Image

മരിച്ചവര്‍ സംസാരിക്കുന്നു (കഥ: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 13 August, 2020
മരിച്ചവര്‍ സംസാരിക്കുന്നു (കഥ: ബാബു പാറയ്ക്കല്‍)
ദേവാലയത്തില്‍ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ അവസാനിച്ചിരിക്കുന്നു. ഷാജി വാച്ചില്‍ നോക്കി. പറഞ്ഞിരുന്നതിനേക്കാള്‍ അരമണിക്കൂര്‍ വൈകിയിരിക്കുന്നു. തലേദിവസം ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോഴും താന്‍ മുഴുവന്‍ സമയം അവിടെ ഉണ്ടായിരുന്നു. അവിടെയും സമയം വൈകി. പ്രസംഗിക്കുന്നവര്‍ സമയത്തിന്റെ കാര്യത്തില്‍ കൃത്യത പാലിക്കാതിരുന്നതാണ് കാരണം. ചിലരൊക്കെ ഇരുപത് മിനിറ്റില്‍ കൂടുതല്‍ പ്രസംഗിച്ചു. അമേരിക്കന്‍ സ്വപ്ന ഭൂമിയില്‍ വന്നിട്ട് 45 വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം വെട്ടിപ്പിടിച്ച് മക്കളും കൊച്ചുമക്കളുമൊക്കെയുള്ള ഒരപ്പച്ചനാണ് മരിച്ചത്. എന്നിട്ടും സ്വന്തം പൂന്തോട്ടത്തിലെ മനോഹരമായ പുഷ്പങ്ങള്‍ ഇറുത്തെടുക്കുവാനുള്ള യജമാനന്റെ അവകാശത്തെ ഉപമിച്ചുകൊണ്ട് ദൈവം ഇഷ്ടപ്പെടുന്ന ആരെയും എപ്പോള്‍ വേണമെങ്കിലും തിരിച്ചു വിളിക്കാമെന്നും ഈ അപ്പച്ചന്‍ അങ്ങനെയുള്ള ഒരു പുഷ്പമായിരുന്നുവെന്നും ഒരാള്‍ പ്രസംഗിച്ചു. ഇത് സാധാരണ കേള്‍ക്കാറുള്ളതാണ് താന്‍ പലപ്പോഴും ഓര്‍ക്കും, ആ പൂന്തോട്ടത്തില്‍ ഇനിയും മനോഹരമായ പുഷ്പങ്ങള്‍ ബാക്കിയോ!

ദേവാലയത്തിന്റെ മുഖ്യ കവാടത്തില്‍ കൂടി ശവ മഞ്ചം വെളിയിലേക്ക് കൊണ്ടുവന്നു. താന്‍ തൊട്ടരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ശവം വഹിച്ചുകൊണ്ടുപോകുവാനുള്ള വാഹനത്തിന്റെ അരികിലായി നിന്നു. അടുത്തുവന്ന 'കാസ്‌കറ്റ്' വണ്ടിയുടെ പുറകില്‍ കൂടി താന്‍ അകത്തേക്ക് തള്ളിവെച്ചു. കൃത്യമായ സ്ഥലത്ത് വച്ച ശേഷം പെട്ടി അനങ്ങാതിരിക്കുവാന്‍ ലോക്ക് ചെയ്തു.

'എന്താാ, ഇന്ന് ഷാജിയാണോ?'
'അതെ' താന്‍ മറുപടി നല്‍കി.

എല്ലാം ഭദ്രമാണെന്ന്നു ഒന്നു കൂടി പരിശോധിച്ച ശേഷം താന്‍ ഡ്രൈവര്‍ സീറ്റിലേക്ക് കയറി.

ശവം കൊണ്ടു പോകുന്ന വണ്ടിക്കും മലയാളി ഡ്രൈവറായോ ? അടുത്തു നിന്ന ഒരാള്‍ ചോദിച്ചു.

താന്‍ മറുപടിയായി ഒന്നും പറഞ്ഞില്ല.

തന്റെ വാഹനം പാര്‍ക്ക് വേയിലേക്ക് കയറിയപ്പോള്‍ റിയര്‍ വ്യൂ മിററിലേക്ക് നോക്കി. ധാരാളം വാഹനങ്ങള്‍ ഹെഡ്ലൈറ്റ് തെളിയിച്ചുകൊണ്ട് പിന്നാലെയുണ്ട്. ഇത് സാധാരണ കാണുന്ന ഒരു കാഴ്ചയാണ്. പക്ഷേ, ഇന്ത്യക്കാര്‍ മരിക്കുമ്പോള്‍ മാത്രമേ ഇത്രയധികം വാഹനങ്ങള്‍ അകമ്പടി സേവിക്കാറുള്ളു. അല്ലാത്തപ്പോഴൊക്കെ മൂന്നോ നാലോ കാറുകളില്‍ ഒതുങ്ങും.

ശവം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായി താന്‍ ജോലി നോക്കുന്നതില്‍ മലയാളികള്‍ പലരും നെറ്റി ചുളിക്കാറുണ്ട്. 'ഇത് മലയാളിക്ക് പറ്റിയ പണിയല്ല' എന്ന് പലരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഒന്നാമത് ഈ വാഹനം കൊണ്ടുപോകുന്നത് പലര്‍ക്കും ഭയമുള്ള കാര്യമാണ്. തുടക്കത്തില്‍ തനിക്കും അങ്ങനെയായിരുന്നു. പക്ഷേ, പിന്നീട് ആ ഭയം മാറി. ഇപ്പോള്‍ ഇതും ഒരു സാധാരണ ജോലി പോലെ മാത്രമേ തോന്നാറുള്ളു. ആവശ്യം സൃഷ്ടിയുടെ മാതാവാണ്. ഓരോ കാര്യത്തിനും അതിന്റേതായ കാരണങ്ങങ്ങളുണ്ട്. തന്റെ കാര്യത്തിലും അത് വ്യത്യസ്തമല്ല. താന്‍ ഭയപ്പെട്ടത് ശവം കണ്ടല്ല. ജീവനുള്ള മനുഷ്യരാണ് തന്നെ ഭയപ്പെടുത്തിയത്. അയാള്‍ പുറകോട്ട് ചിന്തിച്ചു.

നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് വന്നപ്പോള്‍ മനസ്സിലുണ്ടായിരുന്ന ചിന്ത ഡിഗ്രിയുള്ള തനിക്ക് ഇവിടെ ജോലി കിട്ടുവാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല എന്നായിരുന്നു. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് പിന്നീട് മനസ്സിലായി. ഒരു വലിയ ഇലക്ട്രോണിക്‌സ് കടയില്‍ ഒരു ജോലി തരപ്പെട്ടു. ഡിഗ്രിയുണ്ടായിട്ടും ഇവരുടെ ഇംഗ്ലീഷ് മനസ്സിലാക്കാനും അതുപോലെ സംസാരിക്കാനും തനിക്ക് കഴിഞ്ഞില്ല. ഇത് മിക്കവാറും എല്ലാ മലയാളികളുടേയും അവസ്ഥയാണ്. അതുകൊണ്ട് അവര്‍ തനിക്ക് ഹെല്‍പ്പര്‍ തസ്തികയാണ് നല്‍കിയത്. ടി വിയും കംപ്യൂട്ടറുമൊക്കെ വാങ്ങുന്ന കസ്റ്റമേഴ്സിന് അത് ഹാന്‍ഡ് ട്രക്കില്‍ വച്ച് അവരുടെ കാറില്‍ വരെ എത്തിക്കുക എന്ന പണിയായിരുന്നു. അത് തനിക്ക് ഇഷ്ടപ്പെട്ടില്ല. പരിചയമുള്ള ആരെങ്കിലും കാണുമോ എന്ന ഭയമായിരുന്നു. ഒരിക്കല്‍ ഒരു മലയാളി അപ്പച്ചന്‍ കൊച്ചുമകന് ഗിഫ്റ്റ് കൊടുക്കാനായി വാങ്ങിയ കംപ്യൂട്ടറുമായി പാര്‍ക്കിംഗ് ലോട്ടിലേക്ക് പോയപ്പോള്‍ അല്‍പം സംസാരിച്ചു. ഈ പണി തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല ചെയ്യുന്നതെന്നുള്ള സത്യം താന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞത് മറിച്ചായിരുന്നു. ഏത് ജോലിയും അന്തസ്സുള്ളതാണ് ചെയ്യുന്ന ജോലിയില്‍ സംതൃപ്തി കണ്ടെത്തുന്നവനു മാത്രമേ ജീവിതത്തില്‍ വിജയിക്കാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അനുഭവം അദ്ദേഹത്ത് അത് പഠിപ്പിച്ചതാണ്.

ഭാര്യയും രണ്ട് മക്കളുമായി കുടിയേറിയ തനിക്ക് എങ്ങനെയും ജീവിക്കുവാനുള്ള വരുമാനം കണ്ടെത്തേണ്ടിയിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ കടയില്‍ സേയില്‍സ്മേനായി. ആയിടയ്ക്ക് തനിക്ക് ബാങ്കില്‍ ഒരു ജോലി കിട്ടി. പക്ഷേ അവരുടെ നിര്‍ദ്ദേശാനുസരണമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങിക്കഴിയുമ്പോള്‍ വരുമാനം കാര്യമായി കുറഞ്ഞു. അങ്ങനെയിരിക്കെ ടാക്സി ഓടിക്കുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അങ്ങനെ താന്‍ ടാക്സി ഡ്രൈവറായി. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല വരുമാനമായിരുന്നു. ശരാശരി ആഴ്ചയില്‍ ആയിരം ഡോളര്‍ കാഷ് കയ്യില്‍ വരുമായിരുന്നു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ നല്ല രീതിയില്‍ കുടുംബം മുന്നോട്ട് പോകുമ്പോഴാണ് ഒരു ദിവസം തന്റെ ജീവിതം മറ്റി മറിച്ച ആ സംഭവം ഉണ്ടായത്.

പതിവ് പോലെ രാവിലെ ആറ് മണിക്ക് മന്‍ഹാട്ടനിലെത്തി. നല്ലതുപോലെ ബിസിനസ്സ് വേഷമണിഞ്ഞ ഒരാള്‍ കാറില്‍ കയറി. അയാള്‍ക്ക് പോകേണ്ടിയിരുന്നത് ദിനം തോറും കൊല്ലും കൊലയും നടക്കുന്ന ഒരു സ്ഥലമായിരുന്നു. അതു കേട്ടപ്പോഴേ 'ഇത് വേണ്ടിയിരുന്നില്ല എന്നു തോന്നി. എങ്കിലും ആളിനെ കണ്ടിട്ട് കുഴപ്പമില്ലെന്ന് തോന്നിയതുകൊണ്ടും കയറിയ പാസഞ്ചറെ ഇറക്കിവിടാന്‍ നിയമം അനുവദിക്കാത്തതുകൊണ്ടും അയാളെ കൊണ്ടുപോയി. പറഞ്ഞസ്ഥലത്ത് കൃത്യമായി എത്തിക്കഴിഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തി. പെട്ടന്ന് തന്റെ ചെവിക്ക് പുറകില്‍ ഒരു തണുപ്പനുഭവപ്പെട്ടു. റിയര്‍ വ്യൂ മിററിലേക്ക് നോക്കി. ഞെട്ടിപ്പോയി! തന്റെ തലയ്ക്ക് പുറകില്‍ ആ യാത്രക്കാരന്‍ തോക്ക് വെച്ചിരിക്കുന്നു'

'അനങ്ങിപ്പോകരുത്' അയാള്‍ പറഞ്ഞു.
തന്റെ കാലില്‍ കൂടി ഒരു പെരുപ്പുകയരി. ഒരു സെക്കന്റുകൊണ്ട് ദേഹം വിറയ്ക്കാന്‍ തുടങ്ങി. മക്കളെ പറ്റി ചിന്തിച്ചു. ഇനിയും അവരെ കാണാന്‍ പറ്റില്ലല്ലോ, ഈശ്വരാ!

Give me the money അയാള്‍ ആജ്ഞാപിച്ചു.
തന്റെ കയ്യില്‍ പണമില്ലെന്നും താങ്കള്‍ ആദ്യത്തെ യാത്രക്കാരനാണെന്നും എങ്ങനെയോ പറഞ്ഞു പിടിപ്പിച്ചു.

തല കുനിയ്ക്കാന്‍ അയാള്‍ ആജ്ഞാപിച്ചു. പറയുന്നത് അനുസരിക്കാതെ മറ്റ് മാര്‍ഗ്ഗമില്ലല്ലോ, തലകുനിച്ചു. അയാള്‍ തോക്ക് തലയുടെ നേരെ പുറകിലായി വച്ചു. 'നീ പണം തരില്ല അല്ലേ?' അയാള്‍ തോക്കിന്റെ ലോക്ക് റിലീസ് ചെയ്തു.

താന്‍ ദൈവത്തേയും മനസ്സില്‍ വന്ന സര്‍വ്വ പരിശുദ്ധാത്മാക്കളെയും വിളിച്ചു. മക്കളുടേയും ഭാര്യയുടേയും മുഖം ഒരിക്കല്‍ കൂടി മനസ്സില്‍ പതിഞ്ഞു. ഇതു തന്റെ ജീവിതത്തിലെ അവസാന നിമിഷമാണ്.

'താങ്കള്‍ എന്റെ ട്രിപ്പ് കാര്‍ഡ് നോക്കു, താങ്കള്‍ എന്റെ ആദ്യത്തെ പാസഞ്ചറാണ്'
താന്‍ ആ സത്യം വീണ്ടും അയാളെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു.

അയാള്‍ ടാക്സിയുടെ മീറ്റര്‍ അഴിച്ചെടുത്തു.
'ഞാന്‍ കൊല്ലാതെ വിടുന്ന ആദ്യത്തെ ആള്‍ നീയാണ്. പത്തുമിനിറ്റ് കഴിഞ്ഞേ കണ്ണ് തുറക്കാന്‍ പാടുള്ളു' അയാള്‍ പുറത്തിറങ്ങി ഡോര്‍ അടച്ചു.
മരണത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് അപ്പോഴും തനിക്ക് വിശ്വസിക്കാനായില്ല.

അന്ന് ടാക്സി പണി ഉപേക്ഷിച്ചു. ഭയന്നുപോയ തനിക്ക് ശരിയായ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പിന്നേയും മാസങ്ങളെടുത്തു. അങ്ങനെയിരിക്കെയാമ് ഫ്യൂണറല്‍ ഹോമില്‍ ഒരു ഡ്രൈവറുടെ വേക്കന്‍സിയുള്ളതായി അറിഞ്ഞത്. നല്ല ശമ്പളമുണ്ട്. ചിന്തിച്ചപ്പോള്‍, അതിലെ യാത്രക്കാര്‍ ആരായിരുന്നാലും തനിക്ക് ഭീഷണിയില്ലല്ലോ എന്ന സത്യം ഓര്‍ത്തു. എങ്കിലും ഭാര്യയും മക്കളും അതിനോട് യോജിച്ചില്ല. എന്നിട്ടും താന്‍ ഈ ജോലി സ്വീകരിച്ചു. ഏത് ജോലിക്കും അന്തസ്സുണ്ട്. താന്‍ മനസ്സില്‍ ഓര്‍ത്തു.

'നീ പറഞ്ഞത് വളരെ ശരിയാണ്'
'ങ്ഹേ! ആരാ അത്?' താന്‍ മിററിലേക്ക് നോക്കി. മറ്റാരും ആ വണ്ടിയിലില്ല. പിന്നെ ആരാണ് സംസാരിച്ചത്?

'ഇതു ഞാനാ, നീ എന്നെ ഓര്‍ക്കുന്നില്ലായിരിക്കാം, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു കംമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ നീ അതും കൊണ്ട് എന്റെ കൂടെ പാര്‍ക്കിംഗ് ലോട്ടിലേക്ക് വന്നതോര്‍ക്കുന്നുണ്ടോ?'

'ആ അപ്പച്ചന്‍!' ഓ മൈ ഗോഡ്! മരിച്ചവര്‍ സംസാരിക്കുമോ?'

'മോനേ, മരിച്ചവര്‍ സംസാരിക്കും. പക്ഷേ, അത് എല്ലാവര്‍ക്കും കേള്‍ക്കുവാനാകില്ലെന്ന് മാത്രം. എന്നെ അകമ്പടി സേവിച്ച് എന്റെ പിന്നാലെ വരുന്നവരില്‍ ഭൂരിഭാഗത്തിനും ഇത് മനസ്സിലാകില്ല. കാരണം, ഒരു കുടുംബത്തെ പോറ്റുവാന്‍ നീ ചെയ്യുന്ന തൊഴിലിന് അന്തസ്സു പോരാ എന്നാണവരുടെ പരാതി. എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ നട്ടം തിരിയുന്നവര്‍ക്ക് അഞ്ച് പൈസയുടെ ഉപകാരം ഇവര്‍ ചെയ്യില്ല. നാട്ടില്‍ കഴിയുന്ന അപ്പനും അമ്മയ്ക്കും 100 ഡോളര്‍ അയച്ചുകൊടുക്കാന്‍ മടിക്കുന്ന ഇവര്‍ ഒരു പള്ളി പണിയാന്‍ അയ്യായിരമോ പതിനായിരമോ സംഭാവന കൊടുത്തെന്നിരിക്കും. അര്‍ഹതയില്ലാത്ത പ്രശസ്തിക്കുവേണ്ടി ആയിരങ്ങള്‍ ചെലവഴിക്കും. അതിലാണ് അവര്‍ അന്തസ്സുകാണുന്നത്. അത് മലയാളികളുടെ ശുംഭത്തരം!' ഒന്ന് നിര്‍ത്തിയിട്ട് അപ്പച്ചന്‍ തുടര്‍ന്നു.

'മോനെ നിനക്കറിയുമോ ഞങ്ങളോക്കെ അമേരിക്കയില്‍ വരുമ്പോള്‍ മലയാളികള്‍ കുറച്ചുപേര്‍ മാത്രമേയുള്ളു. ഒരു പള്ളിയില്‍ ആരാധന നടത്തുമ്പോള്‍ ചേരി തിരിവില്ലാതെ എല്ലാവരും പങ്കെടുക്കും, പ്രാര്‍ത്ഥിക്കും. ആരും പ്രത്യേക വിഭാഗങ്ങളായി മാറി നില്‍ക്കാറില്ല. ഓണവും ക്രിസ്തുമസ്സുമൊക്കെ ഞങ്ങള്‍ ഒന്നായി കൊണ്ടാടും. ജാതി തിരിവില്ല. ഇന്നതാണോ സ്ഥിതി?' പത്തു മൈല്‍ ചുറ്റളവില്‍ ഓരോ വിഭാഗങ്ങള്‍ക്കും ഒരു ഡസന്‍ പള്ളികളാണ്. എന്തിനാണിങ്ങനെ.

'അപ്പച്ചാ, ചെറിയ ചെറിയ കൂട്ടായ്മകളാകുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ഉണ്ടാകില്ലേ?'

'മണ്ണാങ്കട്ട. ഇതെല്ലാം ഒരു ബിസിനസ്സല്ലേ? പൈസയുണ്ടാക്കാനുള്ള ഓരോ മാര്‍ഗ്ഗങ്ങള്‍. അത്രമാത്രം. പക്ഷേ, ഒരു കാര്യം ഞാന്‍ മോനോടു പറയാം. ഇതൊന്നും ആര്‍ക്കും വേണ്ടാത്ത കാലം വരും. അടുത്ത തലമുറകൂടി കഴിഞ്ഞാല്‍ ഈ സൗധങ്ങളൊക്കെ പല്ലിളിക്കുന്ന നോക്കുകത്തികളായി മാറും' .

'അപ്പച്ചാ, വണ്ടി സെമിത്തേരിയിലേക്ക് കയറുകയാണ്'
ശരി മോനേ നിനക്ക് നല്ലതുവരട്ടെ!'

അപ്പച്ചന് അന്തിയുറങ്ങാനുള്ള നിര്‍ദ്ദിഷ്ട സ്ഥാനത്തിനടുത്തായി ഷാജി വണ്ടി നിര്‍ത്തി. പേടകം ഇറക്കി വെച്ചിട്ട് അതിന്റെ കൂടെ വച്ചിരുന്ന പൂക്കളും അതിന് സമീപത്തായി കൊണ്ടുവച്ചു. തുടര്‍ന്നു നടന്ന ചെറിയ പ്രാര്‍ത്ഥനയ്ക്ക് ശേഷം പെട്ടി കുഴിയിലേക്കിറക്കിയപ്പോള്‍ അടുത്തുകണ്ട പൂക്കളില്‍ നിന്നും ഒരു റോസാപുഷ്പമെടുത്ത് ആ പെട്ടിക്ക് മുകളിലായി വച്ചിട്ട് അയാള്‍ പറഞ്ഞു. 'അപ്പച്ചന് നിത്യശാന്തി നേരുന്നു.'
ഷാജി തിരിച്ച് വണ്ടി ഓടിക്കുമ്പോഴും ആ അപ്പച്ചന്റെ മുഖം തെളിഞ്ഞുവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക