Image

നീലി (നോവൽ -ഭാഗം-5: ആർച്ച ആശ)

Published on 09 August, 2020
നീലി (നോവൽ -ഭാഗം-5: ആർച്ച ആശ)
അടുത്തുള്ള മരത്തിനു പുറകിലേക്ക് മൂത്രമൊഴിക്കാൻ പോയി വന്ന ഓജോ സാത്താനെയും മീനൂനെയും കാണാതെ പകച്ചു. അവനോടു ഞാൻ പറഞ്ഞതാണെല്ലോ... അതിനിടയിൽ എങ്ങോട്ടാ പോയത്. മഴത്തുള്ളികൾ മണ്ണ് നനച്ചു തുടങ്ങി.
കാർമേഘം പോലെ കാടിരുണ്ടു.
ഓജോ ഉറക്കെ വിളിച്ചു "സാത്താനെ.....സാത്താനെ"
ആ ശബ്ദത്തിന്റെ മാറ്റൊലി കാടെങ്ങും മുഴങ്ങി.

ഓജോ മുന്നോട്ട് നടന്നു. നടവഴി അവസാനിച്ചു.
ഇനിയെങ്ങോട്ടെന്നുള്ള ചിന്തയിലുഴറി ഓജോ നിന്നു. മൊബൈൽ എടുത്തു സാത്താന്റെ നമ്പറിൽ വിളിച്ചു. കിട്ടുന്നില്ല.
"നാശം ഈ കാട്ടിൽ ഫോണിന് റേഞ്ചുമില്ല". സമയം 2 ആകുന്നതേ ഉള്ളൂ. ഇവിടെ അർദ്ധരാത്രിയുടെ പ്രതീതി.

"ഓജോ....ഓടിവാടാ...."
പെട്ടെന്നാണത് കേട്ടത് അത്ര വ്യക്തമല്ല.
അത് സാത്താന്റെ ശബ്ദമാണെല്ലോ...
എവിടെനിന്നാണ്.... കുറച്ചു നിമിഷങ്ങൾക്കുള്ളിൽ വീണ്ടും.

"ഓജോ....അയ്യോ.... "
ഓജോ നിൽക്കുന്നിടത്തു നിന്നു വലതു ഭാഗത്തു നിന്നാണ്.

"സാത്താനെ....സാത്താനെ നീ എവിടെയാണ്...?"
ഓജോ ശബ്ദംകേട്ട ഭാഗത്തേക്കോടി.

കുറച്ചോടി  ഇവിടെയൊന്നും.
സാത്താനെ....സാത്താനെ....
ഓജോ തൊണ്ട പൊട്ടുമാറ് ഉറക്കെ വിളിച്ചു.
ഇനീപ്പോ തോന്നിയതാവുമോ കാറ്റ് തന്റെ ശബ്ദം തന്നെ ചുഴറ്റിയടിച്ചതാവും.

"ഓയ്..."

പുറകിൽ നിന്നുള്ള ശബ്ദം കേട്ട് ഓജോ ഞെട്ടി. നിന്നിടത്തു നിന്നുതന്നെ തലചരിച്ചു ഇടത്തുവശത്തേക്ക് നോക്കി.
70  വയസിനുമേൽ പ്രായമുള്ള വൃദ്ധനാണ്.
അയാൾ ചോദ്യഭാവത്തിൽ ഓജോയെ നോക്കി.

"ആരാണ്...ഇവിടെ എന്തിന് വന്നു?ആരെയോ വിളിക്കുന്നത് കേട്ടല്ലോ..."
ഓജോക്ക് മറുപടി പറയാൻ അവസരം കൊടുക്കാതെ  വൃദ്ധൻ ഒറ്റശ്വാസത്തിൽ ചോദിച്ചു നിർത്തി.
ഇതെന്താ കോടീശ്വരൻ പരിപാടിയാണോ ചോദ്യങ്ങൾ മാത്രം.
ഓജോക്ക് മറുപടി പറയുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

"ഞാൻ ഓജോ. എന്റെ ഫ്രണ്ടിനെ കണ്ടില്ല, ഇവിടെ നിൽപ്പുണ്ടായിരുന്നു. ഞാനൊന്ന് ആ മരത്തിനു മറവിൽപോയി വന്നപ്പോഴേക്കും ആളെ കാണുന്നില്ല."

"അതെയോ..."വൃദ്ധൻ എന്തോ ഓർത്തതു പോലെ നിന്നു. എന്നിട്ട് മെല്ലെ
"അതേ ഇവിടെ അധികം നിൽക്കണ്ട.അത്ര നല്ല സ്‌ഥലമല്ല."

"അതെന്താ..?" ഓജോ പരിഭ്രാന്തിയിലായി ഇനി സാത്താന്...ഏയ് ഒന്നുമുണ്ടാവില്ല...അവൻ ആള് സ്ട്രോങ്ങ് ആണ്. മനസിലെ ഭയം മുഖത്തു കാണിക്കാതെ വൃദ്ധനുമുന്നിൽ നിന്നു.

അയാളുടെ കയ്യിൽ മുഷിഞ്ഞ ഒരു സഞ്ചിയുണ്ട്.മേൽ കുപ്പായമൊന്നുമില്ല. പണ്ടെങ്ങോ തെളിച്ചമുള്ളതായിരുന്നുവെന്നു തോന്നിപ്പിക്കുന്ന വിധമുള്ള വെണ്മയുടെ മങ്ങിയ പൊട്ടുകൾ അവിടവിടെയായി പറ്റിപ്പിടിച്ചതു പോലെ മുണ്ട്. തോളിൽ ഒരു നീളമുള്ള തുണി. ഓജോ വൃദ്ധനെ സൂക്ഷിച്ചു നോക്കി.

"കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാവും, പിന്നെ..." പറഞ്ഞതു മുഴുമിപ്പിക്കാതെ ഓജോയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ അഗ്നിയാണോ ജ്വലിക്കുന്നത്  ഓജോ അയാളുടെ മുഖത്തു നിന്ന് കണ്ണുകൾ പിൻവലിച്ചു.
ഓ. പിന്നെ ഇയാളിവിടെ.

"ഞാനീ കാടിന്റെ പൊരുളറിയുന്നവനാണ്. കാട്ടുമൂപ്പൻ." ഓജോയുടെ മനസു വായിച്ചതുപോലെ അയാൾ പറഞ്ഞു.

ആഹാ അപ്പോൾ തനിക്ക് സാത്താനെ കണ്ടുപിടിക്കാം എന്നിട്ട് ആന്ദ്രോയേയും. പ്രത്യാശയോടെ അയാളെ നോക്കി ഓജോ ചിരിച്ചു.

"അല്ല മൂപ്പൻ ഇപ്പൊ എങ്ങോട്ടാ....?"

അതാ  നീർച്ചോലയുടെ അടുത്തു ഒരു കുടിലുണ്ട്.അവിടെ വരെ പോകാണ്. അവിടെ ഒരാളുടെ കാല് മുറിഞ്ഞീന്ന്. ഒന്നു നോക്കാനത്രിടം  വരെ പോണ്. ലേശം വൈദ്യോ അറിയാ.അപ്പോഴാ തന്റെ നിലോളി കേട്ടത്."

കാട്ടരുവി, കുടില്, മുറിഞ്ഞ കാല് അതു ആ സ്‌ഥലം തന്നെ.ആന്ദ്രോ പറഞ്ഞ ആ വീട്.
ഇയാളുടെ കൂടെ പോയാൽ ആന്ദ്രോയെ കാണാം. തന്നെ കാണാഞ്ഞിട്ട് ഇനീപ്പോ സാത്താനും അങ്ങോട്ട് പോയിട്ടുണ്ടാവുമോ.?.
എന്തായാലും അയാളുടെ കൂടെ പോവാൻ തീരുമാനിച്ച ഓജോ,
"അതേ മൂപ്പാ, ഞാനും അങ്ങോട്ട് തന്നെയാണ്. ഒരുപക്ഷേ എന്റെ കൂട്ടുകാരനും അങ്ങോട്ട് പോയി കാണും."

പറയുന്നത് കേൾക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ കാറ്റു വീശിക്കൊണ്ടിരുന്നു.
"ആഹാ !എങ്കിൽ ബന്നോളൂ.. നല്ല പെയ്‌ത്താണ് വരുന്നത് വെക്കാം ബാ."

മൂപ്പനോടൊപ്പം ആ വീട്ടിലേക്ക് ഓജോ നടന്നു നീങ്ങി.

നല്ല വേദനയുണ്ട്. ആ വൈദ്യരെ ഒട്ടു കാണുന്നുമില്ല. അവന്മാരും എത്തിയില്ലല്ലോ ലോപ്പസ് ഉമ്മറത്തിരുന്നു പുറത്തേക്ക് നോക്കി. മരങ്ങൾ കാറ്റിലാടി അടുത്ത് വരുന്നപോലെ തോന്നിച്ചു നിവർന്നു നിന്നു. കാട്ടുചോല മഴ കൊതിച്ചു നിരപ്പിൽ നിന്നുമിത്തിരി പൊങ്ങിയിരുന്നു. കണ്ടാൽ നീർത്തുള്ളികൾക്ക് സ്വാഗതമോതുവാനെന്ന് തോന്നിപ്പോകും.

പുറകിൽ ഒരനക്കം കേട്ട് ലോപ്പസ് തിരിഞ്ഞു. ഗൗരിയുണ്ട് പിന്നിൽ, വളരെയടുത്ത്‌. തിരിഞ്ഞു നോക്കവേ അവളുടെ ശ്വാസം ലോപ്പസിന്റെ പിൻകഴുത്തിൽ പതിഞ്ഞു.
ശ് ശ് ...അതിന്റെ ഇളം ചൂടിൽ തളർന്ന ലോപ്പസ് മനസ്സിലോർത്തു. ഇപ്പൊ അവളുടെ കഴുത്തിൽ പിടിച്ചു മുന്നോട്ട് കൊണ്ടുവന്നു ആ അധരങ്ങൾ നുകുരണം മതിവരുവോളം. അതിന്റെ തീവ്രതയിൽ ശ്വാസമില്ലാതെയവൾ പിടയണം.
ആ ഓർക്കുമ്പോൾ തന്നെ ചൂടുപിടിക്കുന്നു. ലോപ്പസ്  അവളുടെ നേർക്ക് പതിയെ എഴുന്നേറ്റ്. അവളപ്പോഴും അവിടെത്തന്നെ നിന്നു.
അവളുടെ മൂക്കിന്റെ തുമ്പൊന്നു കാതിൽ തലോടി പോയോ.അതേ അങ്ങനെതന്നെ. അതുകൊണ്ടാണ് തന്റെ രോമകൂപങ്ങളുയർന്നു പൊങ്ങിയത്.
ഗൗരിയുടെ മിഴികളിലേക്ക് നോക്കി. അതിന്റെ ആകർഷണത്തിൽ താൻ ഉരുകിപ്പോവുകയാണെന്നു ലോപ്പസിന് തോന്നി.

ലോപ്പസിനെ നോക്കി ചിരിച്ചുകൊണ്ടു ഗൗരി

"എന്റെ മാഷേ, ഇതെന്താ ദിവാസ്വപ്നം കാണുന്നോ.അതും കണ്ണും തുറന്നുവെച്ചു. അകത്തു നിന്നും വിളിച്ചിട്ട് മാഷ് കേട്ടില്ല. ഞാൻ കരുതി ഉറങ്ങിപോയെന്ന് ,നോക്കിയപ്പോൾ ഇവിടെ തറഞ്ഞിരിക്കുന്നു. മാഷിന്റെ നോട്ടം  എവിടേക്കെന്നറിയാനാണ് ഞാൻ പുറകിൽ വന്നുനിന്നത്."

"അതു ശരി എന്നിട്ട് വല്ലതും കണ്ടോ..?"..

"ഇല്ല മാഷേ...ഞാനൊന്നും കണ്ടില്ല."

"ആ ഞാനും..."

"ഈ മാഷിന്റെ ഒരു കാര്യം.അകത്തേക്ക് കയറി വാ. നല്ല കാറ്റ്ണ്ട്.തുള്ളി വെക്കും മുൻപ് കയറിപ്പോര്. പതിവില്ലാത്തതല്ലേ , നീർക്കോളുണ്ടാവും."

ലോപ്പസിന് ചിരി വന്നു "നീർക്കോളോ എനിക്കോ എന്റെ പൊട്ടിപ്പെണ്ണേ ...പെരുമഴയെത്ര കൊണ്ട ശരീരമാണ്. തുള്ളി ഉടലിൽ വീണു തട്ടിച്ചിതറി തുള്ളിക്കളിച്ചങ്ങു പോകും.ലോപ്പസിനത് പുല്ലാണ്."

ലോപ്പസിന്റെ ചിരികണ്ട് ഗൗരിക്കു മനസിലായി അത് തന്നെകളിയാക്കിയുള്ളതാണെന്ന്. ശുണ്ഠി പിടിച്ചു അകത്തേക്ക് കയറി പെട്ടെന്ന് തിരിഞ്ഞു ലോപ്പസിന്റെ മുന്നിൽ നിന്നു. അവളുടെ ഉടലിന്റെ വിയർപ്പ് ഗന്ധം നന്നേ അറിയുന്നുണ്ടായിരുന്നു. അതിന്റെ മാസ്മരികതയിൽ. അവളെ മുറുക്കെ ചേർത്തുപിടിക്കാൻ കൈകൾ തരിച്ചു. ആ കണ്ണുകളിൽ മുഖമൊന്നു വീണാൽ തന്റെ മനസവൾ വായിക്കുമെന്നു ലോപ്പസിന് തോന്നി.

മീനുവിന്റെ കൂടെ നടന്ന സാത്താൻ  അനക്കമൊന്നും കേൾക്കാഞ്ഞു തിരിഞ്ഞു നോക്കി. ഓജോ പുറകെയില്ല.അവനിതെവിടെ?.
പെട്ടെന്നാണ് അവൻ  നിൽക്കാൻ പറഞ്ഞതാണെല്ലോന്ന് സാത്താനോർത്തത്.ആ കഴുതയോട് പറഞ്ഞതാണെല്ലോ...കുറച്ചൊന്നു പിടിച്ചു നടക്കാൻ. ഇവനെക്കൊണ്ട്‌ തോറ്റ്. ഇതിത്തിരി ദൂരം കൂടുതൽ നടന്നെത്തുകയും ചെയ്ത്. മീനുവിനെ നോക്കി. അവൾ കുറച്ചുകൂടി മുന്നിൽ എത്തിയിരുന്നു. പുറകിൽ ആരെയും കാണാഞ്ഞിട്ട് അവൾ തിരിഞ്ഞ് നിൽപ്പുണ്ട്.

പെട്ടെന്ന് കാറ്റിനോടൊപ്പം വലിയ തുള്ളികൾ ദേഹം കുത്തിതുളച്ചെന്നപോലെ വീഴാൻ തുടങ്ങി.മീനു കൈയ്യാട്ടി വിളിച്ചു.
അവളോട്‌ ചെന്നു കാര്യം പറയ, എന്നിട്ടു ഓജോ വരുന്നത് വരെ കാത്തുനിൽക്കാം.
സാത്താൻ മീനുവിന്റെ അരികിലെത്തി. മീനു സാത്താന്റെ പിന്നിലേക്ക് നോക്കി.

"അവൻ ഇപ്പോ വരും നമ്മുക്ക് ഇവിടെ നിൽക്കാം."

"ഇവിടെയോ നല്ല മഴയാണ്...ദാ അവിടെ ഒരു ഏറുമാടം ഉണ്ട്. അവിടേക്ക് കയറി നിൽക്കാം."

"അതാണ് നല്ലതെന്ന് സാത്താനും തോന്നി.
എങ്കിൽ വാ അങ്ങോട്ട് നീങ്ങിനിക്കാം അവൻ വരുമ്പോൾ ഒരുമിച്ചു പോകാം."

മീനുവിന്റെ കണ്ണുകൾ ഒന്നു തിളങ്ങി മങ്ങി.
മഴ ശക്തിയായി പെയ്യാൻ തുടങ്ങി കാറ്റിന്റെ വേഗത്തിൽ മരം തലക്ക് മുകളിലേക്ക് വീഴുമെന്ന് സാത്താന് തോന്നി.

"വേഗം വാ." മീനു ഓടി പുറകേ സാത്താനും.
പെട്ടെന്ന് ഒരു വലിയ മരത്തിന്റെ ചുവട്ടിൽ മീനു നിന്നു.  മുകളിലേക്കൊന്നു നോക്കി,സാത്താനും. കയ്യിലിരുന്ന സഞ്ചി കയ്യിലേക്ക് കയറ്റിയിട്ടു. മുകളിലേക്ക് കയറി. ഓരോ കാലടികളിലും അതിന്റെ പടികളിലെ ഞെരുക്കവും കുലുക്കവും കണ്ടു സാത്താൻ താഴെ നിന്നു. എത്ര പെട്ടെന്നാണ് ഒരാണിന്റെ മെയ് വഴക്കത്തോടെ അവൾ മുകളിലെത്തിയത്. മഴ ആരോടോ ദേഷ്യം പൂണ്ടപോലെ തിമിർത്തു പെയ്തു. മീനു മുകളിൽ നിന്നു വിളിക്കുന്നുണ്ട്.
"പെട്ടെന്ന് കയറി വാ സാറേ.."

പതിയെ കമ്പുകളിൽ ചവിട്ടി മുകളിലേക്ക് കയറി.നല്ല ഉയരത്തിലാണ് ഏറുമാടമിരിക്കുന്നത്. അവസാനത്തെ പടിയിലെത്തിയപ്പോൾ മീനു കൈ സാത്താന് നേരെ നീട്ടി. സാത്താൻ ആ കൈയ്യിൽ പിടിച്ചു. ആ കൈക്ക് ഒരു കുട്ടിയുടെ ബലമല്ലായിരുന്നു. അതിന് തന്നെപ്പോലെ ഒരാളെ പിടിച്ചുയർത്താനുള്ള കെല്പുണ്ടെന്നു സാത്താന് തോന്നി. സാത്താൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം വിടർത്തി ചിരിച്ചു.ആ കണ്ണുകളിൽ നിന്നുമുള്ള അമ്പുകൾ സാത്താന്റെ നെഞ്ചിൽ തറച്ചു. മീനുവിന്റെ കയ്യിലുയർന്നു സാത്താൻ ഏറുമാടത്തിലേക്ക്  കയറി.

തുടരും.
നീലി (നോവൽ -ഭാഗം-5: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക