Image

കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്കായി ഉടനെന്ന്‌ റഷ്യ

Published on 01 August, 2020
കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്കായി ഉടനെന്ന്‌ റഷ്യ
മോസ്‌കോ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്കായി ഉടന്‍ പുറത്തിറക്കുമെന്ന അവകാശവാദത്തിന് പിന്നാലെ ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ നടത്തുമെന്നും അറിയിച്ചിരിക്കുകയാണ് റഷ്യ. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍െറ ക്ലിനിക്കല്‍ പരീക്ഷണഘട്ടം പൂര്‍ത്തിയായെന്നും ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ കാമ്പെയിന്‍ നടത്തുമെന്നും ആരോഗ്യമന്ത്രി മിഖായില്‍ മുറഷ്‌കോയാണ് അറിയിച്ചത് .

'മോസ്‌കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് കോവിഡ് 19 പ്രതിരോധ വാക്‌സിന്‍െറ ക്ലിനിക്കല്‍ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മിഖായേല്‍ മുറഷ്‌കോ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോയിറ്റേഴ്‌സിന്‍െറ റിപ്പോര്‍ട്ടില്‍ റഷ്യയുടെ ആദ്യത്തെ വാക്‌സിന്‍ ഈ മാസം തന്നെ അധികൃതര്‍ അംഗീകരിച്ചേക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ പെട്ടന്നുള്ള റഷ്യയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘റഷ്യയും ചൈനയും വിദഗ്ധരുടെ ഉപദേശം തേടുന്നതിന് മുമ്പായി കോവിഡ് വാക്‌സിന്‍ പരീക്ഷിക്കുകയാണെന്ന് പ്രമുഖ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്തണി ഫൗസി ആരോപിച്ചിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ അമേരിക്ക ഈ വര്‍ഷം അവസാനത്തേക്കെങ്കിലും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക