Image

ഔപചാരികതകൾ ഇല്ലാതെ കടന്നു പോകുന്നവർ (ബ്ലെസ്സൻജി)

Published on 26 July, 2020
ഔപചാരികതകൾ ഇല്ലാതെ കടന്നു പോകുന്നവർ (ബ്ലെസ്സൻജി)
പരിഷ്കൃത സമൂഹത്തിലേക്ക് നാം വലിച്ചെറിയപ്പെടുമ്പോൾ കൈമോശം വരുന്നതിൽ പ്രധാനം നമ്മുടെ ജീവിതത്തിൻറെ ലാളിത്യവും ചില നന്മകളും ഒക്കെ ആണോ എന്ന് സ്ന്നേഹിക്കുന്നു. പ്രത്യേകിച്ച് അവ ബാല്യത്തിലെ നന്മയിൽ ചാലിച്ച ചില നൊമ്പര പൂക്കൾ കൂടിയാവുമ്പോൾ മനസ്സിനെ വല്ലാതെ മധീക്കുന്നു. ഏകാന്തം ആയിരിക്കുമ്പോൾ, മനസ്സ് പലപ്പോഴും ഹൃദയത്തിൽ തൊടുന്ന ചില നല്ല ഓർമ്മകൾ സമ്മാനിച്ചൂ കാലയവനികക്കുള്ളിൽ മറഞ്ഞ പോയ ചിലരോട് കാലം ഏടുകൾ മറിക്കുമ്പോൾ  ഒരു ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന വേദന. ഒരു നന്ദി പോലും പറയുവാൻ കഴിയാതെ അല്ലെങ്കിൽ അത്തരം  ഔപചാരികതകൾക്കു കാത്തുനിൽക്കാതെ തന്റെ ആ നുറുങ്ങു വെട്ടം  സമൂഹത്തിന് പകർന്നു കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിൽ മറയുമ്പോൾ അതൊരു നഷ്ടമാണ് എന്ന് ഒറ്റവാക്കിൽ ഒതുക്കാമോ എന്ന് സന്ദേഹിക്കുന്നു.........

എന്റെ ബാല്യത്തിൽ നടന്ന ഒരു വിഷയം മനസ്സിൽ വല്ലാതെ പലപ്പോഴും കടന്നുവരാറുണ്ട്. മാവേലിക്കര, കല്ലുമല എൽപി സ്കൂളിൽ പഠിക്കുമ്പോൾ  ഇളയ എൻറെ സഹോദരി ഒരു ക്ലാസ്സ് പിറകിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഏകദേശം 10 മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം. അനുജത്തിയുടെ ക്ലാസിലുള്ള  രേണു എന്ന ഒരു കുട്ടി മനോഹരമായ ഒരു ചിത്രശലഭത്തെ പോലെ തൊങ്ങലും ഞൊറികളും റേന്തയും ഒക്കെയുള്ള ഒരു നല്ല മനോഹരമായ ഉടുപ്പ് ധരിച്ച് ക്ലാസ്സിലെത്തി. എൻറെ കുഞ്ഞു പെങ്ങൾ അത് കണ്ടു കൗതുകത്തോടെ നോക്കി നിന്നു. ഉടുപ്പ് തൊട്ടുനോക്കി. എത്ര മനോഹരം അവൾക്ക് അങ്ങനെ മനോഹരമായ ഒരു ഉടുപ്പ് ഇല്ല. കാരണം ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ഒരു പ്രയാസ ക്കാരൻറെ മകൾക്ക് അതൊക്കെ ആശിക്കാൻ പോലും അന്ന് യോഗം ഉണ്ടായിരുന്നില്ല. അത്ര മനോഹരമായ ഒരു ഉടുപ്പ് അവൾ ആദ്യമായാണ് കാണുന്നത്. അത് അവളുടെ കുഞ്ഞിളം മനസ്സിനെ വല്ലാതെ ഇളക്കിയിട്ടുണ്ടാവാം അന്ന് സ്കൂൾ വിട്ടു കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ എൻറെ അനുജത്തി ഉടുപ്പ് എനിക്ക് തരാമോ എന്ന് ചോദിച്ചു കൊണ്ട് കൂട്ടുകാരിയുടെ പിന്നാലെ നടന്നു. അങ്ങനെ ചോദ്യവും ആവശ്യവുമായി മുല്ലക്കൽ രാജുച്ചായൻ  എന്ന ആ മനുഷ്യൻറെ വീടിൻറെ വാതിക്കൽ എത്തിയപ്പോഴേക്കും എൻറെ അനുജത്തി അതൊരു കരച്ചിലായി മാറ്റിയിരുന്നു. സിംഗപ്പൂരോ, ബോർണിയായിലോ മറ്റോ പോയി ധാരാളം പണം ഒക്കെ സമ്പാദിച്ചു നാട്ടിൽ സ്ഥിരതാമസത്തിന് എത്തിയതായിരുന്നു രാജുച്ചായൻ. തൻറെ ഇളയമകൾ രേണുവിൻറെ പിന്നാലെ കരഞ്ഞു കൊണ്ടു വരുന്ന ആ കൊച്ചു കുട്ടിയോട് കൗതുകത്തോടെ, എന്താ മോളെ കരയുന്നത് എന്ന് ചോദിച്ച ആ മനുഷ്യനോട്,  ബാല്യത്തിലെ നിഷ്കളങ്കതയിൽ ഒന്നും മറച്ചുവെക്കാതെ എനിക്ക് ആ ഉടുപ്പ് തരാമോ എന്ന് ചോദിച്ചു വിങ്ങിപ്പൊട്ടി. ആ നല്ല മനുഷ്യൻ, മോൾ ഇവിടെ നിൽക്കൂ എന്ന് പറഞ്ഞ് തൻറെ മകളെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. തൻറെ മകൾക്ക് ജന്മദിനത്തിന് വാങ്ങിക്കൊടുത്ത ആ മനോഹരമായ ഉടുപ്പ് മറ്റൊന്നു വാങ്ങിത്തരാമെന്ന ഉറപ്പിന്മേൽ അഴിച്ചു കൊണ്ടുവന്ന് എൻറെ സഹോദരിയുടെ ഉടുപ്പിന് മുകളിലൂടെ അവളെ അണിയിച്ചു. കുഞ്ഞനുജത്തിയുടെ ആഹ്ലാദം സന്തോഷവും കണ്ട് അവളുടെ തലയിൽ തലോടി ആ നല്ല മനുഷ്യൻ പ്രകാരം പറഞ്ഞു ഈ ഉടുപ്പ് മോൾ എടുത്തോളൂ.... ഇത്രയുമായപ്പോൾ ഇതിനെല്ലാം സാക്ഷിയായി നിന്ന എന്നെ പോലും മറന്നുകൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് അവൾ ഓടി. പിന്നാലെ ഞാനും ഓടിയെത്തി...... വർഷങ്ങൾ കടന്നുപോയി ഞങ്ങൾ ഓരോരുത്തരും മറ്റെല്ലാ പ്രവാസികളെയും പോലെ  ജോലി തേടി അന്യ ദേശത്തേക്ക് പോയി..........

കാലം അതിൻറെ താളുകൾ മറിച്ചു കൊണ്ടിരുന്നു. പിന്നീട് ഒരിക്കൽ  വീട്ടിൽ വിളിച്ചപ്പോൾ മുല്ലക്കൽ രാജുച്ചായൻ  മരിച്ചു പോയി എന്ന് അറിഞ്ഞു. അദ്ദേഹം ഞങ്ങളുടെ ബാല്യത്തിൽ ചെയ്ത ഒരു നല്ല ഓർമ്മയും നല്ല മാതൃകയും ഒക്കെ മനസ്സിൽ ഓടിയെത്തി. ഒരിക്കൽ പോലും അദ്ദേഹത്തെ പോയി ഒന്ന് കണ്ട്, ഒരു നല്ല വാക്ക് പറയുവാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള ദുഃഖം എന്നെ നൊമ്പരപ്പെടുത്തി. പിന്നീട് ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കൊച്ചു ഓർമ്മ സമ്മാനിച്ചു കടന്നുപോയ ഒരു നല്ല മനുഷ്യൻറെ ഓർമ്മയ്ക്ക് മുന്നിൽ ആ ഭവനം വരെ ഒന്നു പോകണം എന്നും അദ്ദേഹത്തിന്റെ
 പത്നിയേ കണ്ട്  കാര്യങ്ങളൊക്കെ പറയുവാനും അദ്ദേഹത്തിൻറെ നല്ല ഹൃദയത്തിൻറെ ഓർമ്മയ്ക്ക് ഒരു ചെറിയ ഹാർട്ട് ഷേപ്പിലുള്ള ഒരു സ്വർണ്ണ ലോക്കറ്റ് ഒക്കെയായി ഞാൻ അവിടെ പോയി. നിർഭാഗ്യവശാൽ ആ ഭവനത്തിൽ ആരുമില്ലായിരുന്നു. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്നും പിന്നീടൊരിക്കലും അവിടെ വരെ പോകുവാനോ അതിനുവേണ്ടി ഒന്ന് ശ്രമിക്കുവാനോ സാധിച്ചില്ല എന്നുള്ളത് ഒരു നൊമ്പരമായി മനസ്സിൽ കിടന്നു. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ അവിചാരിതമായി ആ ഭവനത്തെ മുന്നിലൂടെ നടന്നു പോകുമ്പോൾ അവിടെ ആരെങ്കിലും കാണും എന്നുള്ള പ്രതീക്ഷയോടെ അവിടെ ചെന്ന് വാതിൽ മുട്ടി. അപരിചിതയായ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. മുല്ലക്കൽ രാജൂ അച്ചായാന്റെ ഭാര്യ ഇവിടെ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, എന്നേ അവിടെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വാർദ്ധക്യസഹജമാകുന്ന അസുഖങ്ങളാൽ അദ്ദേഹത്തിൻറെ ഭാര്യ ശയ്യാവലംബി ആണ്. ഞാൻ അടുത്തു പോയിരുന്നു എന്നെ പരിചയപ്പെടുത്തി. ഞങ്ങളുടെ ബാല്യത്തിൽ നടന്ന ഒരു കൊച്ചു കൊച്ചു കഥ, അദ്ദേഹത്തിൻറെ വാത്സല്യവും സഹാനുഭൂതിയും നിറഞ്ഞ കഥ  അദ്ദേഹത്തിന്റെ പ്രിയതമയെ പറഞ്ഞുകേൾപ്പിച്ചു. ഒരു നല്ല മനുഷ്യൻറെ ഓർമ്മകളിലേക്ക്  ആ അമ്മ, മനസിനെ പുറകോട്ട് പായിച്ചപ്പോൾ, ആ പ്രിയ മാതാവിൻറെ കണ്ണുകൾ നിറയുന്നതും അശ്രുപുഷ്പങ്ങൾ വീണു ചിതറുന്നതും കണ്ടു എൻറെയും കണ്ണുനിറഞ്ഞു. അദ്ദേഹം ചെയ്ത നല്ല പ്രവർത്തികക്കു പകരം ഒന്നും കൊടുക്കുവാൻ ഇല്ലാതെ, നന്ദി നിറഞ്ഞ നല്ല വാക്കുകൾ മാത്രം സമ്മാനിച്ചു ഞാൻ തിരികെ പോയി........

അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന കൊച്ചു കൊച്ചു നന്മകളാലും നല്ല പ്രവർത്തികളാലും നമ്മുടെ ജീവിതത്തെ അനുഗ്രഹ പൂർണ്ണമാക്കി തീർത്ത  അനേകം ജീവിതങ്ങൾ. അവർ ഒരിക്കലും നമ്മളുടെ നല്ല വാക്കുകൾ കേൾക്കുവാൻ കാത്തുനിൽക്കാതെ കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെ കടപ്പാടുകൾ വളരെയേറെ പറയുവാനുണ്ട്. അങ്ങനെ അനേകം ജീവിതങ്ങളുടെ നന്മകൾ ചേർത്തുവച്ചതാണ് എൻറെ ഒരു ജീവിതം. കുറവുകൾ ഉണ്ടായിട്ടും നമ്മളെ സ്നേഹിച്ചവർ, ഗുണമില്ലെന്ന് അറിഞ്ഞിട്ടും നമ്മളെ കരുതിയവർ, വീണു പോയേക്കാം എന്നോർത്ത് കരങ്ങളിൽ പിടിച്ചവർ, തകർന്നു പോയേക്കാം എന്നോർത്ത് വാക്കുകൾ കൊണ്ട് നമ്മളെ ബലപ്പെടുത്തിയവർ, അവരുടെ ഓർമ്മകളുടെ ഊർജ്ജമാണ് നമ്മളെ മുന്നോട്ടു പ്രത്യാശയോടെ നയിക്കുന്നത്. ആ ഊർജ്ജമാണ് അല്പംകൂടി നന്മ നമ്മൾക്ക് ചെയ്യുവാനുള്ള ബലം നമ്മളിൽ തരുന്നത്. ഈ മനോഹരമായ ഒരു പിടി ഓർമ്മകൾക്കു മുന്നിൽ എൻറെ ഹൃദയപൂക്കൾ സമ്മാനിക്കട്ടെ.💐💐💐

Join WhatsApp News
SudhirPanikkaveetil 2020-07-26 12:12:45
വളരെ ഹൃദയസ്പർശിയായ ലേഖനം. (താങ്കൾ ഹൂസ്റ്റണിൽ നിന്നുമെഴുതിയിരുന്ന ശ്രീ ബ്ലെസ്സൺ തന്നെയാണോ)
JohnBlessonG 2020-07-26 15:12:58
Yes Sudheer... Blesson G, From Houston. Thank you for your kind words.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക