Image

നിലാവത്തുദിച്ച കഥകൾ (ദിനസരി-17, ഡോ.സ്വപ്ന.സി. കോമ്പാത്ത്)

Published on 21 September, 2020
നിലാവത്തുദിച്ച കഥകൾ (ദിനസരി-17, ഡോ.സ്വപ്ന.സി. കോമ്പാത്ത്)

Women are naturally secretive and they like to do their own Secreting
Arthur Conan Doyle

മലയാളത്തിലെ എഴുത്തുകാരികളിൽ പ്രമേയപരമായും രൂപപരമായും  തികച്ചും വ്യത്യസ്തമായ പാത സ്വീകരിച്ച പ്രതിഭയാണ് അഷിത.അഷിതയുടെ സ്ത്രീകഥാപാത്രങ്ങളെല്ലാം തന്നെ അടിമുടി യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നു. മനുഷ്യർ പ്രത്യേകിച്ച് സ്ത്രീകൾ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വ്യക്തിത്വപ്രതിസന്ധികളെ തന്മയത്തോടെ ആവിഷ്കരിക്കുന്നതിൽ അഷിതയ്ക്കുള്ള മിടുക്ക് പറയാതെ വയ്യ.

പ്രതീക്ഷകളെ , നിസ്സാഹായതകളെ, സ്നേഹ നിരാസങ്ങളെയെല്ലാം ചേർത്തുവെക്കുന്ന ജൈവികമായ ഒരിടമാണ് അഷിതയുടെ രചനാലോകം.

മാതൃഭൂമി ബുക്സ് 2019 ഏപ്രിലിൽ രണ്ടാം പതിപ്പായി പുറത്തിറക്കിയ നിലാവിന്റെ നാട്ടിൽ എന്ന കഥാസമാഹാരത്തിൽ പത്തു കഥകളാണുളളത്. ആശയങ്ങൾ മുഴുവൻ  ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിതച്ചുതീർക്കുന്നൊരു എഴുത്തുകാരി. പക്ഷേ ഓരോ വാക്കും മുളച്ചുപൊന്തുന്നത് ഒന്നിനു പകരം  ഒരായിരം തലകളായാണ്. ഉള്ളിൽക്കിടന്നവ ശ്വാസം മുട്ടിപ്പിടയുമെന്നുറപ്പ്.പെണ്ണുകാണലിന്റെ രണ്ടാം ഘട്ടത്തിലെ സംഭാഷണമായി ചുരുങ്ങുന്ന ഒറ്റപ്പേജ് കഥ പൊരുൾ , ദാമ്പത്യം എന്ന സ്ത്രീപുരുഷമാനസികവൈതരണിയുടെ  രത്നച്ചുരുക്കമാണ്. ബന്ധങ്ങളുടെ പൊരുളായത് വികസിക്കുകയും ചെയ്യുന്നു..

സ്ത്രീയുടെ മനസ്സറിയുവാൻ ബ്രഹ്മനു പോലും സാധ്യമല്ലെന്ന പഴമൊഴിയോടൊപ്പം നിൽക്കുകയാണ് ശിവേനസഹനർത്തനം എന്ന കഥയിലെ അനുരാധയുടെ മനസ്സ്.വാക്കുകൾ കാറ്റായി മാറുന്ന അനുഭവം ."ദാമ്പത്യംന്ന് ച്ചാൽ ഒരു നൃത്താണ് കുട്ടീ, ശിവേന സഹ നർത്തനം ന്ന് പഴമക്കാര് പറയും " എന്നാണ് അമ്മൂമ്മ പേരക്കുട്ടിയുടെ വിവാഹത്തിന് നൽകുന്ന ഉപദേശം. തലമുറകളായി പിന്തുടർന്നു വന്ന ആ ഉപദേശം അനുരാധയിലേക്ക് പകരാൻ അമ്മ ശ്രമിക്കുന്നു."നൃത്തം തന്നെയാണമ്മേ പക്ഷേ താഴേക്കു ചെല്ലുന്തോറും വിസ്താരം കുറയുന്ന ഒരു കിണറിനുള്ളിലെ നൃത്തമാണെന്നു മാത്രം " എന്ന് ഒരു സംശയവുമില്ലാതെ അനുരാധ പൂരിപ്പിക്കുന്നു.


ദാമ്പത്യത്തിലെ സ്ത്രീയവസ്ഥയെ ഇത്ര ഗംഭീരമായവതരിപ്പിക്കുന്ന രംഗങ്ങൾ നമ്മുടെ കഥാസാഹിത്യത്തിൽ വളരെ കുറവാണ്.സമത്വം, സ്വാതന്ത്ര്യം എന്തിന് ജീവിതം തന്നെയും ശ്രേഷ്ഠമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണ് എന്ന് പ്രസ്താവിക്കുന്ന
ചില ശ്രേഷ്ഠമായ നുണകൾ. ലോകം  ഭയാനകമാണെന്ന് സമർത്ഥിക്കുന്ന ലോകത്തിനു ചില വിടവുകൾ... ജീവിതത്തിന്റെ വൈവിധ്യങ്ങളെ ഭാവനാസമ്പന്നമായി വിളക്കി ചേർത്ത കഥകൾ. പലപ്പോഴും വലിയൊരു കരച്ചിൽ നമ്മുടെ വായനയെയും സങ്കല്പത്തെയും കീറി മുറിച്ചു കൊണ്ട് ഉയർന്നു വരുന്നതു പോലെയുള്ള അനുഭവം 
നിലാവത്തുദിച്ച കഥകൾ (ദിനസരി-17, ഡോ.സ്വപ്ന.സി. കോമ്പാത്ത്)നിലാവത്തുദിച്ച കഥകൾ (ദിനസരി-17, ഡോ.സ്വപ്ന.സി. കോമ്പാത്ത്)നിലാവത്തുദിച്ച കഥകൾ (ദിനസരി-17, ഡോ.സ്വപ്ന.സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക