Image

ഒരു പെണ്ണിനെ കൊല്ലുന്നതിന് മുൻപ് (കവിത: ജയശ്രീ പള്ളിക്കൽ)

Published on 12 September, 2020
ഒരു പെണ്ണിനെ കൊല്ലുന്നതിന് മുൻപ് (കവിത: ജയശ്രീ പള്ളിക്കൽ)
ഘാതകാ നീ...
ഒരു പെണ്ണിനെ കൊല്ലുന്നതിനു മുമ്പ്
ചില കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്...
ഒരിക്കൽ അവൾക്കായ്
ഉയിരിൻറെ കരകൾ ദേദിച്ചൊഴുകിയ ചോരയ്ക്ക്...
ഈറ്റു നോവിന്...
എല്ലാ സംഗീത സാധ്യതകൾക്കുമപ്പുറത്തേക്ക്
അലിഞ്ഞുയർന്നു പടർന്ന താരാട്ടിന്...
കുഞ്ഞുടപ്പു തുന്നുമ്പോൾ...
കരിവളകൾ കരുതിവയ്ക്കുമ്പോൾ...
വയറ്റിലെ ഭ്രൂണത്തെക്കാളും വേഗത്തിൽ
 അനുനിമിഷം വളർന്നു നിറഞ്ഞിട്ടും
നീയൊടുക്കിയ....
 ആജൻമ സ്വപ്നങ്ങൾക്ക്...
അവരുടെ ഏകാന്തതകളിൽ തട്ടി
പ്രതിധ്വനിച്ചലട്ടുന്ന...
ഒരു പാദസരക്കിലുക്കത്തിൻറെ
കൂർത്ത മുള്ളിന്...
നീ വിലയിടേണ്ടതുണ്ട്...!
ഓരോ ചിണുങ്ങിക്കരച്ചിലിനുമൊപ്പം
ഉറക്കം കെട്ട രാത്രികളുടെ
ഏകാന്താശാന്തികൾക്ക്....
വിരൽത്തുമ്പു വട്ടത്തിൽ...
നെറ്റിത്തടത്തിലും
കണ്ണുകിട്ടാതിരിക്കാൻ
കാക്കപ്പുള്ളിയായി കവിളിലും
പതിച്ച വിരലടയാളത്തിന്
കപ്പം കെട്ടേണ്ടതുണ്ട്....!
ഈറ്റുപുര മുതൽ...
ആശങ്കയും സ്വപ്നവും
കലർന്നൊഴുകിയ അച്ഛന്റെ
വിയർപ്പിന്...
അവളെ ചേർത്തുറക്കിയ
അയാളുടെ നെഞ്ചിലെ...
ഭ്രാന്തൻ മിടിപ്പിന്...
അകങ്ങളിലവൾക്കായി
അണയാതെ കത്തിച്ചു പുകച്ച
കനലിന്...
മതിപ്പുവില നിശ്ചയിക്കേണ്ടതുണ്ട്...
അവൾ നട്ടുവച്ച
മോഹക്കുരുന്നുകൾ....
ഹൃദയരക്തം കൊണ്ട് നനച്ച്
പച്ചില വിരിപ്പിച്ചവന്റെ
കനവുകളോട്....
കണക്കു തീർക്കേണ്ടതുണ്ട്...
ഒപ്പം പിറന്നോളങ്ങളിലൊഴുകിയകന്ന
ഒരേയൊരുടപ്പിറപ്പിൻറെ
ഉറക്കം പോകുന്ന രാത്രികളുടെ
വേവ് ഏറ്റുവാങ്ങേണ്ടതുണ്ട്...
ഒടുവിൽ....
ഏറ്റവും ഒടുവിൽ...
അവളുടെ മാറിടങ്ങളെ
സ്വപ്നം കണ്ട്...
ഉറക്കത്തിൽ പോലും
നൊട്ടിനുണയ്ക്കുന്ന
ഒരിളം ചുണ്ടിൻറെ
അന്വേഷണങ്ങൾക്ക്...
നിഷ്കളങ്കമായ ഒരുത്തരം
കൊടുക്കേണ്ടതുണ്ട്...!
കൊടുക്കേണ്ടതുണ്ട്....!
ഇതൊന്നും സാധ്യമല്ലെന്ന
ബോധ്യത്തിൽ
നീ അതിനു പുറപ്പെടുന്നുവെങ്കിൽ...
ഉറപ്പ്...!
അവൾക്ക് എത്രയോ മുൻപേ...
എത്രയോ മുൻപേ...!!
 മരിച്ചു പോയിരിക്കുന്നു,നീ...!!


ഒരു പെണ്ണിനെ കൊല്ലുന്നതിന് മുൻപ് (കവിത: ജയശ്രീ പള്ളിക്കൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക