Image

യാത്രകള്‍ എപ്പോള്‍ പുനഃരാരംഭിക്കും? (അജു വാരിക്കാട്)

Published on 10 August, 2020
യാത്രകള്‍ എപ്പോള്‍ പുനഃരാരംഭിക്കും? (അജു വാരിക്കാട്)
യാത്രകള്‍ ഇഷ്ടപെടാത്തവരായ ആരും ഉണ്ടാവില്ല. സ്‌കൂള്‍ അടച്ചാല്‍ കുടുംബത്തോടെ നാട്ടിലേക്കുള്ള യാത്രകളും, ജോലി സംബന്ധമായും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ഉള്ള യാത്രകളും, വിരമിച്ചു വിശ്രമജീവിതം ആരംഭിച്ചവരുടെ വിദേശപര്യടനവും എല്ലാം ചേര്‍ന്നതായിരുന്നു നമ്മുടെ യാത്രകള്‍.

ആഗോള ജനസംഖ്യയുടെ 90% ആളുകളും ഇന്ന് കൊറോണാ മൂലം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലാണ് താമസിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ വരുത്തിവച്ച നഷ്ടങ്ങളുടെ ഒരു സ്‌നാപ്പ്‌ഷോട്ട് എടുക്കുക ബുദ്ധിമുട്ടാണ്. കാരണം വൈറസ് പടരുന്നതിനനുസരിച്ച് ഡാറ്റകളുംമാറിമറിയുന്നു. ആഗോള യാത്രാ കമ്പനികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് ഗ്രൂപ്പായ വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ആഗോളതലത്തില്‍ 75 ദശലക്ഷം തൊഴില്‍ നഷ്ടങ്ങളും2.1 ട്രില്യണ്‍ ഡോളര്‍ വരുമാന നഷ്ടവും ഉണ്ടാവും എന്ന്പറയുന്നു. അമേരിക്കയടക്കമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും പല പ്രമുഖ വിമാന കമ്പനികളും 25 - 45 ശതമാനം വരെ ജീവനക്കാരെ പിരിച്ചു വിടുകയോ പിരിച്ചു വിടാന്‍ ഒരുങ്ങുകയോ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയം അമേരിക്കന്‍ വിമാനത്താവളങ്ങളിലൂടെ ഓരോ ദിവസവും 2 ദശലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോയി. ആ സ്ഥാനത്തു ഇന്ന്, വിമാന യാത്ര 95% ത്തിലധികം കുറഞ്ഞു. ഇപ്പോള്‍ ഓരോ ദിവസത്തെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്താകമാനം ഒരു ലക്ഷത്തില്‍ താഴെ മാത്രം വിമാന യാത്രക്കാര്‍. ശൂന്യമായ ഹവായിയിലെ ടൂറിസ്റ്റ് ഹോട്ടലുകള്‍. വിജനമായ ലാസ് വെഗാസ് കാസിനോകള്‍

യാത്രാ വ്യവസായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ലോംഗ് വുഡ്‌സ് ഇന്റര്‍നാഷണലില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ 82% അമേരിക്കക്കാരും പാന്‍ഡെമിക്കിന്റെ ഫലമായി അടുത്ത ആറുമാസത്തേക്കുള്ള അവരുടെ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തിയതായി കണ്ടെത്തി. 50% ആളുകള്‍ യാത്രകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയതായും, 45% ആളുകള്‍ യാത്ര മറ്റൊരു സമയത്തേക്ക് മാറ്റിവച്ചതായും സര്‍വേ കണ്ടെത്തി. ഈ നമ്പറുകള്‍ വളരെ കടുത്തതാണെങ്കിലും ശുഭ പ്രതീക്ഷയിലാണ് ടൂറിസം ട്രാവല്‍ ഇന്‍ഡസ്ട്രി.

1.1 ട്രില്യണ്‍ ഡോളറിന്റെ വ്യവസായം സാധാരണ നിലയിലേക്കുള്ള ഒരു തിരിച്ചുവരവിന് മാസങ്ങളും വര്‍ഷങ്ങളും എടുക്കും. സാധാരണ നിലയിലേക്ക് യാത്രകള്‍ എത്തണമെങ്കില്‍ യാത്രകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെ ആശ്രയിച്ചിരിക്കും. എല്ലാ തൊഴില്‍ മേഖലയും ഏതെങ്കിലും തരത്തില്‍ കുറഞ്ഞത്10% എങ്കിലും ട്രാവല്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ വ്യവസായം ഒരുകാലത്ത് അച്ചടക്കവും ആരോഗ്യവുമുള്ള സാമ്പത്തിക രംഗത്തിന്റെവിശ്വസനീയമായ അളവുകോലായിരുന്നു. ഉയര്‍ന്ന നിരക്കുകളുള്ള ബിസിനസ്സ് ക്ളാസുകളില്‍ വിദേശ യാത്ര ചെയ്യുന്ന ബിസിനസ്സ് എക്‌സിക്യൂട്ടിവ് മുതല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഡിസ്‌നി വേള്‍ഡിലേക്ക് പറക്കുന്ന വിനോദസഞ്ചാരികള്‍ വരെ, ഈ വ്യവസായത്തിനെ ശക്തിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി.

ആഭ്യന്തര യാത്രക്കാര്‍ക്ക് 4,000 ഡോളര്‍ വരെ വ്യക്തിഗത നികുതി ക്രെഡിറ്റുകള്‍ നല്‍കണം എന്ന യുഎസ് ട്രാവല്‍ അസോസിയേഷന്റെ അഭ്യര്‍ത്ഥന ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നു.

ടൂര്‍ ഓപ്പറേറ്റര്‍മാരും വിമാന കമ്പനികളുംആഡംബരക്രൂസുകളും ഹോട്ടലുകളും മാത്രമല്ല പകര്‍ച്ചവ്യാധി മൂലം ഉണ്ടാകുന്ന വേദന അനുഭവിക്കുന്നത്. ഇവയുമായി ബന്ധപെട്ടു കിടക്കുന്ന റെന്റല്‍ കാര്‍/വാന്‍ബിസിനസ്സുകളും ടാക്‌സി ഓപ്പറേറ്റര്‍മാരും ഒരു ഇരുണ്ട ഭാവി മുന്നില്‍ കാണുന്നു.

കോവിഡാനന്തര യാത്രക്ക് പല യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു തുടങ്ങി. കര്‍ശനമായ കോവിഡ് പരിശോധനകളിലൂടെ അമേരിക്കയുള്‍പ്പടെ പലരാജ്യങ്ങളും പരിമിതമായ യാത്രകള്‍ അനുവദിച്ചു തുടങ്ങി. യൂറോപ്പിലെ പല രാജ്യങ്ങളും വിനോദ സഞ്ചാരികളെ അനുവദിക്കുമെങ്കിലും വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വിമാനത്താവളത്തിന് പുറത്തേക്കു വിടുകയൊള്ളു.

സാമ്പത്തീക രംഗത്തിനു മായാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കൊറോണ വൈറസ്, ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ ദുരവ്യാപകമായ പല വലിയ മാറ്റങ്ങളും കൊണ്ടുവരും എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

രണ്ട് മാസം മുമ്പ്, സ്‌കൈപ്പ് അല്ലെങ്കില്‍ സൂം വഴി മീറ്റിംഗുകളും പരസ്പരം കണ്ടുമുട്ടുന്നതും അചിന്തനീയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. സൂം മീറ്റിംഗ് സര്‍വ്വസാധാരണമായി. ഈ പകര്‍ച്ചവ്യാധി നമ്മെ ഒരു പത്തുവര്‍ഷമെങ്കിലും മുന്‍പോട്ടുള്ള ഭാവിയില്‍ എത്താന്‍ പ്രേരിപ്പിച്ചു.

ഞാന്‍ ജോലിചെയ്യുന്ന ഹ്യുസ്റ്റണിലെ പവല്‍ എന്ന കമ്പനിയില്‍ ഊര്‍ജ്ജോത്പാദന കമ്പനികള്‍ക്കായി നിര്‍മ്മിക്കുന്ന സ്വിച്ച് ഗിയറും മറ്റും കസ്റ്റമറിലേക്കു എത്തിക്കുന്നതിന് മുന്‍പ്കസ്റ്റമര്‍ ഇന്‍സ്പെക്ഷന്‍ നടത്തിയിരുന്നു. അതിനായി വിദേശ രാജ്യങ്ങളില്‍ നിന്നുപോലും അവര്‍ പരിശോധനക്കായി പവലില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കൈപ്പ് അല്ലെങ്കില്‍ സൂം പോലെയുള്ള മാധ്യമങ്ങള്‍ വഴി പരിശോധനയും മീറ്റിങ്ങും നടത്തി ഷിപ്പിംഗ് അപ്പ്രൂവല്‍ കൊടുക്കുന്നു.

കോവിഡാനന്തരം ആഭ്യന്തര യാത്രകളുടെ ഒരു വന്‍ കുതിച്ചുചാട്ടം ആണ് പ്രതീക്ഷിക്കുന്നത്. നിരവധി ആളുകള്‍ക്ക്, യാത്രകള്‍ അവധിക്കാലത്തിന്റെ പര്യായമാണ്. അങ്ങനെയുള്ളവര്‍ നിയന്ത്രണങ്ങളോടെയുള്ള വിമാനയാത്രകളും ദൂരെയാത്രകളും ഒരു പരിധിവരെ ഒഴിവാക്കി സമാന്തരമായി 4-5മണിക്കൂറുകള്‍ മാത്രമുള്ള കാര്‍ യാത്രകളില്‍ പരിമിതപ്പെടുത്തും. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ജിജ്ഞാസ ഉള്ളടത്തോളം കാലം യാത്രകല്‍തുടരുക തന്നെ ചെയ്യും പക്ഷെ എപ്പോള്‍ എന്നുള്ളതാണ്ഇപ്പോഴുള്ള ചോദ്യം.

യാത്രകള്‍ സുരക്ഷിതമെന്ന് തോന്നുന്നത് വരെ ഈ ഇന്‍ഡസ്ട്രി പൂര്‍ണ്ണമായി തിരിച്ചു വരില്ല. ആ സുരക്ഷിത്വം നമുക്ക് ലഭിക്കണമെങ്കില്‍ കോവിഡിന് ഫലപ്രദമായ ഒരു വാക്‌സിന്‍ വരണം. ഒരു വാക്‌സിന്‍ ഉണ്ടാകുന്നതുവരെ മറച്ചുസംഭവിക്കുമെന്ന് തോന്നുന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക