Image

രാജമല മണ്ണിടിച്ചിലിലും കരിപ്പൂർ വിമാനാപകടത്തിലും മരണമടഞ്ഞവർക്ക് നവയുഗം ആദരാഞ്ജലികൾ അർപ്പിച്ചു

Published on 08 August, 2020
രാജമല മണ്ണിടിച്ചിലിലും  കരിപ്പൂർ വിമാനാപകടത്തിലും മരണമടഞ്ഞവർക്ക് നവയുഗം  ആദരാഞ്ജലികൾ അർപ്പിച്ചു
.ദമ്മാം: ഇടുക്കി ജില്ലയിലെ രാജമലയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞവർക്കും, കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിന്റെ ലാൻഡിങ്ങിനിടയിൽ നടന്ന അപകടത്തിൽപ്പെട്ടു   മരണമടഞ്ഞവർക്കും,  നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

നിർഭാഗ്യം കൊണ്ട് സംഭവിച്ച രണ്ടു ദുരന്തങ്ങളിലും പതറാതെ, അപകടത്തിൽപ്പെട്ട സഹോദരങ്ങളുടെ ജീവനെ രക്ഷിയ്ക്കാൻ ജാതി,മത, രാഷ്ട്രീയ ഭേദങ്ങൾ മാറ്റിവെച്ച്‌, മനുഷ്യത്വം മാത്രം ഉയർത്തിപ്പിടിച്ചു, നമ്മുടെ നാട് ഒറ്റകെട്ടായി നടത്തിയ ജീവൻരക്ഷാപ്രവർത്തനങ്ങൾ രാജ്യത്തിന് മുഴുവൻ മാതൃകയാണ്.  

രണ്ടു സ്ഥലത്തും കോവിഡ് ഭീക്ഷണിയോ, സ്വന്തം സുരക്ഷിതത്വമോ, കനത്ത മഴയോ ഒന്നും പരിഗണിയ്ക്കാതെ ജീവരക്ഷാപ്രവർത്തനങ്ങൾ നടത്തിയ നാട്ടുകാരും, പോലീസ്, ഫയർഫോഴ്‌സ്, ദുരിതനിവാരണസേനാംഗങ്ങൾ തുടങ്ങിയവരും അതിനൊക്കെ നേതൃത്വം നൽകിയ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും,  സർക്കാർ ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു.


അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ ചികിത്സയും സൗജന്യമായി നൽകാനും, മതിയായ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണ്. ആ കുടുംബങ്ങളുടെ അതിജീവനം നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

ഓരോ അപകടവും നമുക്ക് നൽകുന്നത് പുതിയ ഒരു പാഠമാണ്. അത് ഉൾക്കൊണ്ട്, ഇനി അത്തരം ഒരു ദുരന്തം ആവർത്തിയ്ക്കാതെ നോക്കാനും, മുൻകരുതലുകൾ സ്വീകരിയ്ക്കാനും അധികാരികൾക്കും പൗരന്മാർക്കും കഴിയണം.

അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും, പ്രിയപ്പെട്ടവരുടെയും, എല്ലാ മലയാളികളുടെയും   ദുഃഖത്തിൽ പങ്കുചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി  അനുശോചനപ്രമേയത്തിൽ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക