Image

കോവിഡിന് ശേഷമുള്ള ആദ്യ സിനിമ, ഖാലിദ് റഹ്മാന്‍ ചിത്രം 'ലവ്' ഓണ്‍ലൈന്‍ റിലീസിന്

Published on 04 August, 2020
കോവിഡിന് ശേഷമുള്ള ആദ്യ സിനിമ, ഖാലിദ് റഹ്മാന്‍ ചിത്രം 'ലവ്' ഓണ്‍ലൈന്‍ റിലീസിന്

'ഉണ്ട' എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം, ഷൈന്‍ ടോം ചാക്കോ, രെജിഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ഖാലിദ് റഹ്മാന്‍ ഒരുക്കിയ ചിത്രത്തിന് 'ലവ്' എന്ന പേരിട്ടു. 'അഞ്ചാം പാതിരാ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതോടൊപ്പം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


കൊറോണ ലോക്ക്ഡൗണിന് ശേഷം, കഴിഞ്ഞ നാല് മാസമായ് നിര്‍ത്തിവെക്കേണ്ടി വന്ന സിനിമയുടെ പ്രൊഡക്ഷന്‍ ജോലികളും, 50 പേരില്‍ കൂടാതെയുള്ള ചിത്രീകരണവുമെല്ലാം തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ, സര്‍ക്കാരിന്‍്റെ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കേവലം 23 ദിവസം കൊണ്ടാണ് ചിത്രത്തിന്‍്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് ആരംഭിച്ച്‌ പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന 'ലവ്' എന്ന ചിത്രത്തിന് ആശംസകളുമായി നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും രംഗത്തെത്തി. എറണാകുളത്തെ ഒരു ഫ്ലാറ്റില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരായ 30 പേര്‍ താമസിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.


ധാരാളം സിനിമകള്‍ ലോക്ക്ഡൗണ്‍ കാരണം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകളുടെ ചിത്രീകരണം വിലക്കിക്കൊണ്ട് ഫിലിം ചേംബര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തന്‍്റെ പുതിയ ചിത്രം തിയേറ്റര്‍ റിലീസ് അല്ല, മറിച്ച്‌ നേരിട്ട് ഓണ്‍ലൈന്‍ റിലീസിന് വേണ്ടിട്ടുള്ളതാണെന്ന് നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി ലഭിച്ചത്.


സംവിധായകന്‍ ഖാലിദ് റഹ്മാന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഖാലിദ് റഹ്മാന്‍്റെ സഹോദരന്‍ കൂടിയായ ജിംഷി ഖാലിദാണ്. നേഹ നായരും, എക്സന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക