Image

ശ്രീമദ് വാല്മീകി രാമായണം മുപ്പതാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 14 August, 2020
ശ്രീമദ് വാല്മീകി രാമായണം മുപ്പതാം ദിനം സംഗ്രഹം (ദുർഗ മനോജ്)

ഉത്തരകാണ്ഡം നാൽപ്പത്തി അഞ്ചു മുതൽ അറുപത്തിയെട്ടുവരെ സർഗം


മുനിമാരോടൊപ്പം കഥകളും വിശേഷങ്ങളും കേട്ടറിഞ്ഞ് അയോധ്യയിൽ ഏവരും ധന്യരായി. ഈ സമയം രാമൻ, അവനവൻ്റെ ആവശ്യങ്ങളും രാജ്യവും ഉപേക്ഷിച്ചു തനിക്കു തുണയായി നിന്ന ഏവരേയും ഇനിയും സ്വന്തം രാജ്യത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുന്നതു ശെരിയല്ലെന്നു കണ്ട്, അവർക്കു പോകുവാൻ അനുമതി നൽകി.ഒപ്പം ധാരാളം ഉപഹാരങ്ങളും നൽകി. അതിഥികൾ ഏറെ സന്തോഷവാന്മാരായി മടങ്ങി. പിന്നെ രാമൻ, പകല് രാജ്യകാര്യങ്ങൾക്കും രാത്രി അന്തഃപുരത്തു സീതയുടെ പ്രിയതോഴനായും നിലകൊണ്ടു. അയോധ്യയിൽ ഏവരും ഏറ്റവും സന്തോഷത്തോടെ ജീവിച്ചു.
ഒരുതരത്തിലുള്ള അനർത്ഥങ്ങളും അവിടെ ഉണ്ടായില്ല.വൈധവ്യമോ, ബാലമരണമോ, മക്കൾക്കു ഉദകക്രിയ ചെയ്യേണ്ടി വരുന്ന മുതിർന്നവരോ, അയോധ്യയിൽ ഉണ്ടായില്ല. അതിവർഷമോ, വരൾച്ചയോ അയോധ്യയെ ബാധിച്ചില്ല. രോഗവും, ദുഃഖവും പ്രജകൾ മറന്നു.

അങ്ങനേയിരിക്കേ ആ ശുഭവാർത്തയും വന്നു. സീത ഗർഭവതിയായി. അതറിഞ്ഞ രാമൻ പ്രേമത്താൽ നിനക്കെന്തു വേണ്ടൂവെന്ന് സീതയോട് ആരാഞ്ഞു. പണ്ടു താമസിച്ച മുനിമാരുടെ ആശ്രമത്തിൽ ഒരു രാവു തങ്ങണമെന്നും അവർക്കു ധാരാളം സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കണം എന്നതുമാണ് തൻ്റെ ആഗ്രഹമെന്നു സീത പറഞ്ഞു. അതങ്ങനെയാകട്ടെ എന്നു രാമൻ അനുവദിക്കുകയും ചെയ്തു.

പകല് രാമൻ രാജ്യകാര്യങ്ങളിൽ മുഴുകവേ രാജ്യത്തിൻ്റെ പല കോണുകളിൽ നിന്നും എത്തിയ ചാരന്മാർ രാമനു മുന്നിലെത്തി.അവർ പല കാര്യങ്ങളും പറഞ്ഞുരാമനെ പ്രീതിപ്പെടുത്തി.എന്നാൽ രാമന് അറിയേണ്ടിയിരുന്നത് കാട്ടിലും നാട്ടിലും ജനങ്ങൾ ഭരിക്കുന്നവരെക്കുറിച്ച് എന്തു പറയുന്നുവെന്നതായിരുന്നു.
അതു കേട്ടു കൂട്ടത്തിലൊരാൾ തല താഴ്ത്തിക്കൊണ്ടു പറഞ്ഞു, രാക്ഷസൻ അപഹരിച്ചു തൻ്റെ ഒപ്പം പാർപ്പിച്ച സീതയോടൊത്തു കഴിയുമ്പോൾ രാമനു സന്തോഷിക്കാനാകുമോ?ഇനി നമുക്കും ഇത്തരം ഭാര്യമാരെ സഹിക്കേണ്ടതായി വരും. രാജാവ് എന്തു പ്രവർത്തിക്കുന്നോ അതു തന്നെയാണു  പ്രജകളുടേയും വിധി. ഈ രീതിയിൽ രാജ്യത്തു പല കോണിൽ നിന്നും സംസാരം ഉയരുന്നുണ്ട് എന്നവർ രാമനെ അറിയിച്ചു. ചാരന്മാരെ പിരിച്ചുവിട്ട ശേഷം, മൂന്നു സഹോദരന്മാരേയും രാമൻ വിളിച്ചു കൂട്ടി. ഏറെ ദുഃഖിതനായ രാമൻ അവരോടു നാട്ടിലെ വൃത്താന്തം അറിയിച്ചു.അനന്തരം ലക്ഷ്മണനോടു സീതയെ പിറ്റേന്നു തന്നെ വനത്തിൽ, വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു മടങ്ങുവാൻ ആവശ്യപ്പെട്ടു. സീത പരിശുദ്ധയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും ജനഹിതം കാണാതിരുന്നു കൂടാ എന്ന ചിന്തയായിരുന്നു രാമന്.

പിറ്റേന്നു പുലർച്ചെ വാല്മീകി ആശ്രമത്തിലേക്കു കൊണ്ടു പോകുവാൻ താൻ വരുമെന്നു ലക്ഷ്മണൻ സീതയെ അറിയിച്ചു. അവൾ മുനി പത്നിമാർക്കായി ധാരാളം കാഴ്ചദ്രവ്യങ്ങളുമൊരുക്കി കാത്തു നിന്നു. പിറ്റേന്നു ഒരു പകൽ യാത്ര ചെയ്തു, ഗംഗ മുറിച്ചു കടന്നു ലക്ഷ്മണൻ സീതയെ വാല്മീകി ആശ്രമ പരിസരത്ത് എത്തിച്ച ശേഷം ഉണ്ടായ സംഗതികൾ ധരിപ്പിച്ചു. അവൾ കണ്ണീരോടെ രാമനാൽ താൻ പരിത്യജിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു.ലക്ഷ്മണൻ കണ്ണീരോടെ തിരികെ മടങ്ങി.

കണ്ണീരിൽ കുളിച്ചു വെറും നിലത്തു കിടക്കുന്ന സീതയെ വാല്മീകി മഹർഷി തൻ്റെ ആശ്രമത്തിലേക്കു കൂട്ടി.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഈ സമയം ചില മഹർഷിമാർ രാമനോടു മധു വനത്തിൽ ലവണാസുരൻ എന്ന രാക്ഷസൻ്റെ ശല്യം സഹിക്കാൻ കഴിയുന്നില്ല എന്നറിയിച്ചു. അവൻ്റെ കൈയ്യിലെ ദിവ്യമായ വേൽ അവനെ അജയ്യനാക്കുന്നുവെന്നും വേഗം അവനെ വധിക്കണമെന്നും അപേക്ഷിച്ചു.രാമൻ, ശത്രുഘ്നനെ അതിനു നിയോഗിച്ചു. വേനൽ കഴിഞ്ഞു മഴക്കാല ആരംഭത്തിൽ അവനറിയാതെ അവനെ കൊല്ലുക എന്നു പറഞ്ഞു, മധുവനത്തിലെ രാജാവായി ശത്രുഘ്നനെ അഭിഷേകം ചെയ്ത ശേഷം രാമൻ, സോദരനെ യാത്ര അയച്ചു.

യാത്രാമധ്യേ വാല്മീകി ആശ്രമത്തിൽ ശത്രുഘ്നൻ രാത്രി തങ്ങി. ആ രാവിൽ സീത രണ്ട് ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകി.വാല്മീകി മഹർഷി ആദ്യം പിറന്നവനു കുശനെന്നും പിന്നാലെ പിറന്നവനു ലവനെന്നും പേരു നൽകി. യുദ്ധത്തിനു പോകും മധ്യേ രാമനു പുത്രന്മാർ ജനിച്ച വൃത്താന്തം കേൾക്കാനിടയായതിൽ ശത്രുഘ്നന് അതിയായ സന്തോഷം ഉളവായി.


രാമായണം പരിസമാപ്തിയിലേക്കു മുന്നേറുകയാണ്. കുശലവന്മാരുടെ ജനനമാണ്. ഈ ദിവസത്തെ പ്രധാന കാഴ്ച.ഒപ്പം ഒരു തെറ്റും ചെയ്യാതെ തന്നെ, ഭരണാധികാരിയുടെ സ്വഭാവത്തിൽ അശേഷം കളങ്കമുണ്ടാകരുത് എന്ന രാമൻ്റെ നിർബന്ധവും, ഉപേക്ഷിക്കപ്പെടുമ്പോഴും അതു നാടിനു വേണ്ടിയാണെന്ന ബോധം സൂക്ഷിക്കുന്ന സീതയും എക്കാലത്തേയും മാതൃകകളായി തുടരും.

മുപ്പതാം ദിവസം സമാപ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക