Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തിമൂന്നാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 07 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപത്തിമൂന്നാം ദിനം സംഗ്രഹം (ദുർഗ മനോജ്)

യുദ്ധകാണ്ഡം ഇരുപത്താറു മുതൽ നാൽപ്പത്തിരണ്ടു വരെ സർഗം

വിഭീഷണനും എത്തിയതോടെ രാമ ലക്ഷ്മണൻമാരിൽ പുതിയൊരു ഊർജ്ജം രൂപം കൊണ്ടു. സേനാ നീക്കങ്ങൾക്കു വേണ്ട തയ്യാറെടുപ്പു തകൃതിയായി. ഈ സമയം രാവണൻ അയച്ച ശുകനും സാരണനും പക്ഷി രൂപം ധരിച്ചു രാമൻറ പട എത്രത്തോളമെന്നു വിലയിരുത്താൻ കടന്നു വന്നു. അവരെ വിഭീഷണൻ കണ്ടെത്തി പിടികൂടി. മറ്റു വാനരന്മാർ അവരെ ഉപദ്രവിക്കാൻ തുടങ്ങും മുൻപ് രാമൻ അവരെ സ്വതന്ത്രരാക്കി. പിന്നെ, അവർ രാമ പടയുടെ ഒരുക്കങ്ങൾ കൃത്യമായി അറിയിക്കുവാൻ ലങ്കയിലേക്കു പോയി. അവിടെ എത്തിയ അവർ രാമനോടു സന്ധി ചെയ്യുന്നതാണു നല്ലതെന്നും ഒരു യുദ്ധത്തിനൊരുങ്ങാതിരിക്കുക എന്നും രാവണനോടു പറഞ്ഞു.
എന്നാൽ ദുർബുദ്ധിയിൽ നല്ലതു തെളിയുമോ? അവൻ സീതയെ വിട്ടുക്കെടുക്കില്ലെന്നു തന്നെ നിശ്ചയിച്ചു.

ശുകസാരണന്മാർ വാനരപടയിലെ ഓരോരുത്തരേയും രാവണനു വ്യക്തമാക്കിക്കൊടുത്തു. അക്ഷോഭ്യനായ രാമനെ നേരിടുക എളുപ്പമല്ല എന്നും ഉപദേശിച്ചു.ഒപ്പം വൻ പാറകൾ കൊണ്ടു സേതുബന്ധനം നടത്തുകയാണെന്നും നിമിഷം കൊണ്ടു അവർ ലങ്കയിൽ കടക്കുമെന്നും അറിയിച്ചു.
എല്ലാം കേട്ട രാവണൻ മന്ത്രിമാര വിളിച്ചു കൂട്ടാൻ പറഞ്ഞിട്ട്, വിദ്യുത് ജിഹ്വൻ എന്നു പേരുള്ള ഒരു മായാവി രാഷസനേയും കൂട്ടി സീതയുടെ മുന്നിലെത്തി. എന്നിട്ട് രാമനും വാനരൻമാരും പടയുമായി എത്തി എന്നും. പക്ഷേ കടൽ താണ്ടി അവശരായ അവരെ വധിക്കുവാൻ വലിയ പ്രയാസം നേരിട്ടില്ലെന്നും. വളരെ എളുപ്പത്തിൽ രാമനെ വധിച്ചുവെന്നും സീതയോടു കള്ളം. പറഞ്ഞു. ഒപ്പം വിദ്യുത് ജിഹ്വൻ മായയാൽ  രാമ ശിരസ്സ് കാട്ടിക്കൊടുത്തു. അതു കണ്ടു സീത തളർന്നു നിലത്തു വീണു.അവളുടെ ഹൃദയം നുറുങ്ങിയ വിലാപം അവിടെ ഉയർന്നുപൊങ്ങി. ഓരോരോ സംഭവങ്ങൾ എണ്ണിപ്പറഞ്ഞു ബോധംകെട്ടു കരയുന്ന സീതയുടെ അടുത്തേക്കു സരമ എന്ന രാക്ഷസി കടന്നു വന്നു.അവൾ സീതയെ സമാശ്വസിപ്പിച്ചു രാമൻ കൊല്ലപ്പെട്ടിട്ടില്ല എന്നും അതുമായക്കാഴ്ചയാണെന്നും ധരിപ്പിച്ചു.അന്നേരം ഭേരി ശംഖനാദങ്ങളിടകലർന്നു സർവ്വ സേനകളുടേയും കോലാഹലം ഊഴിയെ വിറപ്പിക്കുമാറു കേൾക്കാറായി. വാനരസേനകളുടെ ആ നാദം കേട്ടു ലങ്കാ വാസികൾ ഓജസ്സറ്റവരായി.

പോരിനൊരുങ്ങുക എന്ന രാവണനിർദ്ദേശം കേട്ടു മാതാമഹനായ മാല്യവാൻ രാവണനെ ഉപഭേശിച്ചു. യുദ്ധത്തിൽ നിന്നും പിന്തിരിയുവാൻ. അതു രാവണനു സഹിച്ചില്ല. ആ ഉപദേശവും ക്രോധം കൊണ്ടവൻ സ്വീകരിച്ചില്ല.
ഈ സമയം വാനരന്മാർ ലങ്കാനഗരിക്കു പുറത്തുള്ള ചെറുകുന്നുകളിൽ കയറിയ ലങ്കാ വീക്ഷണം നടത്തി.
പിന്നെ രാമൻ രണ്ടു യോജന വലുപ്പമുള്ള സുവേല ശിരസ്സിൽ വാനരനായകരാൽ ചുഴ പ്പെട്ട് സുഗ്രീവനോടൊത്തു ആരോഹണം ചെയ്തു. അവിടെ നിന്നും സുഗ്രീവൻ കലി മൂത്ത് കരുത്തോടും നെഞ്ചുറപ്പോടും കൂടി ഗോപുരത്തിലേക്ക് എടുത്തു ചാടി. ഈ സമയം രാവണനും സുഗ്രീവനെതിരെ പോരാടാൻ ഒരുങ്ങി.
യുദ്ധം കനത്തു. കൊല്ലാനായി തമ്മിലേറ്റിടഞ്ഞ്, നേരിട്ടു തല്ലൽ ഒഴിഞ്ഞോടൽ, ചാടൽ, കൈയ് നീട്ടൽ, അങ്ങനെ പോരു നീണ്ടു. ഒടുവിൽ സുഗ്രീവൻ പോരിൽ രാവണനെ തളർത്തി. തിരികെ രാമസവിധത്തിലെത്തി.

സുഗ്രീവനോടു രാമൻ എടുത്തു ചാടിയതെന്തിന്? നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? പിന്നെ എല്ലാവരും ഒത്തുചേർന്നാലോചിച്ചു ലങ്കാ നിരോധത്തിനൊരുങ്ങി. വാനരന്മാരാൽ ലങ്ക വളയപ്പെട്ടതോടെ രാക്ഷസൻമാരും യുദ്ധ സന്നാഹത്തോടെ പുറപ്പെട്ടു വന്നു.അങ്ങനെ യുദ്ധാരംഭമായി.

വീരശൂര പരാക്രമികളെന്നു ഖ്യാതി നേടിയ രാക്ഷസന്മാരെ നേരിടാൻ വാനരപ്പട. വലിയ വർ എന്നു ചിന്തിക്കുന്നവരുടെ പരാജയം തൊട്ടടുത്തെത്തിയിരിക്കുന്നു.

ഇരുപത്തിമൂന്നാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക