Image

നവാല്‍നി പ്രശ്‌നം; ജര്‍മനി - റഷ്യ ബന്ധം ഉലയുന്നു

Published on 05 September, 2020
 നവാല്‍നി പ്രശ്‌നം; ജര്‍മനി - റഷ്യ ബന്ധം ഉലയുന്നു


ബര്‍ലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജര്‍മനിയും റഷ്യയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നതായാണ് വിലയിരുത്തല്‍. വിഷപ്രയോഗമേറ്റ നവാല്‍നി ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അറിവോടെയാണ് നവാല്‍നിക്കെതിരേ വിഷ പ്രയോഗം നടന്നതെന്നാണ് ആരോപണം. വിഷബാധയേറ്റ വിവരം ജര്‍മനി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിഷ പ്രയോഗത്തിനു തെളിവു കിട്ടിയ സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനുമേല്‍ സമ്മര്‍ദം ശക്തമാകുകയാണ്. ഇരു രാജ്യങ്ങളും ചേര്‍ന്നു നടപ്പാക്കുന്ന നോര്‍ഡ് സ്ട്രീം ഊര്‍ജ പദ്ധതിയില്‍ നിന്നു ജര്‍മനി പിന്‍മാറണമെന്ന ആവശ്യവും ശക്തമാണ്.

ഇതിനിടെ, സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടല്‍ ജര്‍മനി ഉന്നയിച്ചു കഴിഞ്ഞു. മെര്‍ക്കലിന്റെ അടുത്ത അനുയായി നോര്‍ബര്‍ട്ട് റോട്ട്ജന്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസക്തി തന്നെ നഷ്ടമാകുമെന്നാണ് റോട്ട്ജന്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക