Image

പരിസ്ഥിതിലോല ബഫര്‍ സോണ്‍ വനാതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല: വി.സി. സെബാസ്റ്റ്യൻ

Published on 29 September, 2020
പരിസ്ഥിതിലോല ബഫര്‍ സോണ്‍ വനാതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല:  വി.സി. സെബാസ്റ്റ്യൻ
കൊച്ചി: കേരളത്തിലെ വന്യജീവി സങ്കേതത്തിനു ചുറ്റിലുമായി ഒരു കിലോമീറ്റര്‍ വായൂദൂരത്തില്‍ കര്‍ഷക ഭൂമി കൈയേറി പരിസ്ഥിതി ബഫര്‍ സോണ്‍ പ്രഖ്യാപിക്കുവാനുള്ള നീക്കവും കരടുവിജ്ഞാപനങ്ങളും സംഘടിതവും നിയമപരവുമായി നേരിടുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

 ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളിലായി ബഫർസോൺ നിജപ്പെടുത്തണം. ബഫര്‍ സോണ്‍ വനാതിര്‍ത്തി കടക്കാന്‍ യാതൊരു കാരണവശാലും കർഷകർ അനുവദിക്കില്ല. നിയമപരമായി കാലങ്ങളായി കരമടച്ച് കൈവശംവച്ച് അനുഭവിക്കുന്നതും തലമുറകളായി കൃഷിചെയ്യുന്നതുമായ ഭൂമി പരിസ്ഥിതിലോല ബഫര്‍ സോണായി  മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നത് എതിര്‍ക്കപ്പെടും. 

2019ല്‍ വിവിധ സമയങ്ങളില്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് നടന്ന ആലോചനായോഗങ്ങളെ ജനപ്രതിനിധികള്‍ നിസാരവല്‍ക്കരിച്ചതും ഉദ്യോഗസ്ഥ താത്പര്യത്തിനനുസരിച്ച് ജനനേതാക്കൾ നിലപാടെടുത്തതുമാണ് ഇന്ന് കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.

കര്‍ഷകരുടെ രക്ഷകരും സംരക്ഷകരുമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ക്ക് രക്ഷയേകാന്‍ കര്‍ഷകഭൂമിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വനപ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ തയാറാകണം.

പരിസ്ഥിതി ലോലത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ സംസ്ഥാന വനംവകുപ്പും പരിസ്ഥിതി സംഘടനകളും ഇതിനോടകം നടത്തിയിരിക്കുന്ന വിദേശ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കണം. സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ തെരുവിലിറങ്ങുന്നത് വിരോധാഭാസമാണ്. 

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വനഭൂനിയമക്കുരുക്കുകള്‍ മനപ്പൂർവ്വം സൃഷ്ടിച്ച് മാറിമാറി സംസ്ഥാനം ഭരിച്ചവരും ഭരിക്കുന്നവരും കര്‍ഷകനെ നിരന്തരം വേട്ടയാടുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിച്ചുള്ള പോരാട്ടം ഇന്ന് അനിവാര്യമാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

അഡ്വ. ബിനോയ് തോമസ്
ജനറല്‍ സെക്രട്ടറി
ഫോണ്‍: 790788125
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക