Image

വല്മീകം (ഗദ്യകവിത: സാംജീവ്)

Published on 07 August, 2020
വല്മീകം (ഗദ്യകവിത: സാംജീവ്)
ഞാൻ വല്മീകമാണ്, വെറും ചിതൽപുറ്റ്
തട്ടിയാൽ തകർന്നുവീഴുന്ന മണ്ണ്
തേജസ്സിനെ ധ്യാനിച്ചിരിക്കുന്ന ചിതൽപുറ്റ്
തേജസ്സ് അകലെയാണ്, അകലെയകലെ.

പ്രകാശം ഒരു ബിന്ദുവാണ്, അങ്ങകലെ
പരകോടി നക്ഷത്രജാലങ്ങളുടെ ഊർജ്ജം
ഒരു മൺകുടത്തിലൊതുക്കാാൻ
തപസ്സിരിക്കുന്ന വല്മീകമാണു ഞാൻ.

അത്യന്ത വേഗത്തിൽ പായുന്ന പ്രകാശബിന്ദു
അനന്തസീമകളിൽ നിന്നെത്തുന്ന പ്രകാശബീജം
എന്റെ ഭൂമിയിലേയ്ക്ക്, വല്മീകത്തിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ മനനംചെയ്യുന്ന കുന്തിയാണു ഞാൻ.

ഒരു ബിന്ദു രണ്ടാകും, രണ്ട്, നാല്, എട്ട്
എന്റെ ഉള്ളിൽ അതു വളരും, നിറയും
തേജസ്സു പുറത്തേയ്ക്കൊഴുകും ഒരു ദിനം
വല്മീകം പ്രകാശത്തെ പ്രസവിക്കും.

വല്മീകത്തിനുള്ളിൽ തപസ്സിരിക്കുന്ന ഭൂമി
പുനർജനിയുടെ ഗംഗാ പ്രവാഹം
കാനനത്തിന്റെ നിഗൂഢ പദസ്പർശങ്ങൾ
യുഗാന്തരങ്ങൾ കാത്തിരിക്കുന്ന അഹല്യയാണു ഞാൻ.

അന്ധകാരത്തിൽ പതിയിരിക്കുന്ന രാഹു
സൌരയൂഥത്തിന്മേൽ ഇരുണ്ട നിഴലുകൾ,
ഇണഞ്ഞു കോർക്കുന്ന കരാള ദംഷ്ട്രകൾ
അട്ടഹസിച്ചാർക്കുന്ന തമസ്സിന്റെ സൈന്യവ്യൂഹം.

ശക്തമായ തമസ്സിന്റെ വിളയാട്ടം
പ്രകാശത്തെ ബന്ധിക്കുന്ന ശൃംഗലകൾ
മരുഭൂമിയിലെ പുഴപോലെ വരണ്ട നീർത്ധരികൾ
ഇനിയും കാത്തിരിക്കണോ? മോക്ഷം അകലെയാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക