Image

പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു (കുര്യൻ പാമ്പാടി)

Published on 15 August, 2020
പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)
ബ്രിട്ടീഷ് വാഴ്ച്ചക്കാലത്തു 1880ൽ  എഎൽ ഷാർപ് എന്ന ഇംഗ്ലീഷ്കാരൻ മൂന്നാറിലെ പാർവതി മലയിലെ അമ്പതു ഏക്കറിൽ ആരംഭിച്ച തേയില കൃഷി ഒന്നരനൂറ്റാണ്ടു അ‌ടുക്കുമ്പോൾ  57,841 ഏക്കറിലേക്കു വളർന്നിരിക്കുന്നു. എങ്കിലും കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ കീഴിലുള്ള  12,794 തൊഴിലാളിക
ളുടെ ജീവിത സാഹചര്യങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ല.

കെഡിഎച്പി, ആർബിറ്റി, എവിടി, മലയാളം പ്ലാന്റേഷൻസ് എന്നിവയിൽ അടക്കം മൂന്നാറിൽ 18,000 തൊഴിലാളികൾ ഉണ്ടാവും. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായിട്ടും ഒരു നൂറ്റാണ്ടു മുമ്പിലെ അവസ്ഥയാണ് എല്ലായിടത്തുമെന്നു  തൊഴിലാളികൾ ആവലാതിപ്പെടുന്നു.
 
 കോവിഡും മഹാമാരിയും ഉരുൾപൊട്ടലും വിമാനാപകടവും ഒന്നിച്ച് വന്ന കേരളവും ശനിയാഴ്ച എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുവെങ്കിലും ഖുർആൻ കടത്തുകേസിൽ സംശയത്തിന്റെ നിഴലിലായ മന്ത്രി കെടി ജലീലിനെ പതാകഉയർത്തൽ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി. 

കെഡിഎച്ച്പി എന്ന കണ്ണൻ ദേവൻ കമ്പനിക്കു വേണ്ടി മൂന്ന് തലമുറകളായി പണിയെടുത്ത  84 പേരാണ് പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞത്. കെഡിഎച്ച്പി യുടെ ഏഴു എസ്റ്റേറ്റുകളിൽ  കിഴക്കെ അറ്റത്ത് കിടക്കുന്ന നെയമക്കാട് എസ്റ്റേറ്റിന്റെ പെട്ടിമുടി ഡിവിഷനിലെ ജീവനക്കാരായിരുന്നു എല്ലാവരും.  രക്ഷപെട്ട 12 പേർ ആശുപത്രുകളിലും ബന്ധു വീടുകളിലും  കഴിയുന്നു.

മരിച്ച 57 കുടുംബങ്ങളുടെ ബന്ധുക്കളെ പുതിയ വീടുവച്ചു പുനരധിവസിപ്പിക്കാൻ  അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് കണ്ണൻ ദേവൻ കമ്പനി പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം വീതം നൽകുമെന്ന്  കേരളഗവർമെ ന്റും പറഞ്ഞു. കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ  മരിച്ചവർക്കു പത്തു ലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപിച്ച  സർക്കാർ ഇരട്ടനീതിയാണ് കാട്ടുന്നതെന്നാണ് ഒരു ആരോപണം.

"നിങ്ങൾ ഒന്നു  വന്നു കാണൂ. നൂറ്റാണ്ടു മുമ്പ് പണിത ഒറ്റമുറി, അടുക്കള വീട്ടിൽ  കന്നുകാലികളെപ്പോലെയാണ് ഞങ്ങൾ കഴിയുന്നത്, കറന്റു പോയാൽ ഒരാഴ്ച കഴിഞ്ഞേ കിട്ടൂ.  മൂന്നാം തലമുറ ആയിട്ടും ഒരിഞ്ചു ഭൂമി പോലും ഞങ്ങൾക്കു സ്വന്തമായില്ല,  എന്നിട്ടും അച്ഛനമ്മമാർ മരിച്ചാൽ ലയത്തിലെ മുറിക്കു വേണ്ടി മക്കൾ ജോലിക്കു കയറുന്നു," രക്ഷപെട്ടവരിൽ ഒരാൾ ഗദ്ഗദത്തോടെ പറഞ്ഞു.

പെട്ടിമുടി അപകടം മൂലം ദുരിതം അനുഭവിക്കാൻ പോകുന്ന മറ്റൊരിടം അവിടെ നിന്ന് 22  കി.മീ. അകലെ ലെ  മുതുവാൻ ഗോത്രവർഗക്കാർ വസിക്കുന്ന ഇടമലക്കുടിയാണ്. അര നൂറ്റാണ്ടായി അവരുടെ കുടികളിൽ തലച്ചുമടായി  റേഷനരി എത്തിച്ചുകൊണ്ടിരുന്നവർ പെട്ടിമുടിക്കാർ. കിലോക്ക് ഒമ്പതര രൂപവച്ച്  അമ്പത് കിലോയുടെ ഒരുചാക്ക് അരി എത്തിച്ചാൽ 475  രൂപ കിട്ടും.

തലമുറകളായി അരിച്ചാക്കു ചുമന്നു കൊണ്ടു പോകുന്ന അമ്പതോളം പേർ തങ്ങളുടെ മസ്റ്ററിൽ ഉണ്ടായിരുന്ന
തായി റേഷൻ വിതരണം ചെയ്യുന്ന ദേവികുളം ഗിരിജൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയായി   മൂന്ന് പതിറ്റാണ്ടു സേവനം ചെയ്ത റാന്നി സ്വദേശി ഷാജി ആൻഡ്രൂസ് അറിയിച്ചു.  സൊസൈറ്റിയുടെ പെട്ടിമുടി ഗോഡൗണിൽ നിന്നായിരുന്നു അരി കൊണ്ടുപോയിരുന്നത്. 

ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സൊസൈറ്റി കുടിയിലാണ് റേഷൻ കടയും. വേനൽക്കാലത്ത് അവിടെ വരെ ജീപ്പിൽ റേഷൻ എത്തിക്കാൻ കഴിയും.  മഴക്കാലത്ത് റോഡ് ചെളി നിറഞ്ഞു വാഹനം ഓടാതാകുന്നതോടെ വീണ്ടും തലച്ചുമടിലേക്കു മാറും. 22 കി.മീ. ചുമട് തീർത്തും ദുഷ്കരമായതിനാൽ  ആളെകിട്ടാനും  വിഷമമാണ്.

ഇടമലക്കുടിക്കു റേഷൻ കൊണ്ടുപോകാറുള്ള പന്ത്രണ്ടു ജീപ്പുകളിൽ പത്തും അവയുടെ ഡ്രൈവർമാരും മണ്ണിലടിയിലായി. എല്ലാവരും തന്നെ ഷാജിക്ക് വർഷങ്ങളായി പരിചയമുള്ളവർ. പ്രത്യേകിച്ച് അണ്ണാദുര, മുരുഗൻ, പ്രദീഷ് തുടങ്ങിയവരും അവരുടെ കുടുംബങ്ങളും.

ഭാര്യ ഷീലയെയും അച്ചു, അമ്മു ആരോൺ എന്ന മക്കളെയും മൂന്നാറും മാട്ടുപെട്ടിയും മറയൂരും കാണിക്കാൻ പത്തുവർഷം മുമ്പ് പോയതു അണ്ണാദുരയുടെ ജീപ്പിലായിരുന്നു. "അയാൾ മണ്മറഞ്ഞു എന്ന് കേട്ടിട്ട് എന്നേക്കാൾ ദുഃഖം എനെറെ മക്കൾക്കാണ്," ഷാജി പറയുന്നു. അന്ന് എല്ലാവരും സ്‌കൂളിൽ പഠിക്കുന്ന കാലം. അവരിൽ വിപ്രോയിൽ ജോലി ചെയ്യുന്ന അച്ചുവിന്റെ വിവാഹം അടുത്താഴ്ച  നടക്കുകയാണ്.

കൊറോണക്കാലമായതിനാൽ വളരെ ചുരുക്കം ആളുകളെ വിവാഹത്തിൽ പങ്കെടുക്കൂ. വിവാഹം കഴിഞ്ഞാ
ലുടൻ മുന്നാറിനും അവിടെ നിന്ന് പെട്ടിമുടിക്കും അവിടെനിന്നു ഇടമലക്കുടിക്കും പോകാൻ വേണ്ടി വള്ളംകുള
ത്തെ വീട്ടിൽ നിന്ന് ഷാജി യാത്രയാകും.

വനത്തിനുള്ളിൽ മുപ്പത്തയ്യായിരം ഏക്കറിലാണ് 22  മുതുവാകുടികൾ ചിതറിക്കിടക്കുന്നത്.ഒരുകുടിയിൽ നിന്ന് മറ്റൊരു കുടിയിലേക്കു 3-10 അകലം വരും.  അവിടെ 650ൽ പരം റേഷൻ കാർഡുണ്ട്. കാർഡ് ഒന്നിന് 30 കിലോ അരി, ഗോതമ്പു, പഞ്ചസാര, മണ്ണെണ്ണ എല്ലാം സൗജന്യമാണ്. റേഷൻ എത്തിച്ചില്ലെങ്കിൽ രണ്ടായിരത്തോളം പേരാണ് പട്ടിണിയാവുക.

അപകടം കഴിഞ്ഞപ്പോൾ കാർത്തിക്, ദീപു എന്നീ ഡ്രൈവർമാരും തമ്പിദുരൈ, മുനിയാണ്ടി എന്നീ  ചുമട്ടുകാരും  മാത്രമേ അവശേഷിക്കുന്നുള്ളൂ.  കാർത്തിക്കിന്റെയും  ദീപുവിന്റെയും ജീപ്പുകളും ഒലിച്ചു  പോയി. "ഷാജി സാറും കൃഷ്ണൻകുട്ടി സാറും വന്നിട്ട് വേണം ഇനി എന്ത് എന്ന് നോക്കാൻ, " സൊസൈറ്റിയുടെ പുതിയ   സെക്രട്ടറിയായി ഒരുമാസം മുമ്പ് ചാർജ് എടുത്ത അൻവർ കെ അസീസ് പറഞ്ഞു.

മരണമടഞ്ഞവരിൽ  അനന്ത ശിവൻ, ഗണേശൻ, മയിൽ സ്വാമി എന്നിവരും   അവരുടെ പിതാവ് അന്തരിച്ച പേച്ചിമുത്തുവും റേഷൻ സാധനങ്ങൾ എത്തിക്കാൻ സഹായിച്ചിരുന്നതായി ഗിരിജൻ  സൊസൈറ്റിയിൽ മുപ്പതു വർഷത്തോളം ഉദ്യോഗസ്ഥൻ ആയിരുന്ന കുഞ്ചിത്തണ്ണി സ്വദേശി ആർ. കൃഷ്ണൻകുട്ടി, 74, സാക്ഷ്യപ്പെടുത്തുന്നു.

അപകടത്തെപ്പറ്റി കേട്ടപ്പോൾ മുതൽ ആധിയാണ്.  ഇട‌മലക്കുടിയിൽ 1980 ൽ വില്ലൻ ചുമ മൂലം മുപ്പതിലേറെ പിഞ്ചു കുട്ടികൾ  കുട്ടികൾ മരണ മടഞ്ഞപ്പോൾ അവിടെ ആദ്യം എത്തിയ പത്രപ്രവർത്തകരോടൊപ്പം കൃഷ്ണൻ കുട്ടിയും പോയിരുന്നു. 

ആ ഓർമ്മകൾ പുതുക്കിക്കൊണ്ടു വീണ്ടും വീണ്ടും പോയി. 2012ൽ മന്ത്രി ജയലക്ഷ്മിയോടൊപ്പവും അവിടെത്തി.  റിട്ടയർ ചെയ്തിട്ട് വർഷം 16  ആയെങ്കിലും വീണ്ടും പോകണമെന്നുണ്ട്.  കൊറോണ മറ്റൊരു ആധി.ഏകമകൻ അനീഷും മകൾ അമ്പിളിയുടെ ഭർത്താവ് സുരേഷും പോലീസിലാണ്. 

സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലകുടിയിലേത്. ആദ്യമായും അവസാനമായും അവിടെപ്പോയ ഒരു മന്ത്രി ഗോത്രവർഗ  വകുപ്പ് കൈകാര്യം ചെയ്തിരുന്ന വയനാട്ടുകാരി പികെ ജയലക്ഷ്മി ആണ്. 2012 ഏപ്രിൽ  മൂന്നിന് അവരോടൊപ്പം പോയവരിൽ ഈ ലേഖകനും ഉണ്ടായിരുന്നു. ഷാജിയും കൃഷ്ണന്കുട്ടിയും ഒപ്പം.

പിറ്റേന്നു നടന്നു നടന്നു കാലിനു നീരുവച്ച എന്നെ പെട്ടിമുടിയിലെ ഗോഡൗണിൽ എത്തിച്ച് ചായയും  റൊട്ടിയും നൽകി അരിച്ചാക്കുകൾക്കിടയിൽ നിലത്ത്  ചാക്കു വിരിച്ച് കിടത്തി ഉറക്കിയ ആളാണ് ഷാജി. തൊട്ടടുത്തുള്ള  ലയമാണ് മണ്ണിടിച്ചിലിൽ അപ്രത്യക്ഷമായത്. എട്ടുവർഷത്തിന്ന് ശേഷം വിളിക്കുമ്പോൾ അദ്ദേഹം തിരുവല്ലയിൽ മകളുടെ വിവാഹത്തിന്റെ തിരക്കിലാണ്.

എസ്റേറ്റുകളിൽ പണിക്കാരെ ആവശ്യം വന്ന കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് കങ്കാണിമാർ എത്തിച്ച ആളുകളുടെ സന്തതി പരമ്പരയിൽ പെട്ടവരാണ് മരണമടഞ്ഞവരെല്ലാം. ആഴ്ചയിൽ ആറു ദിവസം സ്ഥിരം പണിയും താമസിക്കാൻ ലായവും കിട്ടുന്നതിനാൽ അവരെല്ലാം അവിടെ പെട്ടുപോയി.

കന്നുകാലികളെപ്പോലെ മിണ്ടാ പ്രാണികളായി കഴിഞ്ഞിരുന്ന ഇവർക്ക് എട്ടുമണിക്കൂർ പണിക്കു കിട്ടുന്നത് നാനൂറു രൂപക്കടുത്ത കൂലിയാണ്. വിവിധരാഷ്ട്രീയ കക്ഷികളുടെ പിണിയാളുകളായ  തൊഴിലാളി നേതാക്കന്മാർ  തങ്ങളെ ഒറ്റുകൊടുത്ത് തടിച്ചു വീർത്തതായി അവർക്കു പരാതിയുണ്ട്.

സ്ത്രീതൊഴിലാളികൾ അളമുട്ടി തെരുവിലിറങ്ങി പെമ്പിളൈ ഒരുമൈ സമരം സംഘടിപ്പിച്ചതാണ് തോട്ടം മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്. ജെയിംസ് ഫിൻലെ കമ്പനിയോടു ചേർന്ന് കണ്ണൻ ദേവൻ കമ്പനി ഏറ്റെടുത്തു നടത്തിയ ടാറ്റ ഗ്രൂപ്,  ഭൂരിപക്ഷം ഓഹരികളും തൊഴിലാളികൾക്ക് കൈമാറിയ കാലത്ത് കൊളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളി കമ്പനിയുടെ ഡയറക്ടർ  വരെയായി.

എങ്കിലും സ്വന്തമായി ഒരു നുള്ളു ഭൂമി വേണം എന്ന അവരുടെ സ്വപ്നത്തിനു ഇനിയും സാക്ഷാൽക്കാരം ആയിട്ടില്ല. പെട്ടിമുടിയിൽ ഒലിച്ചു പോയ ലായത്തിനു പകരം പുതിയ വാസസ്ഥലം ഒരുക്കി കൊടുക്കാമെന്നാണ് കമ്പനിയും സർക്കാരും പറയുന്നത്. പക്ഷെ പുതിയ ലായം അല്ല  സ്വന്തം സ്ഥലത്ത് "തനിച്ചു വീട്" വേണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

പെട്ടിമുടി ദുരതത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട രണ്ടു സഹോദരിമാരുണ്ട്‌ -ഗോപികയും ഹേമലതയും. മരണമടഞ്ഞ ഗണേശന്റെയും തങ്കത്തിന്റെയും മക്കൾ. തിരുവനന്തപുരത്തു  അപ്പച്ചിയുടെ വീട്ടിൽ നിന്നുകൊണ്ട് പട്ടം ഗവ. മോഡൽ ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. അവധിക്കു വന്ന അവർ അപകടത്തിന് രണ്ടു ദിവസം മുമ്പ് ഓൺലൈൻ പഠനത്തിനായി പെട്ടിമുടിയിൽ നിന്ന് തിരുവന്തപുരത്തേക്കു പോയതുകൊണ്ടു രക്ഷപെട്ടു.

അപകടത്തിൽ അവരുടെ കുടുംബത്തിലെ 14 പേരാണ് നഷ്ട്പെട്ടത്. പഠിച്ചു വളർന്നു ഡോക്ടറോ സർക്കാർ ഉദ്യോഗസ്ഥരോ ആകണമെന്നായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. അതിനു വേണ്ട സഹായം ഗവർമെന്റ് ചെയ്യുമെന്ന് ഗോപികയും ഹേമലതയും ആശിക്കുന്നു. 

പെമ്പിളൈ ഒരുമ യുടെ നേതാവ് പി. ഗോമതിയെ പെട്ടിമുടിക്കടുത്ത രാജമലയിൽ  മുഖ്യമന്ത്രിയുടെവാഹനം തടസപ്പെടുത്തിയത്തിനു  വ്യാഴാഴ്ച അറസ്റ് ചെയ്തു നീക്കി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ യാതൊരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണവേണ്ടെന്നു പ്രഖ്യാപിച്ചു മത്സരിച്ച ആളാണ് ഗോമതി. അവരുടെ മനസിലെ തീക്കനലുകൾ അണഞ്ഞിട്ടില്ലെന്നതിനെ തെളിവാണ് ഈ അറസ്റ്. 

തോട്ടം തൊഴിലാളിയുടെ മകളും തോട്ടം തൊഴിലാളിയുമാണ് ഗോമതി. തൊഴിലാളിയായ അഗസ്റ്റിൻ ഭർത്താവ്. എസ്റ്റേറ്റ് വർക്കേഴ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി 2015ൽ നടന്ന  "മുല്ലപ്പൂ വിപ്ലവ"ത്തിലൂടെ ഉയർന്നു വന്ന നേതാവാണ്. മത്സരിച്ച് ജയിച്ചു ദേവികുളം ബ്ളോക് പഞ്ചായത്തിൽ മെമ്പർ ആയി. 2019ൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിച്ച്‌ തോറ്റു. 1985 പേർ വോട്ടു ചെയ്തു.

പത്തുവരെ പഠിച്ച ആളാണ് ഗോമതി.  തമിഴും മലയാളവും ഇംഗ്ലീഷും അത്യാവശ്യത്തിനു കൈകാര്യം ചെയ്യും. മൂന്നു ഭാഷകളും ഇടകലർന്ന തീപ്പൊരി പ്രസംഗത്തിന് മിടുക്കി. മൂന്നാറിലെ നല്ലതണ്ണി വാർഡിനെ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നു.

"എൺപത്തിനാല് ജീവനുകൾ മണ്ണിനടിയിൽവീണു  രക്തസാക്ഷികളായി. ഞങ്ങളുടെ മക്കൾ ഇപ്പോഴും മൂന്നാറിലെ ഓട്ടോ–ടാക്സി ഡ്രൈവർമാറായും റിസോർട്ടുകളിൽ കക്കൂസ് കഴുകുന്നവരും ജോലി ചെയ്യുന്നു. ചോർന്നൊലിക്കുന്ന ലയങ്ങളിൽ നൂറ്റാണ്ടുകളായി ജീവിച്ചിട്ടും ഒരിഞ്ചു ഭൂമിപോലും ഞങ്ങൾക്ക് സ്വന്തമായില്ല. സ്വന്തം ഭൂമിയും അവിടെ തനിച്ച്‌ വീടുമാണ് ഞങ്ങൾക്ക് വേണ്ടത്," ഗോമതി പറയുന്നു.

ദുരന്തം പെയ്തിറങ്ങിയിട്ടും ഇതെല്ലാം ദുരിതങ്ങളുടെ ബാക്കിപത്രങ്ങളായി അവശേഷിക്കുന്നു. 

(ചിത്രങ്ങൾ: പ്രസാദ് അമ്പാട്ട്, അനന്തു പവിത്രൻ,  സെബിൻസ്റ്റർ ഫ്രാൻസിസ്, അൻവർ കെ. അസീസ്, കുര്യൻ പാമ്പാടി)
പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)പെട്ടിമുടി--നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒറ്റമുറി,അടുക്കള; പെമ്പിളൈ ഒരുമയുടെ കനൽ ജ്വലിക്കുന്നു  (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക