Image

നെഹ്‌റു ട്രോഫിയില്ല; ഓര്‍മകളിലൊതുങ്ങി നാട്ടിലെ ജലമേളകള്‍ (ശ്രീനി)

Published on 07 August, 2020
നെഹ്‌റു ട്രോഫിയില്ല; ഓര്‍മകളിലൊതുങ്ങി നാട്ടിലെ ജലമേളകള്‍ (ശ്രീനി)
കോവിഡിന്റെ ഭീഷണി, കുട്ടനാടന്‍ ജലപൂരമായ നെഹ്‌റു ട്രോഫിയെയും ബാധിച്ചു. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആ വിഖ്യാത ജലോല്‍സവത്തിന് പതിവുതെറ്റാതെ ട്രാക്ക് ഒരുങ്ങിയിരുന്നു. എന്നാല്‍ ഇക്കൊല്ലത്തെ നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവച്ചുവെന്ന വാര്‍ത്ത ജലമേള പ്രേമികളെ നിരാശരാക്കി. പുന്നമടക്കായലിന്റെ  ജലപ്പരപ്പില്‍ കുട്ടനാടന്‍ മെയ്ക്കരുത്ത്, ജലപൂരം നടത്തുന്ന അപൂര്‍വ കാഴ്ചയുടെ ഓര്‍മകള്‍ അയവിറക്കുകയാണേവരും. കൊറോണ വൈറസ് വ്യാപനമില്ലാതായി ഏഷ്യയിലെ ഈ ഏറ്റവും വലിയ ജലമാമാങ്കം ഇനിയെന്ന് നടക്കുമെന്ന് പറയുക പ്രയാസം. വള്ളംകളികള്‍ക്കെല്ലാം ഈ വര്‍ഷം അവധി തന്നെ. എങ്കിലും കേരളീയര്‍ക്ക്, പത്യേകിച്ച് കുട്ടനാട്ടുകാരുടെ ആവേശമായ ജലമേളകളെയൊന്ന് ഓര്‍ത്തെടുക്കാം...ഒപ്പം വള്ളംകളിയുടെ ചരിത്രപ്പഴമയുമറിയാം...

ചമ്പക്കുളം മൂലം വള്ളം കളി മുതലാണ് വള്ളം കളിയുടെ സീസണ്‍ ആരംഭിക്കുന്നത്. അതിനാല്‍ കേരളത്തിലെ ജലമേളകളുടെ ഉണര്‍ത്തുപാട്ടാണ് ചമ്പക്കുളത്തുനിന്നും ഉയരുന്നത്. ഉച്ചകഴിഞ്ഞാണ് മല്‍സങ്ങള്‍ എല്ലാം നടക്കുക. കര്‍ക്കിടക മഴയുടെ ലക്ഷണങ്ങളുണ്ടെങ്കിലും മല്‍സരം മുറുകുന്തോറും ആവേശച്ചൂട് കൂടിക്കൊണ്ടിരിക്കുമെന്നതാണ് നമ്മുടെ വള്ളം കളിയുടെ പ്രത്യേകത. കാരണം, കേരളത്തിന്റെ തനത് ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിയില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കൊമ്പുകോര്‍ക്കുന്നു. ഇവയില്‍ രാജാവ് ചുണ്ടന്‍ വള്ളം തന്നെ. ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം, വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ് മറ്റ് ഇനങ്ങള്‍. കേരളത്തിലെ സുപ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് വള്ളം കളി. കേരള സര്‍ക്കാര്‍ വള്ളംകളിയെ ഒരു കായിക ഇനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

വള്ളം കളിക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മാനവ സംകാരത്തിലെ ഉദയ ഘട്ടം മുതല്‍ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈല്‍ നദിയില്‍ പാമ്പോടമത്സരം അഥവാ ചുണ്ടന്‍ വള്ളം കളി നിലവിലിരുന്നു. മതപരമാാ കാര്യങ്ങള്‍ക്കായി രാത്രികാലങ്ങളിലാണവിടങ്ങളില്‍ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ പ്രാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങളായിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം നീണ്ടു മെലിഞ്ഞ വള്ളങ്ങള്‍ക്ക് പൊടുന്നനെ കൈവരിക്കാനിവക്കാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങള്‍ ഒട്ടനവധിയുള്ള കേരളത്തില്‍ ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേ വഞ്ചികള്‍ പ്രധാന ഗതാഗത മാര്‍ഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേര്‍ന്നതാണ്. ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം "വഞ്ചി'മുത്തൂര്‍ ആയിരുന്നു. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615ല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയില്‍ വള്ളം കളി മറ്റുള്ളയിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ അലങ്കരിച്ച പള്ളിയോടങ്ങള്‍ ഉപയോഗിച്ച് ആഡംബരപൂര്‍വ്വമായ എഴുന്നള്ളത്താണ് നടക്കുന്നത്.

നെഹ്‌റു ട്രോഫി ജലോത്സവം ലോകമെമ്പാടും നിന്നുള്ള വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ അഭിമാന ചരിത്രം തുടങ്ങുന്നത്. 1952ലായിരുന്നു ആ ചരിത്ര സംഭവം. പുന്നമടക്കായലില്‍ തന്നെയാണ് അന്ന് നെഹ്‌റുവിനെ സാക്ഷിയാക്കി മത്സരം അരങ്ങേറിയത്. ചുണ്ടന്‍ വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരം തീര്‍ന്നപ്പോള്‍  സകല സുരക്ഷാ ക്രമീകരണങ്ങളും അവഗണിച്ച അന്ന് വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെ എത്തിച്ച്  യാത്രയാക്കുകയുണ്ടായി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ് റുവിനൊപ്പം ഉണ്ടായിരുന്നുവെന്നതും ഇത്തരുണത്തില്‍ സ്മരണീയം.

ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്‌റു ആലപ്പുഴയിലേയ്ക്ക് അയച്ചു കൊടുത്തു. ഈ മാതൃകയാണ് ഇന്നും വിജയികള്‍ക്ക് നല്‍കുന്ന നെഹ്‌റു ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഈ ജലമേള അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരസൂചകമായി കപ്പിന്റെ പേര്  നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും മല്‍സരിക്കുന്ന വള്ളങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാവുന്നുണ്ട്.

കുട്ടനാട്ടിലെ ജലോല്‍സവങ്ങളില്‍ പ്രമുഖമാണ് പായിപ്പാട് ജലോത്സവം. മറ്റു ജലോത്സവങ്ങള്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുമ്പോള്‍ പായിപ്പാട് ജലോത്സവം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നു. അതായത് മറ്റു ജലോല്‍സവങ്ങള്‍ ഏറെക്കുറെ മത്സര വള്ളംകളികളാണ്. എന്നാല്‍ പായിപ്പാട് ജലോത്സവം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആചാരാനുഷ്ഠാനങ്ങളോട് കൂടിയ ഒരു ജലോത്സവം തന്നെയാണ്. ഇതിന്റെ ഭാഗമായി മത്സര വള്ളം കളിയും ഉണ്ടെന്നു മാത്രം. ചിങ്ങമാസത്തിലെ തിരുവോണം അവിട്ടം, ചതയം ദിവസങ്ങളിലാണ് പായിപ്പാട് ജലോത്സവം നടക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് പായിപ്പാട് ജലോല്‍സവത്തിന്റെ ഐതീഹ്യം. ഇതേ സമയം തന്നെ കുമരകത്തും വള്ളം കളി നടക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ പമ്പാ നദിയിലാണ് എല്ലാവര്‍ഷവും ആറന്മുള വള്ളം കളി നടക്കാറുള്ളത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ നടക്കാറുള്ള ഈ വള്ളം കളിയില്‍ 48 ഓളം ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കാറുണ്ട്. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ആറ്റില്‍ നടക്കുന്ന ജലോത്സവമാണ് നീരേറ്റുപുറം പമ്പാ ജലോത്സവം. നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശേഷം നടക്കുന്ന പ്രസിദ്ധമായ വള്ളംകളിയാണിത്. തിരുവോണ നാളിലാണ് ഇവിടെ ജലോത്സവം നടക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറയില്‍ പുത്തന്നാറില്‍ എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു വള്ളംകളിയാണ് ചങ്ങനാശ്ശേരി ജലോത്സവം. കേരളത്തിലെ പ്രശസ്തമായ വള്ളംകളികളില്‍ ഒന്നാണ് ഇത്.

കല്ലട ജലോല്‍ത്സവം-കൊല്ലം, കുമരകം വള്ളംകളി, പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-അഷ്ടമുടിക്കായല്‍, ശ്രീനാരായണ ജലോത്സവം-കരുനാഗപ്പള്ളി, താഴത്തങ്ങാടി വള്ളംകളി-കോട്ടയം, ഗോതുരുത്ത് വള്ളംകളി-പെരിയാര്‍, പിറവം വള്ളംകളി- എറണാകുളം എന്നിവയാണ് ഏറ്റവും പ്രശസ്തമായ മറ്റ് വള്ളംകളികള്‍. രാജീവ് ഗാന്ധി വള്ളംകളി-പുളിങ്കുന്ന്, കരുവാറ്റ വള്ളംകളി, കവണാറ്റിങ്കര വള്ളംകളി-കുമരകം, അര്‍പ്പൂക്കര വനിതാ ജലമേള- കോട്ടയം, മഹാത്മാ വള്ളം കളി-മാന്നാര്‍, കോട്ടപ്പുറം വള്ളംകളി, ഇന്ദിരാഗാന്ധി വള്ളംകളി-എറണാകുളം, കൊടുങ്ങല്ലൂര്‍  കുമാരനാശാന്‍ സ്മാരക വള്ളംകളി-പല്ലന, എരൂര്‍ ചമ്പക്കര വള്ളംകളി-എറണാകുളം, കിടങ്ങറ വള്ളംകളി-ആലപ്പുഴ, റാന്നി അവിട്ടം ജലോത്സവം-പത്തനംതിട്ട, അയിരൂര്‍  പുതിയകാവ് ജലോത്സവം പുതിയകാവ്-പത്തനംതിട്ട, തുരുത്തിപ്പുറം വള്ളംകളി, പറവൂര്‍ ജലോത്സവം, പറവൂര്‍, തെക്കുംഭാഗം-കൊല്ലം, കൈതപ്പുഴക്കായല്‍ വള്ളംകളി, കൈതപ്പുഴക്കായല്‍-എറണാകുളം, ബിയ്യം കായല്‍ വള്ളംകളി-പൊന്നാനി, ഉത്തര മലബാര്‍ വള്ളംകളി, തേജസ്വിനി കായല്‍-കാസര്‍കോട് എന്നിവയും ജനശ്രദ്ധയാകര്‍ഷിക്കുന്നു. കാനഡ, കാനഡയിലെ ബ്രാംടണ്‍ മലയാളി സമാജം നടത്തുന്നതാണ് കനേഡിയന്‍ നെഹ്രു ട്രോഫി ബോട്ട് റേസ്.

ഏതായാലും ഇക്കുറി പ്രശസ്തമായ ആ വഞ്ചിപ്പാട്ട് കേരളത്തിന്റെ ഓളപ്പരപ്പുകളില്‍ നിന്ന് നമ്മുടെ കാതുകളിലേയ്ക്ക് ഒഴുകിയെത്തുകയില്ല...

"കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചു പെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം
കുരവ വേണം...ഓ... തിത്തിത്താരാ
തിത്തിത്തൈ...തിത്തൈ തകതക തൈ തോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക