Image

സെല്‍ഫി-അഥവാ അവനവനിസം (കഥ: നവീൻ.എസ്)

Published on 29 September, 2020
സെല്‍ഫി-അഥവാ അവനവനിസം (കഥ: നവീൻ.എസ്)
ടാപ്പിംഗ് തൊഴിലാളിയായ  പുത്തമ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ ആത്മഹത്യ ചെയ്തു. റബ്ബര്‍ പാലിലൊഴിക്കുന്ന ആസിഡ് കുടിച്ചതാണ്. കര്‍ഷക ആത്മഹത്യയെന്നും പറഞ്ഞ് മാധ്യമങ്ങളും രാഷട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും അതങ്ങനെയല്ലെന്ന് വര്‍ക്കിച്ചന്‍റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തിക്കറിയാമായിരുന്നു. കാരണം, അവരു മാത്രം വായിച്ച, അയാളുടെ ആത്മഹത്യാക്കുറിപ്പു ഇങ്ങനെയായിരുന്നു:

"അവന്‍ നമ്മളെ ചതിച്ചെടി...എനിക്കതു താങ്ങാന്‍ മേല."

രണ്ടു ദിവസം മുമ്പാണ്, തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ വര്‍ക്കിച്ചന് ത്രേസ്യാമ്മ ആ കടലാസ്സെടുത്തു കൊടുത്തത്.

"ബാങ്കീന്ന് മാനേജര്‍ സാറും വേറെ രണ്ടാളും വന്നാരുന്നു. ഈ പത്തിന് മുമ്പേ ഒരു പതിനായിരമെങ്കിലും കെട്ടണംന്നാ പറഞ്ഞെ. ഇല്ലേല്‍ കേസു കൊടുക്കുത്രേ. കെട്ടുപ്രായം തികഞ്ഞ പെണ്ണാ. കേസും കൂട്ടവുമായി നടന്നാ പിന്നെ... "

കയ്യിലെ വര്‍ണ്ണക്കടലാസും നോക്കി കുന്തിച്ചിരിക്കുന്ന അയാളോട് കൂടുതലൊന്നും പറയാനാകാതെ  അവരകത്തേക്കു നടന്നു.

"എട്യേ...ഞാനൊന്നു പൊറത്തോട്ട് എറങ്ങ്യേച്ചും വരാം."

ത്രേസ്യാമ്മ എടുത്ത കഞ്ഞിവെള്ളം പോലും കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ പടിയിറങ്ങിപ്പോയി.

മൂത്തവളുടെ  കെട്ടു  കഴിഞ്ഞ് നടുവൊടിഞ്ഞു നില്‍ക്കുമ്പോഴാണ് രണ്ടാമത്തവള്‍ റോസ്‌ലിന്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു പാസ്സായത്. നഴ്സിംഗ് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനു എതിരു നില്‍ക്കാനായില്ല. ബാങ്ക് ലോണെടുത്ത് പഠിപ്പിച്ച അവള്‍ ഉത്തരേന്ത്യയിലെ പേരറിയാത്ത ഏതോ ഗ്രാമത്തില്‍ ജോലി ചെയ്യുന്നുണ്ട്. കിട്ടുന്ന ശമ്പളം താമസത്തിനും ഭക്ഷണത്തിനും പോലും തികയാത്ത അവസ്ഥ. നേരത്തെയായിരുന്നെങ്കില്‍ എങ്ങനേലും ലോണ്‍ അടച്ചു തീര്‍ക്കാമെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷെ, ദിനംപ്രതി റബ്ബറിന്‍റെ വില താഴോട്ടാണ്. കര്‍ത്താവ്‌ ഒരു വഴി കാട്ടാതിരിക്കില്ല.

വിശപ്പും വെയിലും തളര്‍ത്താത്ത ഉറച്ച കാല്‍വെയ്പ്പുകളോടെ ഇടവഴിയിലൂടെ നടന്നു പോകുന്ന അയാളേയും നോക്കി പടിക്കലിരുന്ന് ചേടത്തി കുരിശ് വരച്ചു.

"എട്യേ...നീ ഇങ്ങോട്ടൊന്നു വന്നേ..."

വിളിയുടെ  കരുത്ത് കേട്ടപ്പോൾ തന്നെ പോയ കാര്യം നടന്നെന്നു ത്രേസ്യാമ്മക്കു മനസ്സിലായി.

"ആ റപ്പായീടെ കയ്യീന്നു രൂപ പതിനായിരം മേടിച്ചു. നൂറ്റുക്കിരുപതാ പലിശ. എന്നാലെന്താ...കാര്യം നടക്കട്ടെന്നേ.

ഇത് കേട്ടു കൊണ്ടാണ് മോനായി പുറത്തേക്കു വന്നത്. വര്‍ക്കിച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ സന്തതിയാണ് പ്ലസ്‌ടു വിദ്യാര്‍ഥിയായ മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്.

"അപ്പാ...എനിക്കൊരു പുതിയ മൊബൈല്‍ വേണം."

"എന്നാത്തിനാടാ ഇപ്പൊ പുതിയത്? ഒരെണ്ണം വാങ്ങിച്ചിട്ട് മാസം മൂന്നായില്ലല്ലോ?"

ത്രേസ്യാമ്മക്കു അരിശം കേറി .

"അതില് സെല്‍ഫി എടുക്കാനൊക്കത്തില്ല..."

അമ്മയുടെ മുഖത്ത് നോക്കാതെയാണ് മോനായി പറഞ്ഞത്.

"സെല്‍ഫിയോ....എന്തുവാ അത് ?" വര്‍ക്കിച്ചന് മനസ്സിലായില്ല

"നമ്മടെ തന്നെ പടം എടുക്കണതിനെയാ സെല്‍ഫീന്നു പറയണെ. അതിനു മുന്നിലും ക്യാമറ വേണം"

"ഇപ്പൊ ഉള്ളതിന് കാമറ ഉണ്ടല്ലോ. അതൊന്നു തിരിച്ചു പിടിച്ചാ പോരെ. രണ്ടറ്റം മുട്ടിക്കാന്‍ മനുഷരിവിടെ പെടാപ്പാട് പെടുമ്പഴാ  ചെറുക്കന്‍റെ അഹങ്കാരം. പൊക്കോണമവിടുന്ന്..."

ത്രേസ്യാമ്മക്ക് കലി അടക്കാനായില്ല.

"നിങ്ങളോട് ചോദിച്ചോ ഞാന്‍....ഇല്ലല്ലോ? ഇടെല്‍ കേറി വളവളാന്നു  പറഞ്ഞോളും നാശം..."

പറഞ്ഞു തീര്‍ക്കും മുന്‍പേ വര്‍ക്കിച്ചന്‍റെ കൈ അവന്‍റെ കവിളില്‍ ആഞ്ഞു പതിച്ചു.

രണ്ടു പെമ്പിള്ളേര്‍ക്ക് ശേഷം കിട്ടിയ അവനിലായിരുന്നു അയാളുടെ പ്രതീക്ഷയത്രയും. ത്രേസ്യാമ്മ പലപ്പോഴും വിലക്കുമെങ്കിലും ഒരുപാട് ലാളിച്ചാണ്  വളര്‍ത്തിയത്. അതിന്റെ ഏനക്കേട് ചെറുക്കനുണ്ട്. ആദ്യമായാണ് അവനെ തല്ലിയത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. ഭാര്യയെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റു അവന്‍റെ മുറിയിലേക്ക് നടന്നു.

ഇല്ല...കട്ടിലില്‍ അവനില്ല. ലൈറ്റ് ഇട്ടു മുറിയാകെ നോക്കി. അവന്‍റെ സ്കൂള്‍ ബാഗും കാണുന്നില്ല. ത്രേസ്യാമ്മയെ വിളിക്കാനായി മുറിക്കു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്; മേശ വലിപ്പ് തുറന്നു കിടക്കുന്നു. കാശിന്‍റെ പൊതി അകത്തില്ല. കണ്ണില്‍ ഇരുട്ട് കയറുന്നതായി അയാള്‍ക്ക് തോന്നി.

ഒരാഴ്ച്ചക്ക് ശേഷമുള്ള ദിനപത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു:

"സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്‌ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു.  പരേതനായ പുത്തന്‍പുരക്കല്‍ വര്‍ഗ്ഗീസിന്‍റെ മകനാണ് മരിച്ച മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്....."
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക