Image

ശരിക്കും മത്സ്യവിൽപ്പനക്കാരനാവുകയാണ്‌‌ നടൻ വിനോദ്‌ കോവൂർ

Published on 24 August, 2020
ശരിക്കും മത്സ്യവിൽപ്പനക്കാരനാവുകയാണ്‌‌ നടൻ വിനോദ്‌ കോവൂർ

കോഴിക്കോട്‌: ഇത്‌ സീരിയലും സിനിമയുമല്ല, 350 എപ്പിസോഡ്‌ നീണ്ട എം 80 മൂസയിലെ  മീൻകാരനായുള്ള അഭിനയവുമല്ല. ശരിക്കും മത്സ്യവിൽപ്പനക്കാരനാവുകയാണ്‌‌ നടൻ വിനോദ്‌ കോവൂർ. സീരിയലിലെ അതേ വേഷവുമായി ജീവിതത്തിലും‌ മീൻകച്ചവടത്തിന്‌ ഈ ഓണത്തിന്‌ തുടക്കം കുറിക്കും.  എം 80യിൽ മീൻകൊട്ടയുമായി പായുന്ന വേഷമായിരുന്നു സീരിയിലിലെങ്കിൽ ഇവിടെ ശീതീകരിച്ച മീൻകടയിലാണ്‌ വിൽപ്പന.  ജീവിതത്തിൽ ഇതൊരു പുതിയ എപ്പിസോഡാണെന്ന്‌ വിനോദ്‌ പറഞ്ഞു‌. അഭിനയം, മിമിക്രി, പാട്ട്‌, ഇതല്ലാതെ വേറൊന്നുമറിയില്ല. അഞ്ചുമാസായി അഞ്ചു കായ്‌ വരവില്ല. ശരിക്കുംപെട്ടിരിക്കയാ. അതിജീവിക്കാനാണീ പരിപാടിക്കിറങ്ങുന്നത്‌–വിനോദ് പറഞ്ഞു.

കോവിഡ്‌ മാരി തീർത്ത  പ്രതിസന്ധിയെ വെല്ലാനാണ്‌ മീൻകാരനായി അഭിനയിച്ച കലാകാരൻ അതേ ജോലിക്കിറങ്ങുന്നത്‌. സീരിയലിലെ നായകൻ മൂസക്കായിയുടെ പേരിലാണ് (മൂസക്കായ്‌സ്‌ സീ ഫ്രഷ്‌) വിനോദ്‌ കോവൂരിന്റെ ശീതീകരിച്ച ഫിഷ്‌സ്‌റ്റാളും. കോഴിക്കോട്‌ ബൈപാസിൽ ഹൈലൈറ്റ്‌ മാളിനടുത്തായി ‌ അടുത്ത ദിവസം സീ ഫ്രഷിന്‌ തുടക്കമാകും.

കടൽമത്സ്യവും പുഴമീനും മസാല പുരട്ടി വീട്ടിലെത്തിച്ച്‌ നൽകും. ചാലിയത്തുനിന്നുള്ള സുഹൃത്തുക്കളടക്കം അഞ്ചുപേരും കൂടെയുണ്ട്‌.  47 സിനിമകളിലും അതിലേറെ സീരിയലിലും അഭിനയിച്ച‌ ഈ നടൻ ഗൾഫിലും അമേരിക്കയിലുമെല്ലാം നിരവധി സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച ജനപ്രിയ കലാകാരനാണ്‌. കോവിഡ്‌കാലത്ത്‌ പ്രചോദനമേകുന്ന സന്ദേശവുമായി മൂന്നോളം ഹ്രസ്വസിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്‌. അതിലുമപ്പുറം മഹാമാരിയാൽ ജീവിതം പട്ടിണിയിലായ ഇരുപതോളം കലാകാരന്മാർക്ക്‌ സാമ്പത്തിക സഹായം നൽകിയ നന്മമനസ്സിന്റെ ഉടമയുമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക