Image

ആളില്ല, യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ നിര്‍ത്തുന്നു

Published on 15 July, 2020
ആളില്ല, യുഎഇയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ നിര്‍ത്തുന്നു
അബുദാബി: യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിന്‍വാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം.

തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാര്‍ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തില്‍ വന്ദേഭാരത് വിമാനങ്ങളില്‍ ആളെ നിറയ്ക്കാനും എംബസിയും എയര്‍ലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍നിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ആദ്യ ഘട്ടങ്ങളില്‍ അത്യാവശ്യക്കാര്‍ക്കുപോലും ടിക്കറ്റില്ലെന്നു പറഞ്ഞിരുന്ന വന്ദേഭാരതും ചാര്‍ട്ടേഡ് സംഘാടകരും പിന്നീട് യാത്രക്കാര്‍ക്കായി വലവീശാന്‍ തുടങ്ങുകയായിരുന്നു.

വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു വീണ്ടും ആളുകുറഞ്ഞു. റജിസ്റ്റര്‍ ചെയ്ത ആര്‍ക്കും എവിടന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു വന്നതോടെ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്ന വന്ദേഭാരതിലേക്ക് ആളുകള്‍ ചുവടു മാറി.

ചില സ്വകാര്യ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികളുടെ സഹകരണത്തോടെ സര്‍വീസ് നടത്തുന്നതും ചില വ്യക്തികളും സംഘടനകളും സൗജന്യ സര്‍വീസ് നടത്തിയതും സംഘടനകളുടെ ചാര്‍ട്ടേഡ് സര്‍വീസികളില്‍ ആളില്ലാതാക്കി.

ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നല്‍കിയ ആളുകളുമാണ് ഇപ്പോള്‍ ചാര്‍ട്ടേഡു വിമാനങ്ങളെ ആശ്രയിക്കുന്നത്.

യാത്രക്കാര്‍ കുറഞ്ഞതോടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്നും ഉടന്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് വാട്‌സാപ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക