Image

പ്രകൃതി കരയുമ്പോൾ (രാജൻ കിണറ്റിങ്കര)

Published on 08 August, 2020
പ്രകൃതി കരയുമ്പോൾ (രാജൻ കിണറ്റിങ്കര)
രാവിലെ ടിവി കണ്ടു കൊണ്ടിരുന്ന കുട്ടിക്ക് ഒരു സംശയം ഈ പ്രളയവും ഉരുൾപൊട്ടലുമൊക്കെ  കേരളത്തിൽ മാത്രമെന്താ ഇത്രയധികം ? അച്ഛൻ പറഞ്ഞു കേരളം പ്രകൃതി രമണീയമായ സ്ഥലമല്ലേ  കുന്നുകളും മലകളും പുഴയും കായലുമൊക്കെ കേരളത്തിലല്ലേ കൂടുതൽ .അപ്പോൾ ഇതൊക്കെ ഉണ്ടാവുന്നതാണോ പ്രശ്നം. കുട്ടിയുടെ കൊച്ചു സംശയം. ഇതൊക്കെ ഉണ്ടാവുന്നതല്ല ഇതൊക്കെ ഇല്ലാതാക്കുന്നതാണ് പ്രശ്നം അച്ഛൻ തിരുത്തി.  ഉത്തരം തൃപ്തിയാവാതെ നിൽക്കുന്ന കുട്ടിയോട് അച്ഛൻ ചോദിച്ചു. നമ്മുടെ വീടിൻ്റെ വാതിലുകൾക്ക് ഒരു ഫ്രെയിം ഇല്ലേ കട്ടിള എന്ന് നാടൻ ഭാഷയിൽ പറയും.  ആ കട്ടിള അല്ലെങ്കിൽ ഫ്രെയിം ഇല്ലെങ്കിൽ എന്ത് സംഭവിക്കും ?  കല്ലും ഇഷ്ടികയും സപ്പോർട്ട് ഇല്ലാതെ താഴെ വീഴും .. കുട്ടി പെട്ടെന്ന് ഉത്തരം പറഞ്ഞു.

അത് തന്നെയാണ് പ്രകൃതിയുടെ കാര്യവും.മലയായാലും കാടായാലും പുഴയായാലും പ്രകൃതി സ്വയം തീർത്ത ഒരാവരണമുണ്ട്. ഫ്രെയിം അല്ലെങ്കിൽ സപ്പോർട്ട്.  അത് നഷ്ടപ്പെടുമ്പോൾ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ പ്രളയം ഒക്കെ ഉണ്ടാവുന്നു.

നമ്മൾ പ്രകൃതി സ്നേഹികളാണ്. കേരളത്തിൻ്റെ പച്ചപ്പ് കണ്ട് കോരിത്തരിക്കുന്നവരാണ്.   പക്ഷെ പ്രകൃതിയെ സംരക്ഷിച്ചല്ല നമ്മുടെ പ്രകൃതി സ്നേഹം മറിച്ച് പ്രകൃതിയെ ചൂഷണം ചെയ്താണ്,  നശിപ്പിച്ചാണ്. എല്ലാവർക്കും മലയോരത്തും പുഴയോരത്തും കായലോരത്തും വീട് വയ്ക്കണം. പ്രകൃതിയെ തുരന്ന് പ്രകൃതിയെ ആസ്വദിക്കാൻ . പൂവുകളൊക്കെ കീറി മുറിച്ചു ഞാൻ പൂവിൻ്റെ സത്യം പഠിക്കാൻ എന്ന് കവി പാടിയ പോലെ ..

പുഴ വഴിമാറി ഒഴുകി എന്ന് നമ്മൾ പുഴയെ പഴിക്കുമ്പോൾ മാറിയത് പുഴയുടെ വഴിയല്ല നമ്മുടെ വഴികൾ പുഴയിലേക്കിറങ്ങിയതാണ് എന്ന് നാം മനസ്സിലാക്കുന്നില്ല.

കാലവർഷം അതിൻ്റെ മൂർദ്ധന്യത്തിലെത്തും മുന്നെ ഉരുൾപൊട്ടൽ തുടങ്ങുന്നു. പൊട്ടുന്നത് ഉരുളല്ല മലയുടെ നെഞ്ചാണ്.   തുളുമ്പാതെ കണ്ണിലൊതുക്കി വച്ച കണ്ണീരാണ് മലവെള്ളപ്പാച്ചിലായി സമതലങ്ങളിലേക്ക് ഒഴുകുന്നത്. പൊട്ടിക്കരയുന്നവൻ്റെ മനസ്സിൽ ദുഖം മാത്രമേ ഉള്ളു - മുന്നിലും പിന്നിലും ആരെന്ന് അവൻ അറിയുന്നില്ല ... പ്രകൃതിയും അതുപോലെ കുത്തിയൊലിക്കുകയാണ്. പക്ഷെ അതിൽ ദുരിതം അനുഭവിക്കുന്നത് നിർദോഷികളാണെന്ന് മാത്രം .. ദ്രോഹിച്ചവനോട് തന്നെ അവസരം കാത്ത് പക വീട്ടാൻ പ്രകൃതി മനുഷ്യനല്ലല്ലോ..

നമുക്ക് സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാം പ്രകൃതിയെ ‌ ... വരുന്ന തലമുറയ്ക്കു വേണ്ടി... ഒരു രാത്രി കൊണ്ട് ഉറ്റവരും ഉടയവരും കഷ്ടപ്പെട്ട് സമ്പാദിച്ച തൊക്കെയും നഷ്ടപ്പെടുത്തേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങളെ ഓർത്ത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക