Image

കാത്തിരുന്നിട്ടും വീടിനായി നീതു വന്നില്ല; സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച്‌ അനില്‍ അക്കര എം.എല്‍.എ

Published on 29 September, 2020
 കാത്തിരുന്നിട്ടും വീടിനായി നീതു വന്നില്ല; സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച്‌ അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച്‌ അനില്‍ അക്കര എം.എല്‍.എയുടെ രാഷ്ട്രീയ നീക്കം. 


വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയൊ ചൊല്ലിയുണ്ടായ വിവാദങ്ങളും സി.ബി.ഐ അന്വേഷണവും ഊര്‍ജിതമായിരിക്കേയാണ് അനില്‍ അക്കരയ്ക്ക് പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയുടെ എന്ന പേരില്‍ കത്ത് പ്രചരിച്ചത്.


ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച്‌ നഗരസഭാ പുറമ്ബോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുതെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇത് സി.പി.എം സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെ കത്തിലെ പൊള്ളത്തരം തുറന്നുകാട്ടാന്‍ എം.എല്‍.എതന്നെ രംഗത്തെത്തി. 


കത്തെഴുതി എന്നു പറയുന്ന നീതു ജോണ്‍സണ്‍ മങ്കരയെ കാത്ത് എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനുവും ആലത്തുര്‍ എം.പി രമ്യ ഹരിദാസും രാവിലെ 9 മുതല്‍ 11 വരെ കാത്തിരിപ്പ് സമരം നടത്തിയത്.


'നീതുമോളേ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച്‌ രമ്യ ഹരിദാസും എത്തുമെന്ന് അറിയിച്ചിരുന്നു. നീതു വന്നാല്‍ വീട് നിര്‍മ്മിക്കുന്നതിന് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ രണ്ടു മാസത്തെ ശമ്ബളം നല്‍കാന്‍ തയ്യാറാണെന്ന് രമ്യ ഹരിദാസ് പറഞ്ഞു. 


നീതുവിനും നീതുവിനെ അറിയാവുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്ന് എം.എല്‍.എ ഇന്നലെ അറിയിച്ചിരുന്നു. തന്റെ കൗണ്‍സിലര്‍ ആയ സൈറാബാനുവാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിതെന്ന് 'നീതു ജോണ്‍സണ്‍ മങ്കര' കത്തില്‍ പറഞ്ഞിരുന്നു.


താനും കൗണ്‍സിലര്‍ സൈറാബാനുവും നീതുവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ നീതുവിനെ കാത്തിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞിരുന്നു.


നീതുവിനെ കാത്തിരിക്കുകയാണെന്ന് വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ പന്തല്‍ കെട്ടിയിരിക്കുന്ന എം.എല്‍.എ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിച്ച്‌ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.


രണ്ടര മണിക്കൂര്‍ കാത്തിരുന്നിട്ടും നീതുവിനെ കാണാത്തതിന്നെ തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം എന്നാവശ്യപെട്ട് എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക