Image

വിദ്യാര്‍ഥിനിയുടെ അപകടമരണം: ശല്യം ചെയ്തതിന് തെളിവില്ലെന്ന് പോലീസ്

Published on 12 August, 2020
വിദ്യാര്‍ഥിനിയുടെ അപകടമരണം: ശല്യം ചെയ്തതിന് തെളിവില്ലെന്ന്  പോലീസ്
ലഖ്‌നൗ: യു.എസിലെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സുധീക്ഷ ഭാട്ടിയുടെ  മരണത്തില്‍ യുവാക്കള്‍ ശല്യപ്പെടുത്തിയത് പരാമര്‍ശിക്കാതെ എഫ്.ഐ.ആര്‍. സുധീക്ഷയുടെ കുടുംബം ആരോപിച്ചതെല്ലാം അപ്പാടെ തള്ളിയാണ് യു.പി. പോലീസ് കഴിഞ്ഞദിവസം പ്രാഥമിക എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.

അമ്മാവനും കസിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുധീക്ഷയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് പേര്‍ നിരന്തരം ശല്യപ്പെടുത്തിയെന്നും ബൈക്കിനെ മറികടന്ന് തടസം സൃഷ്ടിച്ചതായും കുടുംബം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്ന് പറഞ്ഞാണ് യു.പി. പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

സുധീക്ഷയും അമ്മാവനും കസിനും സഞ്ചരിച്ച ബൈക്കിനെ രണ്ട് പേര്‍ പിന്തുടരുകയും സുധീക്ഷയെ ശല്യം ചെയ്‌തെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ യുവാക്കളുടെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു കഴിഞ്ഞദിവസം കുടുംബത്തിന് കിട്ടിയ വിവരം. എന്നാല്‍ സുധീക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്ന യുവാക്കള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയും ഇതേത്തുടര്‍ന്ന് സുധീക്ഷയും അമ്മാവനും കസിനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം സംഭവിച്ചെന്നുമാണ് സുധീക്ഷയുടെ പിതാവ് ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയത്.

അപകടത്തില്‍ സുധീക്ഷയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ബൈക്ക് യാത്രികരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യുവാക്കള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന ആരോപണത്തില്‍ പോലീസ് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ശല്യപ്പെടുത്തിയെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റം മാത്രമാണ് എഫ്.ഐ.ആറിലുള്ളത്. പെണ്‍കുട്ടിയെ ശല്യംചെയ്തതിനെക്കുറിച്ച് പരാമര്‍ശം പോലുമില്ല.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാറിന്റെയും പ്രതികരണം. സുധീക്ഷ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്നത് അമ്മാവനല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത കസിനായിരുന്നുവെന്നും പെണ്‍കുട്ടിയെ ശല്യംചെയ്തതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ പഠിച്ചുവളര്‍ന്ന സുധീക്ഷ ഭാട്ടി പ്ലസ് ടു പരീക്ഷയില്‍ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒന്നാമതായിരുന്നു. ശേഷം 3.8 കോടി രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെയാണ് യുഎസില്‍ തുടര്‍പഠനത്തിന് പോയത്. യുഎസിലെ ബാബ്‌സണ്‍ കോളേജില്‍ പഠനം തുടരുന്നതിനിടെ കഴിഞ്ഞമാസം നാട്ടില്‍ തിരിച്ചെത്തി. ഓഗസ്റ്റ് അവസാനത്തോടെ യുഎസിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക