് പ്രകാരം ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന ഒരു കോടി രൂപയില്‍ 20 ലക്ഷം രൂപയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് നല്‍കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക