Image

ജര്‍മനിയിലെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ അഞ്ച് വര്‍ഷം

Published on 27 August, 2020
  ജര്‍മനിയിലെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ അഞ്ച് വര്‍ഷം

ബര്‍ലിന്‍: പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ ജര്‍മനിയിലേക്ക് ഒഴുകിത്തുടങ്ങിയത് അഞ്ച് വര്‍ഷം മുന്‍പാണ്. അന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു, 'നമുക്കത് സാധിക്കും'. അഭയാര്‍ഥി പ്രവാഹം മൂലമുണ്ടായ പ്രതിസന്ധി സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നാണ് ചാന്‍സലര്‍ അര്‍ഥമാക്കിയത്. ആ കൈകാര്യം ചെയ്യല്‍ ഇപ്പോള്‍ എവിടെ വരെ?

സിറിയയില്‍നിന്നും നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നും ഇറാക്കില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമെല്ലാം വന്ന അഭയാര്‍ഥികളെ ഹംഗറി അതിര്‍ത്തിയില്‍ തടഞ്ഞു. അതേസമയം മെര്‍ക്കല്‍ അവര്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടു.

2015ല്‍ മാത്രം അഞ്ച് ലക്ഷത്തോളം പേരാണ് ജര്‍മനിയില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ചത്. തൊട്ടടുത്ത വര്‍ഷം ഏഴര ലക്ഷം പേര്‍. കാര്യങ്ങള്‍ നിയന്ത്രണാതീതമായ സന്ദര്‍ഭങ്ങള്‍ ആ സമയത്ത് ഉണ്ടായിട്ടുണ്ടെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുള്ളത്. അന്ന് അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനെ ശക്തമായ എതിര്‍ത്ത ബവേറിയന്‍ പ്രീമിയര്‍ ഹോഴ്സ്റ്റ് സീഹോഫറാണ് ഇന്ന് ജര്‍മനിയുടെ ആഭ്യന്തര മന്ത്രി.

രാജ്യത്ത് സഖ്യകക്ഷികള്‍ക്കിടയില്‍ മെര്‍ക്കലിന്റെ പ്രതിച്ഛായ ഇടിഞ്ഞതും ചാന്‍സലറുടെയും അവരുടെ പാര്‍ട്ടിയായ സിഡിയുവിന്റെയും ജനപിന്തുണ കുറഞ്ഞതും തീവ്ര വലതുപക്ഷ സംഘടനകള്‍ അവസരം മുതലെടുത്ത് ശക്തി പ്രാപിച്ചതും ഒന്നും ആഗോളതലത്തില്‍ മെര്‍ക്കലിന്റേയും ജര്‍മനിയുടെയും പ്രതിച്ഛായയെ ഒട്ടുമേ ബാധിച്ചില്ല.

എന്നാല്‍, അഭയാര്‍ഥികള്‍ ഉള്‍പ്പെടുന്ന അക്രമങ്ങള്‍ അടക്കം ക്രിമിനല്‍ കേസുകള്‍ രാജ്യത്ത് വര്‍ധിച്ചു വന്നപ്പോള്‍ മെര്‍ക്കലിനെതിരെ ജനരോഷവും ശക്തമായി. എഎഫ്പി അടക്കമുള്ള തീവ്ര വലതുപക്ഷക്കാര്‍ക്ക് സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ഇതു വഴിയൊരുക്കുന്നു എന്ന ആരോപണവും ശക്തമായി. ഇതോടെയാണ് മെര്‍ക്കല്‍, തന്റെ അഭയാര്‍ഥി അനുകൂല നിലപാടുകള്‍ ക്രമേണ മയപ്പെടുത്താന്‍ നിര്‍ബന്ധിതയായത്. എന്നാല്‍, അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരികയും അഭയാര്‍ഥികളെ ആനുപാതികമായി സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയാകുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനും സാധിച്ചു എന്നത് മെര്‍ക്കല്‍ എന്ന നേതാവിന്റെ ഭരണ നൈപുണ്യത്തെയാണ് കാണിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക