Image

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ കത്ത് ലഭിച്ചില്ലെന്ന് തമിഴ്‌നാട്

Published on 12 August, 2020
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ കത്ത് ലഭിച്ചില്ലെന്ന് തമിഴ്‌നാട്
കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകുമ്പോള്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയെന്നു പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്നലെ അണക്കെട്ടില്‍ പരിശോധനയ്ക്ക് എത്തിയ മുല്ലപ്പെരിയാര്‍ ഉപസമിതിയോട് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 6ന്  അഡീഷനല്‍ ചീഫ് സെക്രട്ടറി (ജലവിഭവം) ടി.കെ.ജോസ് തമിഴ്‌നാടിന് കത്ത് നല്‍കിയതായി  കേരളം അറിയിച്ചു.

ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ സമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ തമിഴ്‌നാട് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഉപസമിതി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേരും. ഈ യോഗത്തിലും കേരളം തങ്ങളുടെ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. ഡാമിലെ ഇന്നലത്തെ ജലനിരപ്പ്  136.90 അടി.സമിതി ചെയര്‍മാന്‍ ശരവണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.

അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ മേല്‍നോട്ടസമിതിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടാവില്ല.ചെയര്‍മാനു പുറമേ കേരളത്തിന്റെ പ്രതിനിധികളായ ബിനു ബേബി, എന്‍.എസ്. പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ സാം ഇര്‍വിന്‍, ടി.കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക