Image

രണ്ടായി പിളര്‍ന്ന വിമാനം, വാവിട്ട് നിലവിളിക്കുന്ന കുട്ടികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് കരളലിയിക്കുന്ന ദൃശ്യം

Published on 07 August, 2020
രണ്ടായി പിളര്‍ന്ന വിമാനം, വാവിട്ട് നിലവിളിക്കുന്ന കുട്ടികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് കരളലിയിക്കുന്ന ദൃശ്യം


കരിപ്പൂര്‍: വലിയ ശബ്ദം കേട്ട് കരിപ്പൂര്‍ വിമാനം കിടക്കുന്ന സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് കരളലിയിക്കുന്ന ദൃശ്യം. രണ്ടായി പിളര്‍ന്നു കിടക്കുന്ന വിമാനം. കോക്ക്പീറ്റിനും മുന്‍വാതിലിനും സമീപമായി ചിതറിക്കിടക്കുന്ന യാത്രക്കാര്‍. സീറ്റിനടിയില്‍ കിടക്കുന്ന കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെ കാണാതെ നിലവിളിക്കുന്നവര്‍, പരിക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുന്നവര്‍, കൈകാലുകള്‍ ഒടിഞ്ഞ്, കഴുത്തും നടുവും പൊട്ടിയവര്‍ അങ്ങനെ.. ദുരന്തത്തിന്റെ വലിഋയാരു കാഴ്ച

ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതും നാട്ടുകാരായിരുന്നു. രക്തത്തില്‍ കുളിച്ച് കിടന്നവരെ നാട്ടുകാര്‍ തന്നെ പുറത്തേക്ക് എടുത്തു. പലരും വേദന കൊണ്ട് പുളയുകയായിരുന്നു. സ്‌ട്രെക്ചറോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ കൈകളില്‍ കോരിയെടുത്താണ് പുറത്തെത്തിച്ചത്. 

പുറത്ത് ചോരിച്ചൊരിയുന്ന മഴയ്ക്ക് പരിക്കേറ്റവരെ കിടത്തി. പിന്നീട് ആംബുലന്‍സും പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിനു ചുറ്റുമതില്‍ ഉള്ളതിനാല്‍ നാട്ടുകാര്‍ക്ക് ആദ്യം ഇവിടേക്ക് കയറാന്‍ കഴിഞ്ഞില്ല. വിമാനം പുറത്തേക്ക് വീണതോടെ തകര്‍ന്ന ചുറ്റുമതിലിന്റെ വിടവിലൂടെയാണ് നാട്ടുകാര്‍ റണ്‍വേയിലേക്ക് കടന്നത്. 

വിമാനത്തിന്റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്നവരുടെ സ്ഥിതിയാണ് ഗുരുതരമായത്. പിന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്ക് വലിയ പരിക്കില്ല. ഇവരെ പിന്‍ഭാഗത്തുണ്ടായിരുന്ന കാബിന്‍ ക്രൂ തന്നെ എമര്‍ജന്‍സി വാതിലിലുടെ പുറത്തെത്തിച്ചു. 

ദുബായില്‍ നിന്ന് കോഴിക്കോട്ടെക്ക് വന്ന 1344 എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടത്. കാലവര്‍ഷ മുന്‍കരുതലായി എന്‍.ഡി.ആര്‍.എഫ് സംഘം നിലമ്പൂരില്‍ നേരത്തെ തമ്പടിച്ചിരുന്നതിനാല്‍ പെട്ടെന്ന് തന്നെ ഇവിടെയെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക