Image

ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദം: സമൂഹമാധ്യമത്തില്‍ മാപ്പു പറഞ്ഞ്‌ നടിഅഹാന കൃഷ്‌ണ

Published on 28 July, 2020
ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദം: സമൂഹമാധ്യമത്തില്‍ മാപ്പു പറഞ്ഞ്‌ നടിഅഹാന കൃഷ്‌ണ

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരാളെ കുറ്റക്കാരനായി അവതരിപ്പിച്ചതിന്‌ വിമര്‍ശനം നേരിടേണ്ടി വന്ന നടിഅഹാനകൃഷ്‌ണ അക്കാര്യത്തില്‍ മാപ്പു ചോദിച്ച്‌ രംഗത്ത്‌. ആ വ്യക്തിയെ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല പോസ്റ്റിട്ടതെന്നും തന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളതെന്നും അഹാന സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ പറയുന്നു.

അഹാനയുടെ കുറിപ്പ്‌ വായിക്കാം:-
ഒരുപാട്‌ വര്‍ഷങ്ങളായി നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്‌ ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങള്‍ക്ക്‌ അത്രയേറെ പ്രിയപ്പെട്ടവരാണ്‌. ഞാന്‍ പോസ്റ്റ്‌ ചെയ്‌ത ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പേരില്‍ ഒട്ടനവധി മെസേജുകളാണ്‌ എനിക്ക്‌ ഓരോ ദിവസവും വന്നു കൊണ്ടിരുന്നത്‌. അതില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത്‌ ആ സ്റ്റോറിയില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോടും അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഒരു വിശദീകരണം വേണം എന്നു പറഞ്ഞു കൊണ്ടുള്ളതായിരുന്നു.

ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ചുറ്റിനും കുറേ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം പ്രോസസ്‌ ചെയ്‌തെടുക്കാന്‍ എനിക്കല്‍പ്പം സാവകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ചിത്രീകരിക്കുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ കമന്റിട്ട ആ വ്യക്തിയുടെ കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ്‌ ആ ഭാഗം ഞാന്‍ സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്‌.

മുകളില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയെ വേദനിപ്പിക്കാനോ തെറ്റുകാരമായി ചിത്രീകരിക്കാനോ ആയിരുന്നില്ല എന്റെ ഉദ്ദേശം. മറിച്ച്‌ അദ്ദേഹത്തിന്റെ കമന്റിന്‌ മറുപടി കൊടുക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശം. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശ ശുദ്ധി തെളിയിക്കുക എന്നതിനപ്പുറം പ്രാധാന്യം, എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസിലാക്കുന്നു.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്‌സ്‌ ലിസ്റ്റിലുള്ള ഓരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്‌. വില മതിക്കാനാകാത്ത സമ്പാദ്യമാണ്‌. നിങ്ങളുമായി ബന്ധപ്പെട്ടുള്ള ഓരോ മൈല്‍സ്റ്റോണും നമ്മള്‍ ഒരുമിച്ചാണ്‌ ആഘോഷിച്ചിട്ടുള്ളത്‌. നാളിതു വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും കരുതലുമാണ്‌ എന്നെ വഴി നടത്തിയത്‌. അതിനൊട്ടും കുറവ്‌ വന്നിട്ടില്ലെന്നും അതിനൊട്ടും കുറവ്‌ വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുളള പ്രതീക്ഷയോടെ,
നിങ്ങളുടെ സ്വന്തം
അഹാന കൃഷ്‌ണ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക