Image

കരിപ്പൂര്‍ വിമാനദുരന്തം: ദുരന്തമുഖത്ത് കണ്ടത് സമാനതകളില്ലാത്ത മനുഷ്യസ്‌നേഹം (യു.എ. നസീര്‍)

Published on 08 August, 2020
കരിപ്പൂര്‍ വിമാനദുരന്തം: ദുരന്തമുഖത്ത് കണ്ടത് സമാനതകളില്ലാത്ത മനുഷ്യസ്‌നേഹം (യു.എ. നസീര്‍)
ആഗസ്റ്റ് ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് ദുബായിൽ നിന്നുവന്ന എയർഇന്ത്യയുടെ വന്ദേഭാരത് മിഷൻ വിമാനം കരിപ്പൂരിൽ അതിധാരുണമായി അപകടത്തിൽപ്പെട്ടത് മലയാളിയുടെ മനസ്സിൽ മാത്രമല്ല, ലോക വ്യോമയാന ചരിത്രത്തിൽ തന്നെ ദുഃഖത്തിന്റെ കറുത്ത ഏടായി എന്നുമെന്നും അവശേഷിക്കുന്ന ദുരന്തമായിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് , ഏറെ കാത്തിരി പ്പിന്  ഒടുവിൽ നാട്ടിലേക്കു അതീവ സുരക്ഷാകവചത്തോടെയുള്ള ഒരു യാത്ര ഇത്തരത്തിൽ പര്യവസാനിച്ചത് സങ്കടത്തിന്റെ വ്യാപ്തി ഇരട്ടിയാക്കുന്നു. രണ്ടു വർഷത്തിലധികം റീ കാർപെറ്റിങ്ങിനും, റൺേ വേ വികസനത്തിനും മറ്റുമായി അടച്ചിട്ട വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിൽ സുസജ്ജമാക്കി പ്രതാപത്തിലേക്ക് കുതിക്കുന്നതിനിടയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മഹാദുരന്തമുണ്ടായിരിക്കുന്നത്. ഈ സംഭവം കരിപ്പൂരിലെയൊ മലയാളികളുടെയൊ മാത്രമായിട്ടല്ല ഇന്ത്യയിലാകമാനവും പ്രവാസ ലോകത്തും വലിയൊരു ദുഃഖകരമായ സംഭവമായിക്കൊണ്ടാണ് നമ്മുടെ പ്രസിഡണ്ടും, പ്രധാനമന്ത്രിയും ഗവർണ്ണരും, മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളും എല്ലാവരും ഇതിനെ സമീപിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് പ്രശ്നത്തിൽ ഇടപെടുകയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ് അധികൃതർ. പൈലറ്റും സഹപൈലറ്റുമടക്കം 18 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇപ്പോഴും ധാരാളമാളുകൾ വിവിധ ആശുപത്രികളിൽ കഴിയുകയാണ്. ഏറ്റവും ശ്രദ്ധേയമായ വസ്തുത അപകടത്തിൽ പെട്ട് ജീവന് വേണ്ടി യാചിക്കുന്ന യാത്രക്കാരെ രക്ഷിക്കുന്നതിനു വേണ്ടി മഹാമാരിയും പേമാരിയും , വിലക്കുകളും വകവെക്കാതെ വിമാനത്തിനുള്ളിലേക്ക് ചാടിക്കയറി  സ്വമേധയാ മുന്നോട്ടുവന്ന കരിപ്പൂരിലേയും പരിസര പ്രദേശത്തെയും യുവാക്കളുടെ തുല്യതയില്ലാത്ത ജീവൻ രക്ഷാ പ്രവർത്തനമാണ്. കോവിഡും അനുബന്ധ വസ്തുതകളും മാത്രമല്ല അപകടത്തിൽ പെട്ടുകിടക്കുന്ന വിമാനം ഏത് സമയവും പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടി അറിയാത്തവരല്ല ഇവരാരും. എങ്കിൽകൂടി ജീവന്മരണ സാഹചര്യത്തിൽ സഹായമഭ്യർത്ഥിച്ച് കരയുന്നവരെ സഹായിക്കാൻ അവർ മുന്നോട്ടു വന്നു.  എം.പിമാർ, എംഎൽഎ മാർ , ജില്ലാ അധികൃതർ ,ആശുപത്രി ജീവനക്കാർ ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ മുതലായവർ പെട്ടെന്ന് ഉണർന്ന് പ്രവർത്തിച്ചു എന്നതും നന്ദിപൂർവ്വം ഓർക്കുന്നു. അതിനു പുറമേ പല സംഘടനകളും , ഡോക് ടർ മാരും, വ്യക്തികളും, സോഷ്യൽ മീഡിയകളും ആവശ്യമായ ഘട്ടത്തിലൊക്കെ രക്തദാനവും മറ്റ്  ഓൺലയിൻ സഹായങ്ങളും ആയി പുലരുവോളം രംഗത്തുണ്ടായിരുന്നത് ശരിക്കും അവരുടെ കൂടെ പ്രവർത്തിച്ചു അനുഭവിച്ചറിഞ്ഞത്  ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായി.

അത്യാഹിതം സംഭവിച്ച ഉടനെതന്നെ വിമാനത്താവളത്തിന്റെ അപര്യാപ്തതയെ കുറിച്ചാണ് പലർക്കും പറയാനുള്ളത്. റൺവേ അൽപ്പംകൂടി നീളമുണ്ടായിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ല എന്നൊരു വാദമുണ്ട്. അത് തികച്ചും ബാലിശമാണ്. കാരണം കിഴക്കുഭാഗത്ത് ഇപ്പോൾ തന്നെ  ഏക്കർ കണക്കിന് സ്ഥലം എയർപോർട്ട് അതോറിറ്റി വശം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ആവശ്യമായിരുന്നെങ്കിൽ അത് എന്നോ ഉപയോഗപ്പെടുത്താമായിരുന്നു. കരിപ്പൂരിനെ സംബന്ധിച്ചെടുത്തോളം കോഡ് ഇ വിമാനങ്ങൾക്ക് വരെ ഇറങ്ങാവുന്ന വിധം 2700 മീറ്റർ നീളത്തിൽ സുസജ്ജമായ റൺവേയാണ് ഇപ്പോൾ നിലവിലുള്ളത്. പ്രാഥമിക നിഗമനത്തിൽ ഇതൊന്നുമല്ല അപകടകാരണം എന്ന് കാണാം.

വിമാനം കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള ദിശയിൽ ഇറക്കുവാൻ നിർദ്ദേശം കൊടുത്തിട്ട് അതിനു വിപരീതമായി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കുറെ മധ്യഭാഗത്ത് വന്നിട്ടാണ് വിമാനം ഇറങ്ങിയത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഇറങ്ങാൻ ശ്രമിച്ചതും ഇറങ്ങേണ്ട പോയിന്റിൽ ലാൻഡ് ചെയ്യാതെ മധ്യഭാഗത്തേക്ക് വന്ന് വിമാനം ലാൻഡ് ചെയ്തതും കാറ്റിന്റെ വിപരീത ദിശ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആയതും, കനത്ത പേമാരിയും മറ്റുമാണെന്നാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ട് വിപരീതദിശയിൽ ഇറങ്ങിയെന്നും ലാൻഡിങ് പോയിൻറ് സ്ഥലം മാറിപ്പോയി എന്നതും അന്വേഷണത്തിൽ കണ്ടെത്തേണ്ട വിഷയമാണ്.
കരിപ്പൂരിനെ സംമ്പന്ധിച്ചിടത്തോളം മികച്ച എ.ടി.സി യും , ഐ.എൽ. എസും ( instrumental landing system ) നിലവിലുണ്ട്.

അപകടത്തിൽപ്പെട്ടത് കോഡ് സി.737 ഇനത്തിൽപ്പെട്ട വിമാനമാണ്. പ്രസ്തുത വിമാനങ്ങൾക്ക് 1500 മീറ്ററിൽ കുറവുള്ള റൺവെയിൽ പോലും അനായാസേന ഇറങ്ങാവുന്നതാണ്. റൺവെയെ പഴിച്ച് കരിപ്പൂരിനെ അപഹസിക്കുന്നവരും എയർപോർട്ടിന്റെ സൗകര്യക്കുറവാണ് അപകടകാരണം എന്നും വാദിക്കുന്നവർ ഇത് മനസ്സിലാക്കണം. കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മികച്ച നാലു എയർപോർട്ടുകൾ തന്നെ മതിയാകാത്ത അവസ്ഥയാണ് പ്രതീക്ഷിക്കേണ്ടത്. കൂടാതെ അതിന്നനുസരിച്ചു മറ്റു യാത്രാസൗകര്യങ്ങളും ഇനിയും വരേണ്ടതുണ്ട്.   മലബാറിലെ ജനങ്ങൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ എയർപോർട്ട് പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായും ടൂറിസം വികസനത്തിനും കയറ്റുമതി പരിപോഷിപ്പിക്കുന്നതിനും വേണ്ടി കൂടുതൽ സൗകര്യത്തോടെ സംരക്ഷിച്ചു നിർത്തുന്നതിന് സംസ്ഥാനസർക്കാറും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും, പ്രവാസി സംഘടനകളും, മലബാർ ഡെവലപ്മെന്റ് ഫോറം പോലെയുള്ള സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണം. കാലിക്കറ്റ് എയർപോർട്ടിനെ കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

യു.എ. നസീർ, ന്യൂയോർക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക