Image

വിജയ് പി നായരുടെ യു ട്യൂബ് ചാനല്‍ പിന്‍വലിക്കാന്‍ പൊലീസ് കത്ത് നല്‍കി; ഡോക്ടറ്റേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്

Published on 28 September, 2020
വിജയ് പി നായരുടെ യു ട്യൂബ് ചാനല്‍ പിന്‍വലിക്കാന്‍ പൊലീസ് കത്ത് നല്‍കി; ഡോക്ടറ്റേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്

സ്ത്രീകളെ അധിക്ഷേപിച്ച്‌ അശ്ലീല വീഡിയോകള്‍ ചെയ്യുന്ന യു ട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ പിഎച്ച്‌ഡി സ്വീകരിക്കുന്ന ഫോട്ടോകളില്‍ നല്‍കിയിരിക്കുന്ന പേരില്‍ അങ്ങനെയൊരു സര്‍വകലാശാല സ്ഥിതി ചെയ്യുന്നില്ലെന്നാണ് വിവരം. നിലവില്‍ വെബ്സൈറ്റ് മാത്രമാണ് ഇവര്‍ക്കുളളത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.


ചെന്നൈയിലെ സാലി​ഗ്രാമം ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടിയെന്നായിരുന്നു വിജയ് പി നായര്‍ പറഞ്ഞിരുന്നത്. ഡോക്ടറേറ്റ് ഏറ്റുവാങ്ങിയ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. 


എന്നാല്‍ ഈ വിലാസത്തില്‍ ചെന്നൈ സാലി​ഗ്രാമം ഭാരതീയാര്‍ സ്ട്രീറ്റില്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം. വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ആരോപിച്ചു.


റിഹാബിലിറ്റേഷന്‍ കണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ പരാതി കൊടുക്കുമെന്നും അസോസിയേഷനില്‍ വിജയന്‍ നായര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും‌ കേരള ചാപ്റ്റര്‍ പ്രസിഡന്‍്റ് ഡോ സതീഷ് നായര്‍ പറഞ്ഞു. സ്ത്രീകളെ അധിക്ഷേപിച്ച്‌ അശ്ലീല വീഡിയോകള്‍ ചെയ്യുന്നതില്‍ വിജയ് പി നായര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.


 തമ്ബാനൂര്‍, മ്യൂസിയം സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സൈബര്‍ പൊലീസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. വിജയ് പി നായര്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിട്രിക്സ് സീന്‍ എന്ന യു ട്യൂബ് ചാനല്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യു ട്യൂബിന് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക