Image

ചിരിക്കാന്‍ കരയാനേതു ഭാഷ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 14 August, 2020
ചിരിക്കാന്‍ കരയാനേതു ഭാഷ? (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഭൂമുഖത്തെമ്പാടുമെത്രയെത്ര-
ഭാഷകളെന്തൊരു വിസ്മയം ഹാ!
സന്തോഷ സന്താപ വേളകളില്‍,
ചിരിക്കാന്‍, കരയാനേതുഭാഷ?

ആഞ്ചാവനശ്വരമായിടുന്ന, 
ജീവമന്ത്രങ്ങളുണര്‍ത്തിടുന്ന,
ജീവിതം പൂജയര്‍പ്പിച്ചിടുന്ന,
ദേഹമാകുന്ന ദേവാലയത്തില്‍,
കീര്‍ത്തനമാകുന്നു ഭാഷണങ്ങള്‍,
വ്യത്യസ്തമാം രാഗതാളങ്ങളില്‍,
നാദപ്രപഞ്ചത്തിലാദിമുതല്‍, 
മാറ്റൊലിക്കൊള്ളുന്നനുനിമിഷം.

ചിന്തകള്‍ ചിന്തേരിടുന്നവര്‍ക്ക്,
അന്തരംഗത്തിലിടയ്ക്കിടക്ക്,
വൈകാരികത്തിരയാര്‍ത്തിരമ്പി,
ഭിന്നഭാവങ്ങള്‍, രസങ്ങളമ്പേ;
ചിരിക്കാം, കരയാം, സ്വരങ്ങള്‍ മാറ്റി,
സൗഖ്യ ദുഃഖങ്ങളകമ്പടിയായ്;
മുഖ മുദ്രകള്‍ക്കൊത്ത ശ്രുതി മുഴക്കം,
വാക്കുകളില്ലാത്ത മാത്രകള്‍ക്ക്,
ശബ്ദവുമര്‍ത്ഥവുമൊത്തിണക്കി,
സംസാര വിദ്യ വരമാക്കിയോര്‍,
പൊട്ടിച്ചിരിക്കുന്നു മനം തുറന്ന്-
പൊട്ടിക്കരയുന്നു മാറിമാറി;
അക്ഷണം വായ്ത്താരി കൊണ്ടുമാത്രം,
സ്വത്വപ്രകടനം സാധ്യമാക്കാന്‍,
മറ്റേതു ജീവിയീമന്നിടത്തില്‍?
ഉത്തമ സൃഷ്ടിതന്‍ സിദ്ധിയത്രെ.

ജന്മനിയോഗമായാദ്യശ്വാസം,
രോദനമായിടുമീയരങ്ങില്‍,
ചിരിച്ചും ചിരിപ്പിച്ചും യാത്രികന്മാര്‍,
കരഞ്ഞും കരയിച്ചും തുല്ല്യരല്ലേ?
വേര്‍പാടിന്‍ വേദന കണ്ണുനീരായ്,
നിത്യനിശ്ശബ്ദത പൂകും വരെ,
ഭാഷണം ചെയ്യാനനേകഭാഷ,
ഭാവാവിഷ്‌കാരത്തിനേക ഭാഷ,
മാനവജാതിക്കീമണ്ണിലെങ്ങും, 
ഏതോ വഴിത്തിരിവെത്തുവോളം.
Join WhatsApp News
SudhirPanikkaveetil 2020-08-14 20:37:12
കണ്ണുനീരും പുഞ്ചിരിയും ഏതൊരു മനുഷ്യനും ഭാഷയില്ലാതെ പ്രകടിപ്പിക്കുന്ന വികാരങ്ങളാണ്. മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന ഈ വികാരങ്ങൾക്ക് അക്ഷരങ്ങൾ വേണ്ടായെന്നു മനുഷ്യർ മനസ്സിലാക്കുന്നുണ്ടോ? കവയിത്രി ഒരു നല്ല ആശയം വായനക്കാരുടെ ചിന്തക്കായി നൽകുന്നു. ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു.
Joyparippallil 2020-08-19 12:56:23
മനോഹ പദവിന്യാസം.. നല്ല ഭാവന... അർത്ഥസമ്പുഷ്ടം....🌹🌹..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക