Image

രഹസ്യബന്ധം കണ്ടുപിടിച്ചതില്‍ അമര്‍ഷം; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published on 15 August, 2020
രഹസ്യബന്ധം കണ്ടുപിടിച്ചതില്‍ അമര്‍ഷം; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷന്‍ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാര്‍ (45), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ എന്നിവര്‍ പിടിയിലായത്. യുവതിയുടെ കാമുകന്‍ ഒളിവിലാണ്.

ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതായിട്ടാണ് ഗായത്രി അയല്‍വാസികളോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലയ്ക്കേറ്റ മുറിവ് തലയില്‍ ഭാരമുള്ള കമ്ബി കൊണ്ട് അടിച്ചതാകാമെന്ന സംശയം ഡോക്ടര്‍ പങ്കുവെച്ചത്. ഇദ്ദേഹം ഇപ്പോള്‍ കോമ സ്റ്റേജില്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


ഇതോടെ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കള്‍ വടശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ- ഗായത്രിക്ക് വീടിനടുത്തുള്ള കട ഉടമയും മധുര സ്വദേശിയുമായ യാസര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്കൂള്‍ തുടങ്ങാനായി ഒരു വര്‍ഷം മുന്‍പ് ഗായത്രിയോട് സാമ്ബത്തിക സഹായം ചോദിച്ചു. ഗായത്രി തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി 10 ലക്ഷം രൂപ നല്‍കി. യാസര്‍ ഈ തുക ഉപയോഗിച്ച്‌ പ്ലേ സ്കൂള്‍ തുടങ്ങുകയും അതില്‍ ഗായത്രിയെ അധ്യാപികയാക്കുകയും ചെയ്തു.


യാസറും ഗായത്രിയും തമ്മിലുള്ള വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതില്‍ അമര്‍ഷം കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. തുടര്‍ന്ന് രാത്രി വീടിന്റെ വാതില്‍ തുറന്നിടുകയും ഭര്‍ത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. 


രാത്രി വീട്ടില്‍ എത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍ ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ഉടന്‍ ഗായത്രി തന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. 


ആറു വര്‍ഷം മുന്‍പാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് നാലു വയസുള്ള ആണ്‍കുട്ടിയുണ്ട്.

സംഭവത്തില്‍ അറസ്റ്റിലായ ഗായത്രി ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തിവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക