Image

ഹാഗിയ സോഫിയ കേരളത്തിലും പ്രതിഷേധ ശബ്ദമുയരുന്നു (ശ്രീനി)

ശ്രീനി Published on 27 July, 2020
ഹാഗിയ സോഫിയ കേരളത്തിലും പ്രതിഷേധ ശബ്ദമുയരുന്നു (ശ്രീനി)
ഇസ്താംബൂളിലെ ലോകപ്രശസ്ത മ്യൂസിയമായ ഹാഗിയ സോഫിയയുടെ അകത്തളങ്ങളില്‍ 85 വര്‍ഷങ്ങള്‍ക്കു ശേഷം ഖുറാന്‍ വചനങ്ങള്‍ മാറ്റൊലി കൊണ്ടത് ഇക്കഴിഞ്ഞ 24-ാം തീയതി വെള്ളിയാഴ്ചയായിരുന്നു. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയസോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിനു ശേഷം തുര്‍ക്കി പ്രസിഡന്റ് റസെപ് തയെപ് എര്‍ദോവാന്‍ അതിനെ മുസ്ലീം പള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളുടെയും യുനെസ്‌കോ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും സമ്മര്‍ദ്ദങ്ങളും എതിര്‍പ്പും അവഗണിച്ചുകൊണ്ടാണ് ഹാഗിയസോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയത്.

ഈ നടപടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ ദുഖം അറിയിച്ചിരുന്നു. പ്രശസ്ത എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക് തുര്‍ക്കി ഗവണ്‍മെന്റിനെ അതിശക്തമായി അപലപിച്ചു. ഈ തീരുമാനത്തില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും തുര്‍ക്കി ഇങ്ങനെ ആവരുതെന്നും അദ്ദേഹം പറഞ്ഞു. ''യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനമാണ് ഈ തീരുമാനം. മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ്. അതിനാണ് കോട്ടം തട്ടിയിരിക്കുന്നത്...'' പാമുക് അഭിപ്രായപ്പെട്ടു. 

അതേസമയം, ഹാഗിയ സോഫിയ മുസ്ലീം പള്ളി ആക്കിയതില്‍ കേരളത്തിലും കടുത്ത എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ഐക്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും അടയാളവും ക്രൈസ്തവരുടെ ആരാധനാലയവുമായിരുന്ന ഹാഗിയസോഫിയ കത്തീഡ്രല്‍ മുസ്ലീം ആരാധനാലയമാക്കി മാറ്റിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷ്യന്‍മാര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയുണ്ടായി. 

ആരാധനാലയങ്ങള്‍ സമാധാനത്തിന്റെയും സകലരോടുമുള്ള സ്‌നേഹത്തിന്റെയും സന്ദേശം സംവേദനം ചെയ്യണമെന്ന് മാനവസാഹോദര്യ ഉന്നത സമിതിയും ചൂണ്ടിക്കാട്ടുന്നു. ഐക്യദാര്‍ഢ്യം, സഹജീവനം, മാനവസാഹോദര്യം എന്നിവയ്ക്കായി  മതങ്ങളേകുന്ന ആഹ്വാനത്തോടും പ്രതികരിക്കുക എന്ന ആവശ്യം ലോകത്തിന് അനുഭവപ്പെടുന്ന വേളയില്‍ ആരാധനാലയം ഭിന്നിപ്പിനും വിവേചനത്തിനുമല്ല സംഭാവന ചെയ്യേണ്ടതെന്ന് സമിതി വ്യക്തമാക്കി. യു.എ.ഇയില്‍ നടത്തിയ സന്ദര്‍ശന വേളയില്‍ 2019 ഫെബ്രുവരി നാലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അബുദാബിയില്‍ വച്ച് അല്‍ അഷറിലെ വലിയ ഇമാമുമൊത്ത് ഒപ്പുവച്ച മാനവസാഹോദര്യ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് രൂപം നല്‍കിയതാണ് വിവിധ മതപ്രതിനിധികളും വിശിഷ്ട വ്യക്തികളുമടങ്ങിയ മാനവ സാഹോദര്യ സമിതി. 

ഇതിനിടെ കേരള മുസ്ലീങ്ങളുടെ ആത്മീയ നേതൃത്വം അവകാശപ്പെടുന്ന പാണക്കാട് കുടുംബാംഗമായ സാദിഖലി ശിഹാബ് തങ്ങള്‍ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ചത് പ്രതിഷേധത്തിനിടയാക്കി. മുസ്ലീങ്ങള്‍ക്കു വേണ്ടി അന്തര്‍ദേശീയ വേദികളില്‍ ശബ്ദമുയര്‍ത്തുന്ന തുര്‍ക്കി പ്രസിഡന്റിനെതിരെയും വ്യാജ സെക്യുലറിസത്തിന്റെ മറവില്‍ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലാകാലങ്ങളായി തുടരുന്ന കുത്സിത ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് സാദിഖലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ തുര്‍ക്കി പ്രസിഡന്റിനെതിരെ വലിയ പ്രതിഷേധമാണ് ഹാഗിയ സോഫിയ വിഷയത്തില്‍ ഉയര്‍ന്നിരിക്കുന്നത്. മലയാളികളും ഈ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. തുര്‍ക്കി പ്രസഡന്റ് തന്റെ ഭാര്യയോടൊപ്പം ഹാഗിയ സോഫിയ സന്ദര്‍ശിക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനു താഴെ ''ഷെയിം ഓണ്‍ യു എര്‍ദോഗാന്‍...'' എന്നാക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രവഹിക്കുന്നു. 

ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കയും ഗ്രീസും റഷ്യയും വരെ രംഗത്തു വന്നിരുന്നു. തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകരുതെന്നാണ് ഗ്രീക്കിന്റെ പ്രതികരണം. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. പ്രസിഡന്റ് എര്‍ദോഗാന്റെ തീരുമാനത്തെ യൂറോപ്യന്‍ യൂണിയനും അപലപിച്ചിരുന്നു. പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ തുര്‍ക്കിക്കാരായ ചില മുസ്ലീം പണ്ഡിതരും രംഗത്തു വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം തുര്‍ക്കി ഗവണ്‍മെന്റിന്റെ നടപടി ഗുരുതരവും അപരിഹാര്യവുമായ തെറ്റാണെന്നും അത് മറ്റു മതവിഭാഗങ്ങളെ നിന്ദിക്കുന്നതിനു തുല്യമാണെന്നും ഇസ്ലാം വിരോധം വളര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഹാഗിയ സോഫിയ എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ 'വിശുദ്ധ ജ്ഞാനത്തിന്റെ ഗേഹം (ചര്‍ച്ച് ഓഫ് ദി ഹോളി വിസ്ഡം) എന്നാണര്‍ത്ഥം. ആദ്യം ക്രിസ്ത്യന്‍ ദേവാലയം, പിന്നെ മുസ്ലീം പള്ളി, പിന്നീട് മ്യൂസിയം. ഇപ്പോഴിതാ വീണ്ടും മുസ്ലീം ആരാധനാലയം. ഹാഗിയ സോഫിയയുടെ വേഷപ്പകര്‍ച്ചകളാണിത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിലൊന്നായ ഹാഗിയ സോഫിയ തുര്‍ക്കിയിലെ വാസ്തുവിദ്യാ അത്ഭുതമാണ്. ഈസ്താംബൂളിന്റെ തലയെടുപ്പായ ആ അത്ഭുത നിര്‍മിതിയുടെ ചരിത്രമിങ്ങനെ...  

യൂറോപ്പിലും ഏഷ്യയിലേക്കുമുള്ള കവാടമായിരുന്ന ഇസ്താംബൂളില്‍ ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫിയ നിര്‍മ്മാണം തുടങ്ങിയത്. ബൈസാന്റിയന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ആണ് പള്ളി നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം എന്നതായിരുന്നു ലക്ഷ്യം. ഗ്രീസില്‍ നിന്ന് രണ്ട് ആസ്ഥാന ശില്‍പ്പികള്‍ എത്തി. ആറ് വര്‍ഷം എടുത്ത് പൂര്‍ത്തിയാ കെട്ടിടം നിര്‍മ്മിക്കാന്‍ 10,000 ജോലിക്കാരും 100 ശില്‍പ്പികളും വേണ്ടിവന്നു. എ.ഡി 537ല്‍ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയായി. നിര്‍മ്മാണത്തിലെ വൈഭവവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളും അമൂല്യമായ കല്ലുകളും കൊണ്ട് അന്ന് തന്നെ ഹാഗിയ സോഫിയ ലോക പ്രശസ്തമായിരുന്നു. പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മകുടം ഹാഗിയ സോഫിയയിലായിരുന്നു. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം റോമിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ താഴികക്കുടം പൂര്‍ത്തിയാകുന്നത് വരെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിതിയും ഇതായിരുന്നു.

ബൈസാന്റിയന്‍ സാമ്രാജ്യം 1453ല്‍ തകര്‍ന്നതോടെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം പൂര്‍ത്തിയായി. തുര്‍ക്കിയില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന് തുടക്കമായി. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. പക്ഷേ, സുല്‍ത്താന്‍ മെഹ്‌മെദ് രണ്ടാമന്‍ ഹാഗിയ സോഫിയ മാത്രം നശിപ്പിച്ചില്ല. പകരം അതൊരു മുസ്ലീം പള്ളിയാക്കാന്‍ തീരുമാനിച്ചു. പുതിയൊരു മിനാരംകൂടെ പുതുതായി നിര്‍മ്മിച്ചു. ഈ കാലഘട്ടത്തില്‍ ഹാഗിയ സോഫിയ പൂര്‍ണമായും ഒരു മാതൃ മുസ്ലീം ദേവാലയമായി മാറിക്കഴിഞ്ഞിരുന്നു. പലയിടങ്ങളിലും നിര്‍മ്മിക്കപ്പെട്ട പള്ളികള്‍ ഹാഗിയ സോഫിയയുടെ മാതൃകയിലായി. പതിയെ മൂന്ന് മിനാരങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ക്രിസ്ത്യന്‍ കലാവിരുതുകള്‍ പ്ലാസ്റ്റര്‍ ചെയ്തു മറച്ചു. കാലപ്പഴക്കം കൊണ്ട് ഭൂമികുലുക്കങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും കെട്ടിടം ഭരണാധികാരികള്‍ പുതുക്കിപ്പണിതുകൊണ്ടിരുന്നു. 17-ാം നൂറ്റാണ്ടില്‍ ഹാഗിയ സോഫിയയുടെ ഉള്‍വശം ഏതാണ്ട് പൂര്‍ണമായും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

1934ല്‍ തുര്‍ക്കി റിപ്പബ്ലിക് ആകുകയും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിയ തുര്‍ക്കി സ്ഥാപകന്‍ മുസ്തഫ കെമാല്‍ അട്ടാതുര്‍ക്ക് അധികാരം ഉപയോഗിക്കുകയും ചെയ്തപ്പോള്‍, ഹാഗിയ സോഫിയ ഒരു മ്യൂസിയമായി മാറി. ബൈസാന്റിയന്‍ കാലത്തെ കരവിരുതുകള്‍ വീണ്ടും മറനീക്കി. ആധുനിക തുര്‍ക്കി സ്വപ്നം കണ്ട തുര്‍ക്ക്, ലോകമെമ്പാടുമുള്ളവരെ ഹാഗിയ സോഫിയയിലേക്ക് ക്ഷണിച്ചു. ഈ പതിവ് തുടര്‍ന്നു. ഇന്ന് പ്രതിവര്‍ഷം 38 ലക്ഷംപേര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന മ്യൂസിയമായി ഹാഗിയ സോഫിയ. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ഉയര്‍ന്നുവന്ന അട്ടാതുര്‍ക്ക് തുര്‍ക്കിയെ ആധുനികീകരിച്ച നേതാവായിരുന്നു. ഇസ്ലാമിക ഖിലാഫത്ത് ഇല്ലാതാക്കിയും മതപഠനശാലകള്‍ അടപ്പിച്ചും ഭരിച്ച അദ്ദേഹം നിരവധി ഫാക്ടറികളും തുറന്നു. യൂറോപ്പിന് സമാനമായി തുര്‍ക്കിയെ വികസിപ്പിക്കാനുള്ള ലക്ഷ്യമായിരുന്നു അട്ടാതുര്‍ക്കിന് ഉണ്ടായിരുന്നത്. ഏറെക്കാലം ഈ മതനിരപേക്ഷത തുര്‍ക്കി പിന്തുടര്‍ന്നു.

റെസപ് തയെപ് എര്‍ദോവാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം തുര്‍ക്കിയില്‍ ഇസ്ലാം രാഷ്ട്രീയത്തിന് കൂടുതല്‍ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുകയാണ്. ഇത് ഹാഗിയ സോഫിയയിലും പ്രതിഫലിച്ചു. 2003ന് ശേഷം ഹാഗിയ സോഫിയ്ക്ക് മുന്നിലുള്ള സ്‌ക്വയറില്‍ ഇസ്ലാംമത വിശ്വാസികളുടെ പ്രാര്‍ഥനയും കൂട്ട ഖുറാന്‍ പാരായണവും വര്‍ധിച്ചിരുന്നു. 2018ല്‍ എര്‍ദോവാന്‍ തന്നെ നേരിട്ടെത്തി ഹാഗിയ സോഫിയയില്‍ ഖുറാന്‍ വായിച്ചു. 2005 മുതല്‍ തന്നെ ഹാഗിയ സോഫിയ മുസ്ലീം ദേവാലയം ആക്കണെന്ന് ആവശ്യങ്ങള്‍ പലകോണില്‍ നിന്ന് ഉയര്‍ന്ന. ഇതടക്കമുള്ള രാഷ്ട്രീയ തീരുമാനങ്ങളില്‍ എര്‍ദോവാന്‍ അനുകൂല നയമാണ് സ്വീകരിച്ചത്. പാകിസ്ഥാനും മലേഷ്യയുമായി ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഇസ്ലാമിക രാഷ്ട്രീയ ഐക്യത്തിന് എര്‍ദോവാന്‍ ശ്രമിക്കുന്നതും പിന്നീട് കണ്ടു. ഒരുതവണ അട്ടിമറിയെ അതിജീവിച്ച എര്‍ദോവാന്‍ തിരികെ ശക്തനായി എത്തിയത് തീവ്ര ഇസ്ലാമിക ആശയങ്ങളുടെ പിന്തുണയുറപ്പിച്ചാണ്.

ഹാഗിയ സോഫിയ യൂറോപ്പിലെ തീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ഒരു അഭിമാന പ്രശനം കൂടെയാണ്. 1934ല്‍ അട്ടാതുര്‍ക്ക്, ഹാഗിയ സോഫിയ മ്യൂസിയമാക്കിയ നടപടി മതപരമായ ഒത്തൊരുമയുടെ പേരില്‍ വലിയതോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭ പുതിയ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. മ്യൂസിയം എന്ന നിലയില്‍ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ഒരു രൂപമായി ഹാഗിയ സോഫിയ നിലനില്‍ക്കുമായിരുന്നു എന്നാണ് പ്രതികരണം. വിശ്വാസങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമന്വയമായി നിലനില്‍ക്കാന്‍ ഹാഗിയ സോഫിയക്ക് കഴിയുമായിരുന്നു എന്നാണ് യു.എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത്.
Join WhatsApp News
SrAncyMaryChackoAngamally 2020-07-29 12:19:47
പാവം കുറെ സത്യ കത്തോലിക്കർ; പിടിയരി, പള്ളിത്തേങ്ങ ഒക്കെ കൊടുത്തും വെന്തിങ്ങയും വെഞ്ചേരിച്ച മെഴുകുതിരിയും ഒക്കെ വാങ്ങിയ പണം മുടക്കി ഉണ്ടാക്കിയ ദീപിക പത്രം ആരും അറിയാതെ മുസ്ലീമിന് വിറ്റപ്പോൾ ധർമ്മ രോഷം എവിടെ ആയിരുന്നു. പാവം കുഞ്ഞാടുകൾ അറിഞ്ഞപ്പോൾ; പത്രം തിരികെ വാങ്ങാൻ പണം പിരിക്കണം എന്ന് പറഞ്ഞവർ ആണ് ഇപ്പോൾ ഹഗ്ഗിയ സോഫിയയുടെ പേരിൽ മുതല കണ്ണുനീർ പൊഴിക്കുന്നത്. മലങ്കര നസ്രാണികളുടെ പള്ളികൾ മെനസിസ് മെത്രാൻ പിടിച്ചെടുത്തതും മറക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക