Image

ക്ലോറോക്വിന്‍ ജീവന്‍ രക്ഷിച്ചുവെന്ന് ഡമോക്രാറ്റിക് സിറ്റി കൗണ്‍സിലര്‍ പോള്‍ വാലോണ്‍

Published on 09 August, 2020
ക്ലോറോക്വിന്‍ ജീവന്‍ രക്ഷിച്ചുവെന്ന് ഡമോക്രാറ്റിക് സിറ്റി കൗണ്‍സിലര്‍ പോള്‍ വാലോണ്‍
ന്യൂയോര്‍ക്ക്: കോവിഡ് പിടിപെട്ട് മാര്‍ച്ച് മാസത്തില്‍ മരണത്തോട് മല്ലടിച്ച തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അത്ഭുതമരുന്നിനെക്കുറിച്ച് ഡെമോക്രാറ്റിക് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ പോള്‍ വാലോണിന്റെ വെളിപ്പെടുത്തല്‍.

അത് മറ്റൊന്നുമല്ല, ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മലേറിയ മരുന്ന്. ഏറെക്കാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടിയിരുന്ന അദ്ദേഹത്തിന് കോവിഡ് പിടിപ്പെട്ട ആദ്യ നാളുകള്‍ അത്യന്തം വിഷമകരമായിരുന്നു. ക്ഷീണിതനായി കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ. ശ്വാസംകിട്ടാത്തതുപോലെ തോന്നിയ നാളുകളില്‍ നിന്ന് ശരവേഗത്തിലാണ് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ ഉപയോഗം ഫലം കണ്ടത്.

രണ്ട് ദിവസം കൊണ്ട് തന്നെ ശ്വാസതടസം മാറുകയും പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്തു. ഒരാഴ്ചകൊണ്ട് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹം നല്‍കുന്നതും ഈ മരുന്നിന് തന്നെ. ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന മലേറിയയെ പിടിച്ചുകെട്ടിയ അതേ മരുന്ന് ലോകമിന്ന് ഭയക്കുന്ന കൊറോണയെ അകറ്റുമെന്നതില്‍ സ്വന്തം അനുഭവംകൊണ്ട് പോള്‍ വാലോണ്‍ പൂര്‍ണമായും വിശ്വസിക്കുന്നു.

1955 മുതല്‍ വിപണിയിലുള്ള മരുന്ന് ഏതു വ്യക്തിക്കും താങ്ങാവുന്ന തുച്ഛമായ വിലയില്‍ ലഭ്യമാണ്. കോവിഡിനുള്ള മരുന്ന് എന്ന പേരില്‍ പുതുതായി ഒന്ന് കണ്ടുപിടിച്ച് വമ്പന്‍ തുകയുടെ പേറ്റന്റ് സ്വന്തമാക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണ് നിലവിലുള്ള മരുന്ന് അംഗീകരിക്കാത്തതിന് കാരണമായി വാലോണ്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രസിഡന്റ് ട്രമ്പ് ഇത് പറഞ്ഞതിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ രംഗത്തുള്ളവരും ഉന്നത ശ്രേണിയില്‍പെട്ടവരും ഒരു കരുതല്‍ എന്ന നിലയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നവരാണെന്നും വാലോണ്‍ കൂട്ടിച്ചേര്‍ത്തു.

ലോകം ഒന്നാകെ ഭയാശങ്കയോടെ നിലകൊണ്ടപ്പോള്‍ പേടിക്കേണ്ടെന്നും നമ്മള്‍ ഇത് അതിജീവിക്കുമെന്നും പറഞ്ഞ് പ്രത്യാശ നിറച്ച വ്യക്തിത്വം എന്നാണ് വാലോണ്‍ ട്രംപിനെ വിശേഷിപ്പിച്ചത്.

ഇത് വാലന് ട്രംപിനോടുള്ള വിധേയത്വത്തിന്റെ പ്രതിഫലനമാണെന്നും സംസാരമുണ്ട്.

എന്നാല്‍ ഈ മരുന്ന് ഗുണത്തേക്കളേറേ ദോഷം ചെയ്യുമെന്നാണു ലോകാരോഗ്യ സംഘടനയും സി.ഡി.സിയും പറയുന്നത്

മുതിര്‍ന്നവരും മറ്റു രോഗങ്ങള്‍ ഉള്ളവരും കൊറോണയെ സൂക്ഷിക്കണം എന്നായിരുന്നു ഇതുവരെയുള്ള മുന്നറിയിപ്പ് . കൊറോണ പിടിപെട്ട കുട്ടികളും യുവാക്കളും മറ്റു രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരും ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിച്ചിരുന്നത് ആശ്വാസത്തോടെയാണ് ശാസ്ത്രലോകവും സമൂഹവും കണ്ടിരുന്നത്.

എന്നാല്‍ കോവിഡിന് ഇരയായ ഏഴുവയസുകാരന്‍ ജോര്‍ജിയയില്‍ മരണപ്പെട്ടത് ആശങ്ക പടര്‍ത്തിയിരിക്കുന്നു. മുന്‍പ് കോവിഡ് ബാധയേറ്റ് മരണമടഞ്ഞ രണ്ട് മുതിര്‍ന്ന പൗരന്മാരുമായി പള്ളിയില്‍ വച്ചുണ്ടായ സമ്പര്‍ക്കത്തിലൂടെയാകാം ബാലന് രോഗം പിടിപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്.

മറ്റു രോഗങ്ങള്‍ ഇല്ലാതിരുന്ന കുട്ടിയില്‍, സാധാരണ പനിയുടെ ലക്ഷണം കണ്ടപ്പോള്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതുകൊണ്ടു തന്നെ നിലവില്‍ രോഗങ്ങള്‍ ഇല്ലാത്തവരുടെയും കുട്ടികളുടെയും കാര്യത്തില്‍ അശ്രദ്ധമായ മനോഭാവം ഉണ്ടാകരുതെന്ന് കര്‍ശനനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിരിക്കുകയാണ് .

മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നതിനും പുറത്തുനിന്നു തിരികെ എത്തുമ്പോള്‍ കൈകള്‍ വൃത്തിയായി കഴുകുന്നതിനും ഒരു മടിയും വിചാരിക്കരുത്. ഈ കരുതലിനു ജീവന്റെ വിലയുണ്ട് - നമ്മുടെയും ചുറ്റുമുള്ളവരുടെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക