Image

സ്വദേശിവത്കരണം: കുവൈറ്റില്‍ സബ് കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ പിരിച്ചുവിടും

Published on 04 August, 2020
 സ്വദേശിവത്കരണം: കുവൈറ്റില്‍ സബ് കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ പിരിച്ചുവിടും

കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതമാക്കുന്നതിന്റെ ഭാഗമായി വിവിധ ര്‍ മന്ത്രാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ ജോലിക്കാരെ പിരിച്ചുവിടുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതനുസരിച്ച് വരുന്ന മൂന്നു മാസത്തിനുള്ളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനം ജീവനക്കാരെ ഒഴിവാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടം ഘട്ടമായിരിക്കും പിരിച്ചുവിടുക. നേരത്തെ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന മിക്ക വിദേശി തൊഴിലാളികളെയും സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സബ് കോണ്‍ട്രാക്ടര്‍മാരായ കമ്പനികളിലേക്ക് മാറ്റിയിരുന്നു. അവരെയാണ് ഇപ്പോള്‍ ജോലികളില്‍ നിന്നും നീക്കം ചെയ്യുന്നതെന്ന് പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി തലവന്‍ എം.പി. ഖലീല്‍ അല്‍ സലേഹ് പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതിനും ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ദേശീയ അസംബ്ലിയില്‍ സമര്‍പ്പിക്കുന്നതിനായും അടുത്ത ആഴ്ച മീറ്റിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് വിഷയത്തില്‍ ഗൗരവമായി ഇടപെടാനും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സിവില്‍ സര്‍വീസസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്നും ഖലീല്‍ അല്‍ സലേഹ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക