Image

ഫിറ്റ് ഇന്ത്യ സംവാദത്തില്‍ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

Published on 25 September, 2020
ഫിറ്റ് ഇന്ത്യ സംവാദത്തില്‍ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫിറ്റ് ഇന്ത്യ സംവാദത്തില്‍ മുരിങ്ങക്കയുടെ പോഷകഗുണങ്ങളെക്കുറിച്ച്‌ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഉണ്ടാക്കുന്ന മുരിങ്ങക്കാ പറാത്തയെക്കുറിച്ച്‌ മോദി സംവാദത്തില്‍ പങ്കുവച്ചു. കായികതാരങ്ങളടക്കമുള്ളവര്‍ സംവാദത്തില്‍ പങ്കെടുത്തു. കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച.


ക്രിക്കറ്റ് താരം കോഹ്ലി തന്റെ വ്യായാമ ജീവിതത്തെക്കുറിച്ച്‌ സംവാദത്തില്‍ സംസാരിച്ചു. ജാവലിന്‍ താരം ജജാരിയ, ഫുട്‌ബോള്‍ താരം അഫ്‌സാന്‍ ആഷിക്ക്, മോഡല്‍ മിലിന്ദ് സോമന്‍, സ്വാമി ശിവധ്യാനം സരസ്വതി, വിദ്യാഭ്യാസവിദഗ്ധന്‍ മുകുള്‍ കനിത്കര്‍ എന്നിവരും വ്യായാമത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രിയുമായി സംവദിച്ചു.


'ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനര്‍ഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണ'മെന്നും പ്രധാനമന്ത്രി പറഞ്ഞു.


ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'വിളിക്കുമ്ബോഴെല്ലാം 'ഹല്‍ദി' കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും. താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ട്.' -നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. 'Fit India Dialogue 2020' എന്നാ പേരില്‍ നടന്ന പരിപാടിയില്‍ 'Fit India Age Appropriate Fitness Protocol'ഉം പ്രധാനമന്ത്രി പുറത്തിറക്കി.


കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്. കായിക ക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും അനുഭവങ്ങളും എല്ലാവരും പങ്കുവച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക