Image

ആല്‍ + മാവ് = ആത്മാവ്. (പുസ്തകനിരൂപണം: സാം നിലമ്പള്ളില്‍)

Published on 07 August, 2020
ആല്‍ +  മാവ്   = ആത്മാവ്. (പുസ്തകനിരൂപണം: സാം നിലമ്പള്ളില്‍)
ആശയം എന്തുമായിക്കൊള്ളട്ടെ  സാഹിത്യകൃതിയുടെ ഉദ്ദേശം വായനക്കാരനെ സന്തോഷിപ്പിക്കുക  ഉന്മേഷം പകരുക രസിപ്പിക്കുക,ചിന്തിപ്പിക്കുക ഒക്കെയാണ്.. ഇതൊന്നുമല്ലാത്ത കൃതി നോബല്‍സമ്മാനം നേടിയതായാലും ചവറ്റുകൊട്ടയില്‍ തള്ളപ്പെടുമെന്നതില്‍ സംശയമില്ല. ചിലയാളുകള്‍ അവാര്‍ഡുകിട്ടിയകൃതി വായിച്ചില്ലെങ്കിലും ഒരന്തസ്സിനുവേണ്ടി കക്ഷത്തില്‍ വച്ചുകൊണ്ട് നടക്കാറുണ്ട്.. അതുപോലെ കക്ഷത്തില്‍ വച്ചുകൊണ്ട് നടക്കാന്‍ കൊള്ളാവുന്ന ഒന്നാണ് വി. ജെ. ജെയിംസിന്റെ സാഹിത്യ അക്കാഡമി അവര്‍ഡുകിട്ടിയ നോവല്‍, നിരീശ്വരന്‍. വായനക്കാരനെ ബോറടിപ്പിക്കാന്‍മാത്രം ഉതകുന്ന കൃതിയാണ് ഈ നോവല്‍. ബോറടിപ്പിക്കുന്നതില്‍ താനൊരു വിദഗ്ധനാണെന്ന് ജെയിംസ് തന്റെ മറ്റ് കൃതികളില്‍കൂടിയും തെളിയിച്ചിട്ടുണ്ട്. ഇത് അവാര്‍ഡിന് തിരഞ്ഞെടുത്ത അക്കാഡമി ഭാരവാഹികള്‍ അറുബോറന്മാരാണെന്നാണ് അനുമാനിക്കേണ്ടത്.

യാതൊരു വ്യക്തിത്വവുമില്ലാത്ത കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കയാണ് ജെയിംസ് തന്റെനോവലില്‍, ജീവനില്ലാത്തവര്‍. അവര്‍ക്ക് ആഭാസന്മാരെന്ന് പേരിട്ടിരിക്കുന്നു. വായനക്കാരനും തോന്നുന്നതും അവര്‍ ആഭാസന്മാര്‍തന്നെ ആണെന്നാണ്. അവരുടെകൂടെ ജാനകിയെന്ന നാട്ടിലെ വേശ്യയും പിന്നെ തീരെ ജീവനില്ലാത്ത കുറെ കഥാപാത്രങ്ങളും. ആലും മാവും ചേര്‍ന്നാല്‍ ആത്മാവാകുമെന്ന് ഒരു പുതിയ (പഴയ) തിയറി കഥാകാരന്‍ അവതരിപ്പിക്കുന്നു. ആലും അതിനോടുചേര്‍ന്നുവളര്‍ന്ന ഒരുമാവും തണല്‍നല്‍കുന്ന ഒരു തറയിലാണ് ജയിംസിന്റെ കഥാപാത്രങ്ങളായ ആന്റണിയും ഭാസ്കരനും സഹീറും നിരീശ്വരനെ പ്രതിഷ്ഠിക്കുന്നത്. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് ആഭാസന്മാര്‍ ആയിത്തീരുന്നത്. എന്തൊരു ആഭാസത്തരം. ആഭാസങ്ങള്‍ക്ക് മാറ്റുകൂട്ടാനാണ് ജാനകിയെന്ന വേശ്യ. ഈ നോവലില്‍ അല്‍പമെങ്കിലും വ്യക്തിത്വപ്രഭയഉള്ളത് ജാനകിക്കാണെന്നുള്ളതില്‍ സംശയമില്ല. ആഭാസന്മാരെ ആഭാസന്മാരായിതന്നെ കണക്കാക്കി വായനക്കാരന്‍ അവഗണിക്കും.

ജെയിംസ് ഭാഷകൊണ്ടുള്ള കസര്‍ത്താണ് നോലിന്റെ ആരംഭത്തില്‍ കാണിച്ചിരിക്കുന്നത്. മുന്‍പോട്ടുപോകുമ്പോള്‍ കസര്‍ത്തുനടത്തി ക്ഷീണിച്ചതിനാലാകാം എഴുത്തുകാരന്‍  മൂന്നാംകിടയിലേക്ക് മാറുന്നത്. അദ്ദേഹത്തിന് എഴുതാന്‍ വിഷയമില്ല. ഞെക്കിപ്പിഴിഞ്ഞ് വിഷയം ഉണ്ടാക്കുന്നതുകണ്ടാല്‍ സഹതാപമാണ് തോന്നുക. രചന ഒരു നദിപോലെ ഒഴുകിവരേണ്ടതാണ്. എങ്കിലേ വായനക്കാരന് അത് ആസ്വദിക്കാന്‍ കഴിയു. ഞെക്കിപഴുപ്പിച്ചാല്‍ അതിന് രുചികാണില്ലെന്ന് ജെയിംസിനെപ്പോലുള്ള എഴുത്തുകാര്‍ മനസിലാക്കണം. ശാസ്ത്രജ്ഞനായ ജയിംസ് സാഹിത്യരചനക്ക് തുനിഞ്ഞതുതന്നെ സാഹസികം. പക്ഷെ, ഈ സാഹസിക ഏറ്റെടുത്ത പലശാസ്ത്രജ്ഞന്മാരും നല്ലകൃതികള്‍ രചിച്ചിട്ടുണ്ടെന്നത് അപവാദം. ഗന്ധത്തെ അളക്കാന്‍ ഒരുജാനകിയെന്നും അരജാനകിയെന്നും യൂണിറ്റ് കണ്ടുപിടിക്കുന്ന എഴുത്തുകാരന്‍ ജീവിതഗന്ധിയായ നോവലെഴതാന്‍ പ്രപ്തനല്ലെന്ന് തെളിയിച്ചിരിക്കുന്നു.

സാധരാണവായനക്കാരന് മനസിലാകാത്ത വാക്കുകളും പ്രയോഗങ്ങളും കുത്തിച്ചെലുത്താന്‍ ജയിംസ് ശ്രമിക്കുന്നുണ്ട്. ഉദാഹരണം "മനോവാസ്കകായ’. അത് എന്തുകായാണെന്ന് എനിക്കറിയില്ല,  വായനക്കാര്‍ക്കും അറിയില്ലെന്ന് അനുമാനിക്കട്ടെ. എഴുത്തുകാരന്‍ വായനക്കാരനെ കണ്‍മുന്‍പില്‍ കണ്ടുകൊണ്ടുവേണം സാഹിത്യരചന നടത്താന്‍. നിര്‍ഭാഗ്യവശാല്‍ പല എഴുത്തുകാരും തങ്ങളുടെ ഭാഷാസാമര്‍ദ്ധ്യം പ്രകടിപ്പിക്കാനാണ് കഥയും കവിതയും എഴുതുന്നത്. മലയാളം എമ്മേക്കാരനായതുകൊണ്ട്് ഒരാള്‍ക്ക് നല്ലൊരു സാഹിത്യകൃതി രചിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മറ്റേതുകലയിലുമെന്നതുപോലെ എഴുത്തും ജന്മസിദ്ധമായ കഴിവാണ്. ഭാഷാ പരിജ്ഞനമില്ലാത്ത ഷെയ്ക്‌സ്പിയറും മുഹമ്മദ് ബഷീറും ഉദാഹരണം. ജെയിംസിന്റെ കൃതി അവാര്‍ഡ് കിട്ടിയതിന്റെപേരില്‍ നാലുപേര് ബുദ്ധിമുട്ടി വായിച്ചെന്നിരിക്കും മറ്റേന്നാള്‍ അത് മറക്കപ്പെടും.. സാഹിത്യ അക്കാഡമി അവാര്‍ഡിന് അര്‍ഘമായ കൃതികളൊന്നും ഒരുവര്‍ഷം കിട്ടിയില്ലെങ്കില്‍ കൊടുക്കാതിരിക്കയല്ലേ ഭേദം. അടുത്തകാലത്ത് അവാര്‍ഡ് കിട്ടിയ നോവലുകളില്‍ സാറാ ജോസഫിന്റേയും ടി.ഡി.രാമകൃഷ്ണന്റേയും കൃതികള്‍ മാത്രമേ അവാര്‍ഡിന് അര്‍ഘമായിട്ടുള്ളത് ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം വായനക്കാരന്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞതാണ്. എഴുത്തുകാരന്റെ പ്രതിഭ തന്റെ കൃതിയില്‍ പ്രകടമാകേണ്ടതാണ്, തീരെക്കുറഞ്ഞത് ഒരു വാചകത്തിലെങ്കിലും. ജെയിംസിന്റെ നോവലില്‍ ഒരിടത്തും ഒരു സാഹിത്യകാരന്റെ പ്രതിഭ കണ്ടില്ല. ഓ.വി.വിജയനെയാണ് താന്‍ അനുകരിക്കുന്നതെന്ന് ജെയിംസ് ഒരഭിമുഖത്തില്‍ പറഞ്ഞതായി അറിഞ്ഞു. ഒരു സാഹിത്യകാരന്‍ മറ്റൊരാളെ അനുകരിക്കാന്‍ പാടില്ലാത്തതാണ്. സ്വന്തമായ ശൈലി വികസിപ്പിച്ചുകൊണ്ടുവരാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടത്. അതിന് ചെറുപ്പംമുതലേ ഒരാള്‍ പരിശ്രമിക്കേണ്ടതുണ്ട്. ഒരു കൃതി ആദ്യംമുതലേ വായനക്കാരനെ ഇംപ്രസ്സ് ചെയ്യുന്നതായിരിക്കണം. ആദ്യമേ മുഷിപ്പുതോന്നിയാല്‍ പിന്നെ വായിച്ചുപോകാന്‍ താല്‍പര്യം തോന്നത്തില്ല.  വിജയനും ജെയംസും  തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്.

മുന്നൂറില്‍പരം പേജുള്ള മുഷിപ്പെഴുതിയ ജെയിംസ് തന്റെ കൃതിക്ക് വയലാര്‍ അവാര്‍ഡും സാഹിത്യ അക്കാഡമി പാരിതോഷികവും കിട്ടുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണുകയില്ല. ഏതെങ്കിലും മാസികയില്‍ ഘണ്ഡശ്ശ പ്രസിദ്ധീകരിക്കണമെന്നേ അദ്ദേഹം കരുതിയിരുന്നുളളു. അദ്ദേഹത്തോട് ഈ ക്രൂരതചെയ്ത് അക്കാഡമി ഭാരവാഹികള്‍ അപമാനിക്കേണ്ടതില്ലായിരുന്നു.

email: samnilampallil@gmail.com.


Join WhatsApp News
2020-08-08 02:48:34
ഇങ്ങിനെ വേണം സത്യസന്ധമായി ഉള്ളതു -ഉള്ളതുപോലെ നിരൂപണമെഴുതാൻ. അല്ലാതെ ഇവിടെ പലപ്പോഴും കാണുന്ന ഒരു ഗുണവുമില്ലത്ത അറുബോറൻ കൃതികളെ സ്ത്രീ ലിംഗം നോക്കിയും , അവനവൻറെ പ്രത്യേക സൗഹൃദവും നോക്കി പൊക്കി പുകഴ്ത്തി ചൊറിഞ്ഞു ഏഴുതുന്നതല്ല ശരിയായ നിരുപണം. സാം നിലമ്പള്ളിയുടെ ധീരതക്കു നന്ദി . അവാർഡുകൾ ഒപ്പിച്ചെടുത്ത കൃതികൾ മിക്കവാറും ഗുണമില്ലത്ത തല്ലിപ്പൊളി ആയിരിക്കും.
2020-08-08 06:15:26
മരിച്ചു കഴിഞ്ഞു ശവം; ആൽ, മാവ് എന്നിവയുടെ വിറക് കൊണ്ട് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ആണ് അൽമാവ്. എന്നാൽ ഇപ്പോൾ ഇലക്ട്രിക് ഓവനിൽ കത്തിക്കുമ്പോൾ അൽമാവ് അതിനുള്ളിൽ ശ്വസം മുട്ടി മരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ സഭ, കത്തിക്കലിനെ എതിർക്കുന്നത്. കർത്താവ് വീണ്ടും വരുമ്പോൾ ഉയർത്തു എഴുന്നേൽക്കാൻ എല്ലുകൾ വേണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക