Image

സാന്ത്വനം (ആറ്റുമാലി)

Published on 01 August, 2020
സാന്ത്വനം (ആറ്റുമാലി)
ആ ചിത്രം എന്നില്‍ കൗതുകം ഉണര്‍ത്തി
എത്ര നേരമെങ്കിലും അതില്‍ നോക്കിയിരിക്കാന്‍
എനിക്ക് ഇഷ്ടം തോന്നി.
മനസ്സില്‍ തളംകെട്ടിയ വിഷാദം
മുഴുവനായും ഒഴിഞ്ഞുപോയതുപോലെ.
ഹൃദയത്തില്‍ സുഖമുള്ള ഒരു കുളിര്‍മ.

വശ്യസുന്ദരമായ പ്രകൃതി ദൃശ്യം
ആവാഹിച്ചൊരുക്കിയ മനോജ്ഞ ചിത്രം.
മേലേ ശുഭ്രമായ നീലീകാശം
അവിടവിടെ പതഞ്ഞു പടരുന്ന വെള്ളിമേഘങ്ങള്‍.
ആകാശത്തു ചവിട്ടുപടിയെന്നോണം
നീളെ നീളെ മലനിരകള്‍.
മേഘങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍
താഴെ മരക്കൂട്ടങ്ങളുടെ പച്ചപ്പ്.
ചന്തത്തില്‍ ചിറകടിച്ചകലുന്ന പക്ഷികള്‍.
ചാടി ഓടുന്ന അണ്ണാര്‍ക്കണ്ണന്മാര്‍.
എന്തിനോവേണ്ടി ചുറ്റിത്തിരിയുന്ന കഞ്ഞാറ്റകള്‍.
പാറക്കൂട്ടങ്ങളേയും കാട്ടുവള്ളികളെയും
മുട്ടിയുരുമി ചുണ്ടിലൊരു പാട്ടുമായി
കുന്നിറങ്ങുന്ന അരുവിക്കുരുന്ന്
ഓരത്ത് മേയുന്ന മാന്‍പേടകള്‍.
തളിരിലകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വെച്ച്
വന്നുപോകുന്ന കുഞ്ഞുകാറ്റ്.
എനിക്കും ചെറു ചൂടു പകര്‍ന്ന്
ചിത്രത്തില്‍ പടരുന്ന മഞ്ഞവെയില്‍.

ചിത്രമിനിയും പൂര്‍ണ്ണമായിട്ടില്ല.
രണ്ടു വൃദ്ധ ദമ്പതികള്‍ ഇപ്പോഴും
വരച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ തങ്ങളുടെ ജീവിതം തന്നെ
വരയ്ക്കുകയാണെന്ന് അവകാശപ്പെടുന്നു!

കണ്ണടച്ച് തുറക്കുമ്പോള്‍ ചിത്രമവിടെയില്ല!
ചിത്രം വരയ്ക്കുന്നവരും അവിടെയില്ല.
അങ്ങനെ ഒരു ചിത്രമില്ലെന്നും അതു വരയ്ക്കുന്ന
ആരെയും കണ്ടില്ലെന്നും നിങ്ങള്‍ പറഞ്ഞേക്കാം.
എനിക്കത് വിശ്വസിക്കാനാവില്ലല്ലോ!
ഹൃദയഭിത്തികളില്‍ പതിഞ്ഞ ആ ചിത്രം
കാട്ടിത്തരാന്‍ എനിക്ക് കഴിയും.
നൊമ്പരങ്ങളുടെ കാര്‍മേഘപടലങ്ങള്‍
ഹൃദയ വിഹായസ്സില്‍ തിങ്ങി നിറയുന്ന
കര്‍ക്കിടകത്തിലെ അമാവാസിയില്‍,
പെയ്‌തൊഴിയുന്ന ഒരു സാന്ത്വനമായി
ആ ചിത്രം പുനര്‍ജ്ജനിക്കില്ലേ?




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക