Image

മേയറുടെ ഇടപെടല്‍ സഫലമായി; ലണ്ടന്‍ - കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് ഓഗസ്റ്റ് 28 മുതല്‍

Published on 17 August, 2020
 മേയറുടെ ഇടപെടല്‍ സഫലമായി; ലണ്ടന്‍ - കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് ഓഗസ്റ്റ് 28 മുതല്‍


ലണ്ടന്‍ : വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിസ്റ്റോള്‍ ബ്രാഡ് ലിസ്റ്റോക്ക് മേയറും മലയാളിയുമായ ടോം ആദിത്യയും ലണ്ടനിലെ സോളിസിറ്ററും മലയാളിയുമായ ഷൈമ അമ്മാളും നടത്തിയ പ്രത്യേക ഇടപെടലാണ് സര്‍വീസ് സാധ്യമാക്കിയത്.

ഓഗസ്റ്റ് 28 മുതലാണ് എയര്‍ ഇന്ത്യ കൊച്ചിയില്‍നിന്നും ലണ്ടനിലേക്ക് സര്‍വീസ് തുടങ്ങുന്നത്. തിരിച്ചുള്ള സര്‍വീസ് 29 നാണ്. ഇതുകൂടാതെ സെപ്റ്റംബര്‍ 4, 11, 18, 25 തീയതികളിലും സര്‍വീസ് നടത്തുന്നുണ്ട്. വന്ദേ ഭാരത് മിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സര്‍വീസ് നടത്തിയിരുന്നത്. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ എത്തിയ ശേഷമേ യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നുള്ളു.

കൊച്ചിയില്‍ നിന്നു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്ന് ടോം ആദിത്യ പറഞ്ഞു. മേയറായപ്പോള്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഇന്ത്യന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യക്കും കത്തയച്ചിരുന്നു.

കോവിഡിന് ശേഷവും സ്ഥിരമായി കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് പ്രയത്‌നിക്കും. ആദ്യമായി കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ ഒരുപാട് മലയാളികള്‍ക്ക് സഹായകമാകും.വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ വാണിജ്യപരമായി നിരവധി സാധ്യതകളും തുറക്കും. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകും. ആഴ്ചയില്‍ നടത്തുന്ന സര്‍വീസ് പിന്നീട് ദിവസവും നടത്തുന്നതിനായി ശ്രമിക്കുമെന്നും ടോം ആദിത്യ പറഞ്ഞു.

സര്‍വീസ് ആരംഭിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ആവശ്യം ഉന്നയിച്ച അല്‍ഫോന്‍സ് കണ്ണന്താനം എംപിക്കും എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സാലിനും വ്യോമയാന മന്ത്രാലയത്തിനും സിയാല്‍ ചെയര്‍മാന്‍ വി.ജെ. കുര്യനും ടോം ആദിത്യ നന്ദി അറിയിച്ചു.

വിമാന സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഷൈമ അമ്മാള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതനെതുടര്‍ന്നു കോടതി സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
പരിശ്രമം വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷൈമ അമ്മാള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക