Image

ഓലപ്പുര വില്പനയ്ക്ക് (കഥ: രവീന്ദ്രൻ കച്ചിരി)

Published on 09 August, 2020
ഓലപ്പുര വില്പനയ്ക്ക് (കഥ: രവീന്ദ്രൻ കച്ചിരി)
അപ്പോൾ ദേവേട്ടൻ ഈ ഓല വീടും, അഞ്ച് സെൻ്റ് സ്ഥലവും വിൽക്കാൻ തന്നെ തീരുമാനിച്ചല്ലേ...
അല്ലാതെ കടം വീട്ടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലല്ലോ..
നിനക്ക് ഇഷ്ടം ഇല്ലാന്നുണ്ടോ?
അങ്ങനെ അല്ല. ദേവേട്ടാ...
നമ്മൾ ഇന്നോളം ഒഴുക്കിയ വിയർപ്പിൻ്റെയും സഹിച്ച ത്യാഗത്തിൻ്റേയും ശേഷിപ്പായിരുന്നില്ലേ ഈ ഓല വീടും സ്ഥലവും?
അതെ,
കടം കൂടി വരികയല്ലേ..
വലിയ വീട് വെച്ച അയൽകാർക്ക് എന്നും പുച്ഛമായിരുന്നു. നമ്മുടെ ഈ ചെറ്റ കുടിൽ:
ഇന്ന് അവർക്ക് വലിയ വീട്ടിൽ ചൂട് കൂടുതലാണത്രോ:
ഓണത്തിന് മുമ്പ് കെട്ടിമേഞ്ഞും, തറയിൽ കരിതേച്ചി മിനുക്കിയും ഓലയും മുളയും കൊണ്ട് മറച്ചും മുറ്റം ചാണകം മെഴുകിയും കാത്ത് പോരുന്ന ഈ വീടാണത്രേ അവർക്ക് ഇഷ്ടം!
ചുറ്റിനും മണിമാളികകൾ ഉണ്ടായിട്ടും സിനിമ കാർ പിടിച്ചത് നമ്മുടെ ഈ വീടല്ലേ...
അതേ ടീ ...
പണ്ട് ഉള്ളവർ പറയാറുണ്ട്. നാട് ഓടുമ്പോൾ നടുകെ ഓടണമെന്ന് .
അത് ഓടാൻ കഴിയുന്നവരോടാ പറഞ്ഞത്,
ഓടാൻ കഴിയാത്ത നമ്മൾ മാറി നിന്നു.
ഇന്ന് കാലം നമ്മെ തേടി വന്നേക്കുന്നു.
വലിയ കൊട്ടാരം കെട്ടുന്നതിലല്ല കാര്യം!
സമാധാനമുള്ള ചെറ്റ കുടിലിലാണ് സുഖം എന്ന്!
എടീ ...
നിനക്കറിയോ. ഓണം വന്നാലും വിഷു - വന്നാലും നാട്ടിലെ ഓല വീടുകൾക്ക് തന്നെ ആയിരുന്നു ചന്തം
ചെടികൾ വേലി തീർത്തും,വള്ളികൾ പൂമുഖം തീർത്തും മുറ്റത്ത് തട്ടിട്ട പൂക്കളം തീർത്തും അലംങ്കരിച്ച നാട്ടിലെ കുടിലുകൾക്ക് തന്നെ ആയിരുന്നു ഐശ്വര്യം'
ദേവേട്ടനും ഇപ്പോൾ വിൽക്കണ്ട എന്ന് തോന്നുന്നുണ്ടല്ലേ.
എടീ വിൽക്കുന്നവൻ്റെ മനസ്സിൽ എന്നും ആധിയാ...
വാങ്ങുന്നവൻ്റെ സന്തോഷം പോലും വിൽക്കുന്ന വൻ്റെ ചങ്കിടിപ്പ് കൂട്ടാറുണ്ട്.
എടീ നീ ഉറങ്ങിയോ?
അയാൾ മെല്ലെ എഴുന്നേറ്റ് പോയി തകര പെട്ടിയിൽ നിന്നും രണ്ടായി മടക്കി വെച്ച, ദ്രവിച്ച് തുടങ്ങിയ ആധാരം എടുത്ത് നിവർത്തി ,നെഞ്ചോട് ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി,
നീല മഷിയിൽ മങ്ങി തുടങ്ങിയ അക്ഷരങ്ങളിലേക്ക് അയാളുടെ കണ്ണീർ തുള്ളികൾ വീഴുന്നുണ്ടായിരുന്നു'
ദേവൂ .. ഇതാ നമ്മുടെ ആധാരം.
അയാൾ ഭാര്യയെ വിളിച്ചു.
ഇതാ.. നോക്കിയേ നാളെ ഓണമല്ലേ..
നമ്മുടെ വീട്ടിലെ അവസാനത്തെ ഓണം
നീ എന്താ ഒന്നും മിണ്ടാത്തത്.
നാളെ കഴിഞ്ഞേ അവർ വരൂ ..
രണ്ട് മൂന്ന് ദിവസത്തേയ്ക്ക് ഞാൻ ഡേററ് വാങ്ങിയിട്ടുണ്ട്.
നാളെ കഴിഞ്ഞാൽ നമ്മുടെ കുട്ടികളും പേരക്കുട്ടികളും വരില്ലേ ...
അവർക്ക് ഒരു കുറവും വരുത്തരുത്.
വീടും സ്ഥലവും വിറ്റ കാര്യം അവരോട് സാവധാനം പറഞ്ഞാൽ മതിയിട്ടോ ...
സഹിക്കൂല അവർ
നമുക്ക് മൂന്ന് പെൺകുട്ടികളല്ലേ ..
അവർ ഈ ഓല മറയിലല്ലേ .. കഴിഞ്ഞത്.
നീ പറഞ്ഞത് പോലെ ചെറുതായാലും വലുതായാലും വീട് ഒരു ആശ്വാസം തന്നെ.
സുഖവും ദു:ഖങ്ങളുമെല്ലാം ഇറക്കി വെയ്ക്കാനുള്ള ഒരു ആലയം:
നീ എന്താ ഒന്നും പറയാത്തത്.
ഞാൻ കൊണ്ടു വന്ന ഓണ കോടി നീ നോക്കിയോ ?
പൂക്കൾ മറ്റന്നാൾക്ക് കൂടി കരുതണേ ,
കുട്ടികൾക്ക് കൗതുകമാകട്ടെ,
അയാൾ ഭാര്യയെ തട്ടി വിളിച്ചു.
അവരുടെ ശരീരത്തിലെ തണുപ്പ് ,........
അയാൾ ഒന്നും മിണ്ടാതെ മുറ്റം ഇറങ്ങി മരച്ചോട്ടിലേക്ക് നടന്നു...
ഓലപ്പുര വില്പനയ്ക്ക് (കഥ: രവീന്ദ്രൻ കച്ചിരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക