Image

രാമായണം:ഉത്തമ മാനേജ്മെൻ്റ് ഗ്രന്ഥം (രാമായണ ചിന്തകൾ -25: വിനോദ് കുറൂർ)

Published on 08 August, 2020
രാമായണം:ഉത്തമ  മാനേജ്മെൻ്റ് ഗ്രന്ഥം (രാമായണ ചിന്തകൾ -25: വിനോദ് കുറൂർ)
ഭാരതത്തിന്റെ അതിർത്തികൾ ഭേദിച്ച് രാമായണം കഥകളും ഉപകഥകളുമൊക്കെയായി ഏഷ്യ മുഴുവൻ പരന്നു കിടക്കുന്നു എന്ന് പറയാം. എഴുതപ്പെട്ടവയായി തന്നെ മുന്നൂറോളം രാമായണങ്ങൾ ഉണ്ടെന്നാണല്ലോ പറയുന്നത്.

രാമൻ വിഷ്ണുവിൻ്റെ അവതാരം എന്ന നിലയിൽ മാത്രമല്ല ഒരുത്തമ രാജാവ് എന്ന നിലയിലും വിവിധ രാജ്യങ്ങളിലെ വിശ്വാസികളെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ രാമായണം ഒരുത്തമ മാനേജ്മെൻ്റ് ഗ്രന്ഥം കൂടിയാണ്. പല സന്ദർഭങ്ങളിലും കഥാപാത്രങ്ങളുടെ അവസരത്തിനൊത്തുള്ള ഉയർച്ചയും വിവിധ കൗശല പ്രയോഗങ്ങളും അതിനെ സാധൂകരിക്കുന്നു. ഈ രണ്ടു കാര്യങ്ങൾക്കും ഉള്ള ഓരോ ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

തായ്ലൻഡ് എന്ന ബുദ്ധമത ഭൂരിപക്ഷ രാജ്യത്തിൽ രാമായണം അറിയപ്പെടുന്നത് രാമാകിയാൻ എന്ന പേരിലാണ്. പണ്ട് അവരുടെ രാജ്യത്തിനെ വിളിച്ചുകൊണ്ടിരുന്നത് സിയാം (ശ്യാം) എന്നാണ്. ശ്യാമവർണ്ണനായ രാമനെ ഉദ്ദേശിച്ചു കൊണ്ടു തന്നെയാണ് ആ പേരിൽ രാജ്യം വിളിക്കപ്പെട്ടത്. ഇതുകൊണ്ടും സാമ്യം തീരുന്നില്ല. അവരുടെ തലസ്ഥാന നഗരത്തിൻ്റെ പേര് അയുത്തായ (അയോദ്ധ്യ) എന്നായിരുന്നു. ബർമ്മയുമായുള്ള തുടർ യുദ്ധങ്ങളിൽ ആ നഗരം നശിച്ചപ്പോഴും അവർക്ക് രാമനോടുള്ള സ്നേഹവും വിധേയത്വവും തീർന്നില്ല. ബർമ്മക്കാരിൽ നിന്ന്  രാജ്യം തിരിച്ചുപിടിച്ചതിന് ശേഷം ചക്രി രാജവംശം സിയാം എന്നുള്ള രാജ്യപ്പേര് തായ്ലൻഡ് എന്ന് പുനർനാമകരണം ചെയ്തപ്പോഴും രാജാക്കൻമാർ രാമ എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചു. ഇപ്പോഴത്തെ രാജാവായ മഹാവജ്രലോങ്കോം രാമാ X എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെകൗശലപൂർവ്വം രാജ്യം ഭരിച്ച് ബ്രിട്ടീഷ് ഫ്രഞ്ച് ശക്തികളുടെ കോളനിവത്ക്കരണ കാലത്തും എങ്ങും പെടാതെ പിടിച്ചു നിൽക്കാൻ അവർക്കായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെറിയൊരു സമയത്ത് മാത്രം അവർ ജപ്പാൻ്റെ കീഴിലായതൊഴിച്ചാൽ അവർക്ക് സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടുന്ന അവസ്ഥ അവസാന നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടില്ല.

രാമായണത്തിലെ ഏറ്റവും പ്രധാന സന്ദർഭമായി എനിക്ക് തോന്നുന്നത് ഹനുമാൻ്റെ ലങ്കയിലേക്കുള്ള ചാട്ടമാണ്. എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യം എന്ന് സംശയിക്കാവുന്ന ഒന്നാണ് അത്.

കടൽ ചാടിക്കടന്ന് ലങ്കയിലെത്തി സീതയെ കണ്ടു വരുവാനുള്ള ദൗത്യം ആര് ഏറ്റെടുക്കും എന്നുള്ള സംശയം വാനരൻമാർക്ക് ഉണ്ടായപ്പോൾ വായു പുത്രനായ ഹനുമാനാണ് അതിന് ഏറ്റവും ഉത്തമൻ എന്ന് തമ്മിൽ ചർച്ച ചെയ്ത് അവർ തീരുമാനിക്കുന്നു. പക്ഷേ യാതൊരുവിധ ആത്മവിശ്വാസവും ഇല്ലാതെ ശക്തി ക്ഷയിച്ച രീതിയിൽ കാണപ്പെട്ട ഹനുമാനെ ജാംബവാൻ്റെ നേതൃത്വത്തിൽ പ്രചോദിപ്പിച്ച് മഹത്തായ ലക്ഷ്യത്തിലേക്ക് എത്തുവാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ സ്വന്തം കഴിവിൽ വിശ്വാസം തിരിച്ചുകിട്ടിയ ഹനുമാൻ  എല്ലാ പ്രതിബന്ധങ്ങളും കൗശലത്തോടെ മറികടന്ന് ലക്ഷ്യത്തിലെത്തുന്നു.

സമുദ്രലംഘനം നടത്തുന്ന വേളയിൽ ആദ്യ തടസ്സമായ കടലിൽ നിന്ന് ഉയർന്നു വരുന്ന മൈനാകമെന്ന പർവ്വതത്തെ ഒരു വിശ്രമ സങ്കേതമായി ഹനുമാൻ ഉപയോഗപ്പെടുത്തി.

രണ്ടാമത്തെ തടസ്സമായ സുരസ ഹനുമാനെ വായിലാക്കാൻ ശ്രമിച്ചു. ആദ്യം ശരീരം വലുതാക്കി പിന്നീട് പെട്ടെന്ന് ചെറുതാക്കി വായിൽക്കൂടി ഉള്ളിൽക്കടന്ന്  പുറത്തുവന്നു. ഹനുമാൻ്റെ ശക്തിബോധ്യപ്പെട്ടതിനെ തുടർന്ന് സുരസ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഹനുമാനെ അനുഗ്രഹിച്ച് ലങ്കക്ക് യാത്രയാക്കുകയും ചെയ്തു.

മൂന്നാമത്തെ തടസ്സം ആയ സിംഹിക എന്ന രാക്ഷസി ഹനുമാൻ്റെ നിഴലിൽ പിടിച്ച് വിഴുങ്ങുവാൻ ശ്രമിച്ച് ലങ്കയിലേക്കുള്ള യാത്ര തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. തൻ്റെ ശരീരം വലുതാക്കുന്നതനുസരിച്ച് വായും പൊളിച്ചു കൊണ്ടിരുന്ന സിംഹികയെ ശരീരം പെട്ടെന്ന് ചെറുതാക്കി ശരീരത്തിനുള്ളിൽക്കടന്ന് ആന്തരാവയവങ്ങൾ നശിപ്പിച്ച് ആ രാക്ഷസിയെ വക വരുത്തുന്നു. അങ്ങനെ ഹനുമാൻ ലക്ഷ്യസ്ഥാനമായ ലങ്കയിലെത്തി സീതാദേവിയെ കണ്ട് രാമൻ്റെ മുദ്രാമോതിരം കൈമാറി. സീതയെ കണ്ടതിൻ്റെ അടയാളമായി ദേവി ധരിച്ചിരുന്ന ചൂടാരത്നവും വാങ്ങി തിരിച്ചു വന്ന് രാമനെ ഏൽപ്പിച്ച് ദൗത്യം പൂർത്തിയാക്കുന്നു ഹനുമാൻ.
 
മാനേജ്മെൻ്റിൽ ഒരു അദ്ധ്യായമായി പഠിപ്പിക്കേണ്ടതാണ് ഈ ഒരു ഭാഗം എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.
രാമായണം:ഉത്തമ  മാനേജ്മെൻ്റ് ഗ്രന്ഥം (രാമായണ ചിന്തകൾ -25: വിനോദ് കുറൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക