Image

നയാഗ്രയില്‍ ഫോമാ കണ്‍വന്‍ഷന്‍; താന്‍ ആരുടെയും ബിനാമിയല്ല; കാനഡയെ അവഗണിക്കരുത്: ഡോ. തോമസ് കെ തോമസ്

Published on 02 August, 2020
നയാഗ്രയില്‍ ഫോമാ കണ്‍വന്‍ഷന്‍; താന്‍ ആരുടെയും ബിനാമിയല്ല; കാനഡയെ അവഗണിക്കരുത്: ഡോ. തോമസ് കെ തോമസ്
അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന ഡോ. തോമസ് കെ. തോമസ് ഫോമാ പ്രസിഡന്റായി മല്‍സരിക്കുന്നു. കാനഡയിലെ മുഖ്യധാരാ സമൂഹത്തിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഇലക്ഷനില്‍ മല്‍സരിക്കാനുള്ള കാരണങ്ങളും വിജയിച്ചാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളും പങ്കു വയ്ക്കുന്നു. രണ്ടു തവണമല്‍സര രംഗത്തു നിന്ന് താന്‍ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. സംഘടനയുടെ നന്മ മാത്രമാണു നോക്കിയത്. ഇത്തവണയെങ്കിലും കാനഡയില്‍ കണ്വന്‍ഷന്‍ വരണം.

കൊറോണ നിങ്ങളുടെ നഗരത്തില്‍ ശക്തമാണോ? നിങ്ങളും കുടുംബവും സുരക്ഷിതര്‍ എന്ന് പ്രതീക്ഷിക്കുന്നു. എന്ത് മുന്‍ കരുതലുകളാണ് എടുക്കുന്നത്?

കാനഡയില്‍ പ്രത്യേകിച്ച് ഞാന്‍ വസിക്കുന്ന ഒന്റാരിയോവില്‍ കൊറോണായെ പ്രതിരോധിക്കുന്നതില്‍ ഞങ്ങള്‍ ബഹുദൂരം മുന്‍പന്തിയിലാണ്. അടുത്ത മഞ്ഞുകാലം തുടങ്ങുന്നതിന് മുന്‍പായി കൊറോണായെ പൂര്‍ണ്ണമായും തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മാസ്‌ക്കും എല്ലായിടത്തും തന്നെ ഇപ്പോള്‍ നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ അമേരിക്കയുമായുള്ള ബോര്‍ഡര്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അമേരിക്കയും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിക്കാനും കാനഡ-അമേരിക്ക ബോര്‍ഡര്‍ തുറക്കപ്പെടാനും ഇടയാകുമെന്നും പ്രത്യാശിക്കുന്നു.

2) ഇലക്ഷന്‍ പ്രചാരണം എങ്ങനെ നടക്കുന്നു?

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഓണ്‍ലൈനിലൂടെയും ഫോണിലൂടെയുമാണ് പ്രധാനമായും ഡെലിഗേറ്റസുമായി ബന്ധപ്പെടുന്നത്. ബന്ധപ്പെട്ടവരില്‍നിന്നെല്ലാം ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്രങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. അമേരിക്കയിലും കാനഡായിലുമുള്ള നിരവധി ആളുകളുമായി ദിവസേന ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. 2022 ഫോമാ കണ്‍വെന്‍ഷനുവേണ്ടി വെബ്സൈറ്റ് വരെ പബ്ലിഷ് ചെയ്തു കഴിഞ്ഞു. ഞാന്‍ നൂറു ശതമാനം ശുഭാപ്തിവിശ്വാസത്തിലാണ് .

3. മത്സരിക്കുവാന്‍ കാരണമെന്ത്? താങ്കള്‍ ആരുടെയോ ബിനാമി ആണെന്ന് പറയുന്നു. അതില്‍ എത്ര സത്യമുണ്ട്

ആരുടെയെങ്കിലും ബിനാമിയായിട്ടോ, അവസാനം നോമിനേഷന്‍ പിന്‍വലിക്കാനോ, തമാശിനോ വേണ്ടിയല്ല ഞാന്‍ മത്സരിക്കുന്നത്. നിരവധി ആളുകളുടെ അഭ്യര്‍ത്ഥനകളുടെയും, പിന്തുണയുടെയും ആഗ്രഹത്തിന്റെയും പിന്‍ബലത്തില്‍ വ്യക്തമായ ധാരണയും കാഴ്ചപ്പാടോടും കൂടിയാണ് ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കാനഡയുള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പ്രാദേശികമായി തുല്യനീതി പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ വിസ്തീര്‍ണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയന്‍ മലയാളികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അതിനാല്‍, അമേരിക്കയില്‍ നിന്നും ആരെങ്കിലും പ്രസിഡണ്ടാകാന്‍ മുന്നോട്ടു വരുന്നുണ്ടെങ്കില്‍ ഇത്തവണ കാനഡക്കാര്‍ക്കായി മാറിത്തരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഞാന്‍ ഏകപക്ഷീയമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്.

4) ഏതെങ്കിലും പാനലില്‍ അംഗമാണോ? പാനല്‍ നല്ലതാണോ?

ഞാന്‍ ഏതെങ്കിലും ഒരു പാനലിലല്ല ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ ഒരേ മനസ്സുള്ളവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജയിച്ചു കഴിഞ്ഞു ഒരു പാനലായി പ്രവര്‍ത്തിക്കുന്നതിനോടാണ് കൂടുതല്‍ താല്പര്യം. പാനലിലായാലും അല്ലെങ്കിലും എങ്ങനെയും അടുത്ത കണ്‍വെന്‍ഷന്‍ കാനഡയില്‍ നടത്തണം എന്ന് മാത്രമാണ് ഏക ലക്ഷ്യം. അതിനായി ആരുമായും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറുമാണ്.

5) മുന്‍കാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ? നാട്ടിലും ഇവിടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ

കനേഡിയന്‍ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (സി .സി. എസ് .ടി .എ) ഒന്റാരിയോ പ്രോവിന്‍സ് ഡയറക്ടര്‍, ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (ഓ .സി .എസ് .ടി .എ) റീജിയണല്‍ ഡയറക്ടര്‍, ഡെഫറിന്‍ -പീല്‍ കാത്തോലിക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് വൈസ്-ചെയര്‍ തുടങ്ങിയ ഒട്ടേറെ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ഞാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് തവണ ഒരേ വാര്‍ഡില്‍ നിന്നും സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിസ്സിസ്സാഗാ ലൈബ്രറി ബോര്‍ഡ്, പീല്‍ റീജിയണ്‍ ട്രാഫിക് ആന്‍ഡ് സേഫ്റ്റി ക്ണ്‍സില്‍, തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങളില്‍ എനിക്ക് പ്രവര്‍ത്തന പരിചയമുണ്ട്. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്റോ കണ്‍വെന്‍ഷന്‍ നടത്തിയ അന്നത്തെ പ്രസിഡണ്ടായിരുന്നു ഞാന്‍.

നാല് തവണ ടൊറോണ്ടോ മലയാളി സമാജം ട്രഷറാര്‍, നിരവധി തവണ കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, മലയാളം കാത്തലിക്ക് പാരിഷ് കൗണ്‍സില്‍ മെമ്പര്‍, മുന്‍ ഫൊക്കാന പ്രസിഡണ്ട്, നിരവധി തവണ, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡണ്ട്, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ നിലകളില്‍ മലയാളികളുടെ ഇടയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടില്‍ , ചെറുപ്പകാലം മുതല്‍ കേരളാ കോണ്‍ഗ്രസ് അംഗമായി കെ.എസ് .സി - യൂത്ത് വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

6) ഫോമായില്‍ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്? ജയിച്ചു കഴിഞ്ഞാലുള്ള പ്രവര്‍ത്തനങ്ങള്‍?

2022 -ല്‍ നയാഗ്രാ ഫാള്‍സില്‍ ഫോമാ കണ്‍വെന്‍ഷന്‍ നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഫോമായുടെ ചരിത്രത്തിലെ എല്ലാംകൊണ്ടും ഏറ്റവും വലിയ കണ്‍വെന്‍ഷനായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാനഡയോട് ചേര്‍ന്ന് കിടക്കുന്ന അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിന്ന് ഡ്രൈവ് ചെയ്തു വരാനുള്ള ദൂരമേയുള്ളൂ. മാത്രമല്ല, അമേരിക്കയിലെ ഏതു സ്റ്റേറ്റില്‍ വെച്ച് നടത്തുന്നതിലും കുറഞ്ഞ ചെലവില്‍ നയാഗ്രയില്‍ കണ്‍വെന്‍ഷന്‍ നടത്താനാവും.

കേരളത്തില്‍ നിന്നും രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെയും കലാ - സാഹിത്യ രംഗത്തെ പ്രമുഖരെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ വിസ തയ്യാറാക്കുന്നതുള്‍പ്പെടെ ഗവണ്മെന്റ് തല പിന്തുണ ഇപ്പോഴത്തെ സാഹചര്യത്തില്‍ കിട്ടാന്‍ എളുപ്പമാണ്.

അമേരിക്കന്‍ മലയാളികള്‍ക്ക് ഈ കണ്‍വെന്‍ഷന്‍ ഒരു രാജ്യാന്തര ടൂറിനും കനേഡിയന്‍ കാഴ്ചകള്‍ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാല്‍ കൂടുതല്‍ അംഗങ്ങള്‍ അമേരിക്കയില്‍ നിന്ന് തന്നെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കണ്‍വെന്‍ഷന്‍ നടത്താനുള്ള അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റുകളുടെ പിന്തുണ, കലാ സാംസ്‌കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടല്‍-സുഖ സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

കാനഡയിലെ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ തലങ്ങളിലുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യം ഫോമാ കണ്‍വെന്‍ഷനില്‍ ഉറപ്പിക്കാന്‍ ഞങ്ങള്‍ക്കാകും.

ഫോമായുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും സംഘടനയെ പരിപോഷിപ്പിക്കുന്നതിനും ഒട്ടനവധി പ്ലാനുകളും പദ്ധതികളും എന്റെ മനസ്സിലുണ്ട്. കാനഡായിലെയും അമേരിക്കയിലെയും യുവതലമുറക്ക് കൂടുതല്‍ പങ്കാളിത്തം കൊടുത്തുകൊണ്ടാവും പരിപാടികള്‍ സംഘടിപ്പിക്കുക. സ്ത്രീകളെയും മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. കേരളത്തിന്റെ സാമൂഹ്യ -സാംസ്‌കാരിക -കുടുംബ മൂല്യങ്ങള്‍ കൈമോശം വരാതെ വരുംതലമുറയ്ക്ക് കൈമാറാനും പരിപോഷിപ്പിക്കാനുമാവും ഞാന്‍ ഫോമായിലൂടെ പ്രധാനമായും ശ്രമിക്കുക.

ദിനം പ്രതി നൂറുകണക്കിന് മലയാളികള്‍ കുടിയേറിക്കൊണ്ടിരിക്കുന്ന കാനഡയില്‍ മലയാളി സംഘടനകളുടെ എണ്ണവും വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഇപ്പോള്‍ ഫോമാ നന്നായി കരുക്കള്‍ നീക്കി, കാനഡായിലൊരു കണ്‍വെന്‍ഷന്‍ നടത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളി സംഘടനകളും ഫോമായോടൊപ്പം ചേരാന്‍ തയ്യാറാകും .എന്നാല്‍, ഫോമായില്‍ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ നിലവിലുള്ളവര്‍ കൂടി മറുകണ്ടം ചാടാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഫോമായുടെ വളര്‍ച്ചയും അംഗബലവുമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ ഫോമാ കണ്‍വെന്‍ഷന്‍ നയാഗ്രയില്‍ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും പിന്തുണക്കണമെന്നും ഫോമായുടെ അമരത്തേക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരിയും ഇപ്പോഴത്തെ ഫോമായുടെ കാനഡാ റീജിയണല്‍ പ്രസിഡണ്ടുമായ എന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. കാനഡായിലെയും അമേരിക്കയിലെയും ഭൂരിപക്ഷം മലയാളികളും പിന്തുണച്ചാല്‍ ഫോമാ 2022 -ലെ പ്രസിഡണ്ടാകാനും ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഒരു കണ്‍വെന്‍ഷന്‍ നയാഗ്രയില്‍ നടത്താനും എനിക്ക് സന്തോഷമേയുള്ളൂ.
എന്നെ ബന്ധപ്പെടുവാന്‍ ഇ-മെയില്‍   tomktom@hotmail.com  അല്ലെങ്കില്‍ 416.845.8225 വിളിക്കുക
Join WhatsApp News
2020-08-02 10:22:48
ഡെലിഗേറ്റ്‌സിന്റെ ബർത്തഡേ, വിവാഹ വാർഷികം, ചാക്കാല, ചാണകം ഉപയോഗിക്കുന്ന കൃഷിപാഠം, സായാഹ്നങ്ങളിലെ തപ്പും തുടിയും, നൃത്തസംഗീതം മുതലായവ ഉൾപ്പെടുത്തിയ ZOOM മീറ്റിങ്ങുകൾ സംഘടിപ്പിക്കൂ. ഒന്നും ചെയ്യാതെ പത്ത് വാർത്തകളും വെറുതെ കൊടുക്കൂ. അതാണ് ട്രൻഡ്.
2020-08-02 11:18:09
തോമാച്ചാ ധൈയ്യര്യമായിട്ട് മുന്നോട്ട് പോകു, എൻ്റെ വോട്ട് തോമാച്ചനു മാത്രം. ക്യാനഡയെ നമ്മൾ അവഗണിക്കരുത് സുഹൃത്തുക്കളെ, ഒരപേക്ഷയാണ്.
2020-08-02 15:12:16
ഒരു പിടി അങ്ങ് പിടി താങ്കൾ വിജയക്കൊടി പറപ്പിക്കും . നയാഗ്ര കോൺവെൻഷനിൽ കടിപിടി കൂടുന്ന പ്രൈവറ്റ് ലിമിറ്റഡ് ഫൊക്കാനാ ഗ്രൂപ്പിനും . ഫൊക്കാന റിയൽ ഒറിജിനൽ ഗ്രൂപ്പിനും ഓരോ സ്റ്റാൾ, ബൂത്ത് ഇടാൻ നയാഗ്ര ഫോമാക്കാർ അനുമതി കൊടുക്കണം. അവരവിടെവന്നു പുര പാട്ടോ , വില്ലടിച്ചാണ് പാട്ടോ ലക്കിടി കുമ്മിയടി ഡാൻസോ , സൂം ..സൂം പോക്കലോ ചൊരിയലോ നടത്തട്ടെ. അല്ലെങ്കിൽ ഫോമാ ഫൊക്കാന സംയുക്തമായി വല്ല കമ്മിറ്റക്കാരുടെ കല്യാണ കേട്ടോ, ബർത്ത് ഡയോ നിയാഗ്രാ കപ്പൽ കൺവെൻഷൻ നല്ല ഹോട് സ്റ്റഫ് കുടിച്ചു ആഘോഷമാക്കാം . ഹായ്.. ഹായ്.. കുമ്മിയടി .. കൊച്ചുപെണ്ണേ .. കുയിലാളെ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക