Image

നാണം കെട്ട സെല്‍ഫിക്കാഴ്ചകള്‍.....(ഉയരുന്ന ശബ്ദം-7: ജോളി അടിമത്ര)

Published on 18 September, 2020
നാണം കെട്ട സെല്‍ഫിക്കാഴ്ചകള്‍.....(ഉയരുന്ന ശബ്ദം-7: ജോളി അടിമത്ര)
സെല്‍ഫിയില്‍ നമ്മുടെ മുഖത്തോടു നാം ചേര്‍ത്തു വയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്തൊക്കെയാവും ?.ഏറ്റവും പ്രിയപ്പെട്ട മുഖങ്ങള്‍, മനോഹരകാഴ്ചകള്‍, സ്‌നേഹത്തിന്റെ തുടിപ്പുകള്‍,ആരാധന തോന്നുന്ന വ്യക്തികള്‍,അങ്ങനെയങ്ങനെ സന്തോഷകരമായ ദൃശ്യഭംഗികള്‍.പക്ഷേ ,സാഹസികരായ ചിലര്‍ ഒടുന്ന ട്രെയിനിന്റെയും കുത്താന്‍ വരുന്ന കാളയുടെയും അപകടകരമായ ഉയരങ്ങളുടെയും ഒപ്പം മുഖം കിട്ടാന്‍ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്.കേരളവും മാറുകയാണ്..രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നാരോപിക്കുന്നവരെയും ചതിവിന്റെയും വഞ്ചനയുടെയും മുഖങ്ങളെയും സ്വന്തം   മുഖത്തോടു ചേര്‍ത്തുപിടിച്ചു ഫോട്ടോയെടുക്കാന്‍ തോന്നുന്ന മാനസ്സിക അവസ്ഥയിലേക്ക് മാറിത്തുടങ്ങി.. 

ചാള്‍സ് ശോഭരാജിനെയും വീരപ്പനെയും ഫൂലന്‍ റാണിയെയും പ്രണയിച്ചവരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്.പക്ഷേ അത് ആയിരം പേരില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം തോന്നുന്ന പ്രത്യേക മാനസ്സിക ഭാവത്തിന്റെ പ്രതിഫലനം മാത്രം.ആരോഗ്യകരമായ  മാനസ്സിന്റെ ഉടമയായ ഒരാള്‍ക്ക് അത്തരം അസാധാരണമായ തോന്നലുകള്‍  ഉണ്ടാവുക അപൂര്‍വ്വമാണ്.

ഉന്നതരുമായി അഭിമുഖം നടത്താനുള്ള സാഹചര്യം  പത്രപ്രവര്‍ത്തന ജോലിക്കിടയില്‍ വീണുകിട്ടുക സ്വാഭാവികമാണ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെ രാഷ്ട്രീയക്കാരെയും പ്രശസ്ഥ എഴുത്തുകാരെയും മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സിനിമാ താരങ്ങളുള്‍പ്പടെ പല പ്രമുഖരെയും ഞാനും ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ട്.ഒപ്പമുള്ള ഫോട്ടോഗ്രാഫര്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പമുള്ള നമ്മുടെ ഫോട്ടോകളും എടുക്കാറുണ്ട്.അതൊക്കെ സ്വാഭാവികം.നമ്മളത് സൂക്ഷിച്ചു വെക്കാറുമുണ്ട്. പക്ഷേ കള്ളക്കടത്തുകാരന്റെയും കൊലപാതകിയുടെയും പ്രതികളുടെയും ഒപ്പം നിന്ന് ഫോട്ടോയ്ക്ക്  പോസ് ചെയ്യാന്‍  അഭിമാനബോധമുള്ള ഒരാളും തയ്യാറാവില്ല. പ്രമാദമായ കേസ്സില്‍ കുടുങ്ങി സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കുന്ന  ഒരു പ്രതിക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ ഫോട്ടോയെടുക്കാന്‍ ഇടിച്ചു തള്ളുന്ന കാഴ്ച ഒരു പക്ഷേ കേരളത്തില്‍ മാത്രമാവും സംഭവിക്കുക. എന്തു നാണം കെട്ട കാഴ്ച !.തങ്ങള്‍ക്കു ശമ്പളം തരുന്ന സര്‍ക്കാറിനെ തള്ളിത്താഴെയിടത്തക്ക വഞ്ചന നടത്തിയ ഒരാള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തള്ളിക്കയറിയത് അഭ്യസ്ഥവിദ്യരായ ആറു സ്ത്രീകള്‍.

കോടികളുടെ തട്ടിപ്പിനെ തുടര്‍ന്ന് എന്‍.ഐ.എ തന്നെ അന്വേഷണം നടത്തുന്ന കേസില്‍ പ്രതിയായ സ്വപ്‌നാ സുരേഷിനൊപ്പംനിന്ന് സെല്‍ഫി എടുക്കാന്‍ ഇടിച്ചു തള്ളിയത് കേരള പോലിസ്സിലെ ആറു വനിതാ പൊലിസ്സുകാര്‍..ഇതിനൊപ്പം ചേര്‍ത്തു വായിക്കാന്‍ എന്തെല്ലാം പിന്നാമ്പുറ കഥകളുണ്ടാവും.സ്വപ്‌നാ സുരേഷിനോട് ആദരവോ ആരാധനയോ  തോന്നാന്‍ വാസ്തവത്തില്‍ എന്താണുള്ളത്.രാജ്യത്തെ  തകര്‍ക്കാനുള്ള വിധ്വംസകപ്രവര്‍ത്തികള്‍ക്ക് വളം വച്ചുകൊടുക്കുന്നവരുമായി കൂട്ടുചേര്‍ന്നതോ, സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യപ്രതിയായതോ,മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം ഒട്ടേറെപ്പേരെ കുടുക്കില്‍പ്പെടുത്തിയതോ,മിടുക്കരായ മന്ത്രിമാരെ പോലും സംശയത്തിന്റെ നിഴലില്‍ പെടുത്തിയതോ,എന്താവും ആരാധനയ്ക്കു കാരണമെന്നറിയാതെ ജനം കുഴങ്ങുന്നു.

നെഞ്ചുവേദനയെന്ന പേരില്‍ സ്വപ്‌ന തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അഡ്മിറ്റായപ്പോഴാണ് തൃശ്ശൂര്‍ സിറ്റി പൊലിസിലെ പൊലിസുകാരികള്‍ക്ക്  'ആരാധന' തുടങ്ങിയത്.മൂന്നുപേര്‍ ഡ്യൂട്ടി കഴിഞ്ഞ് പോകാനിറങ്ങിയവര്‍,മൂന്നുപേര്‍ ഡ്യൂട്ടിക്കു കയറാന്‍ വന്നവര്‍.ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഈ മഹതിയോട് അവര്‍ക്ക് എന്തെന്നില്ലാത്ത ആദരവായിപ്പോയി.  സ്വപ്‌നയോട് ഇത്ര ആരാധനതോന്നിയവര്‍ അവരുടെ ആസ്പത്രി വാസത്തിനിടയ്ക്ക്  എന്തെല്ലാം അനധികൃത സഹായങ്ങള്‍ക്കു കുട പിടിച്ചുകാണുമെന്ന് ഊഹിക്കാമല്ലോ.പോലിസുകാരുടെ ഡ്യൂട്ടി സമയത്തെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നുണ്ട്.ഇവരുടെ ഫോണുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണിത്.അവര്‍ക്കു വേണ്ട 'സഹായസഹകരണങ്ങള്‍ '  ചെയ്തു കൊടുത്തിട്ടുണ്ടാവുമെന്ന് സ്വാഭാവികമായും സംശയിക്കാം.  സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിവാദമായതോടെ ആസ്പത്രിയിലെ സി.സി.ടി.വി സത്യം വിളിച്ചുപറഞ്ഞു.വകുപ്പുതല അന്വേഷണമെന്ന പ്രഹസനം തുടങ്ങി കഴിഞ്ഞു.ശാസിച്ചു.ഇനി അച്ചടക്ക നടപടി ഉണ്ടാകുമത്രേ..കൂടിയാല്‍ ഒരു സ്ഥലംമാറ്റം.അല്ലാതെന്തു നടപടിയുണ്ടാകാന്‍.ശരിക്കു പറഞ്ഞാല്‍ നടപടികളെടുത്ത് പിണറായി സര്‍ക്കാര്‍  മടുത്തു.ആര്‍ക്കൊക്കെ എത്രയെന്നു വച്ചാണ് നടപടി.

വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ യാത്ര ചെയ്യുകയാണ് കേരളമിപ്പോള്‍.ശരിക്കും അശാന്തിയുടെ ദിനങ്ങള്‍.ആഴിക്കു നടുവില്‍ നില്‍ക്കുന്ന അവസ്ഥ.കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത് .അടുത്ത സര്‍ക്കാരിന് ബാധ്യത എണ്ണായിരം കോടി .മറുഭാഗത്ത് പടര്‍ന്നു പന്തലിക്കുന്ന കോവിഡ്-19.ദിവസം നാലായിരത്തിലെത്തിനില്‍ക്കുന്ന രോഗവ്യാപനം.മരണ നിരക്ക് കൂടുന്നു.കൈവിട്ട കളിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ തത്രപ്പെടുന്ന സര്‍ക്കാര്‍.  മാസ്‌കിന്റെ മാത്രം ബലത്തില്‍ നൂറുകണക്കിനാളുകള്‍ ഉരുമ്മിനിന്ന് പ്രതിഷേധ പ്രകടനങ്ങളും ജാഥകളും സമ്മേളനങ്ങളും നടത്തുന്നു. എങ്ങനെയെങ്കിലും ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ നോക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റൊരു വശത്ത്..യാതൊരു തെളിവുമില്ലെങ്കിലും  ഊഹംവച്ച്   വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന നേതാക്കള്‍.തെരുവു യുദ്ധത്തെ തോല്‍പ്പിച്ച്  രാഷ്ട്രീയ കക്ഷികളും പൊലിസ്സും ഏറ്റുമുട്ടുന്നു.കഴിഞ്ഞ സര്‍ക്കാരിനെ ഭരണത്തില്‍നിന്നിറക്കാന്‍  പ്രയോഗിച്ച  തന്ത്രങ്ങളെല്ലാം അവര്‍ തിരിച്ചു പ്രയോഗിച്ചു തുടങ്ങി.പുതുതായി രംഗപ്രവേശം ചെയ്ത പാര്‍ട്ടികളും അതേറ്റുപിടിച്ചു കഴിഞ്ഞു.പൊലീസിന്റെ ലാത്തിയടിയേറ്റ് തലപൊട്ടി ചോരയൊലിപ്പിച്ചും പരിക്കേറ്റും ഉടുപ്പുകീറിയും നില്‍ക്കുന്ന  കാഴ്ചകള്‍ നിറയുന്ന ടിവി ചാനലുകള്‍.പത്തു ഹര്‍ത്താലുകള്‍ നടത്താനുള്ള സമയം കഴിഞ്ഞു.പക്ഷേ കൊറോണ തന്നെ മാസങ്ങള്‍ നീളുന്ന ഹര്‍ത്താല്‍ പ്രഖ്യപിച്ച സ്ഥിതിക്ക് അത് പയറ്റാനും കഴിയുന്നില്ല.ആകെ കലുഷിതമായ അന്തരീക്ഷം .അതിനിടയില്‍ ഒപ്പം നില്‍ക്കുന്നവരുടെ പിന്നില്‍നിന്നുള്ള കുത്തും വെട്ടും കൂടിയാകുമ്പോഴോ ?.വലഞ്ഞുപോകും.

പക്ഷേ ,ഇവിടുത്തെ സാധാരണക്കാരനെ വലയ്ക്കുന്ന പ്രശ്‌നം ഇതൊന്നുമല്ല.നയതന്ത്ര പാഴ്‌സലില്‍ എത്തിയ കാര്‍ട്ടനുകളില്‍ ഈന്തപ്പഴമായിരുന്നോ മതഗ്രന്ഥമായിരുന്നോ എന്നൊന്നും അവരെ വലയ്ക്കുന്നില്ല.  അവനറിയേണ്ടത് കൊറോണ രോഗവ്യാപനം കുറയാന്‍ അടുത്തകാലത്ത് എന്തെങ്കിലും സാധ്യതയുണ്ടോ, സൗജന്യ റേഷന്‍ സമയത്തു കിട്ടുമോ,വരുമാനമില്ലാതെ  ലോണ്‍ അടവു മുടങ്ങിയതിനാല്‍  ബാങ്ക്  നടപടിയെടുക്കുമോ എന്നൊക്കെയാണ്.ഒടുവില്‍ 8000കോടിയുടെ ബാധ്യത  വന്നു ചേരുന്നതും അവന്റെ തലയില്‍ത്തന്നെയാണല്ലോ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക