Image

ദൂരങ്ങൾ (കവിത: ഡോ.എസ്.രമ)

Published on 29 September, 2020
ദൂരങ്ങൾ (കവിത: ഡോ.എസ്.രമ)
ആർഭാടങ്ങളുടെ  വഴിയോരക്കാഴ്ചകളെ 
സ്വന്തമാക്കും 
തിടുക്കത്തിലോർമ്മിക്കില്ല .. 
നടക്കാനുള്ള ദൂരങ്ങൾക്ക് 
പരിധിയുണ്ടെന്ന്... 

കൂടെ നടക്കും 
ദൈന്യതയെ 
കണ്ടില്ലെന്നു നടിക്കുമ്പോഴോർമ്മിക്കില്ല.. 
നടന്നു തീർത്ത ദൂരങ്ങൾ 
സ്വന്തമെന്നതൊരു  വ്യാമോഹമെന്ന്... 

നിനച്ചിരിക്കാത്ത നിമിഷങ്ങൾ നിശ്ചയിക്കും 
പരിധിക്കപ്പുറം 
ആർഭാടങ്ങളില്ലാത്ത
ശൂന്യതയെന്നോർമ്മിക്കില്ല.
ആഗ്രഹിക്കാതെ യസ്ഥിത്വങ്ങളെ നിയതി യവിടെ ബലികഴിക്കുന്നുണ്ട്.. 

നടക്കാനുള്ള ദൂരങ്ങൾക്ക് 
പരിധിയുണ്ടെന്ന തിരിച്ചറിവുകൾ
ശൂന്യതയെ പ്രതീക്ഷിക്കും. 
ചുവടുകൾ സാവധാനമാകുമ്പോൾ 
സ്വപ്‌നങ്ങൾ സൗധങ്ങൾ സൃഷ്ടിക്കില്ല... 
ഗതികേടിന്റെ രോദനങ്ങൾക്ക്  
സമ്പാദ്യസഞ്ചികൾ 
സാന്ത്വനമാകുമപ്പോൾ... 

  മഴ മേഘങ്ങൾ  
പെയ്തൊഴിയുമ്പോഴും 
 ആകാശമവയെ  കാത്തിരിക്കുന്നുണ്ട്.. 
ദൂരങ്ങൾ നടന്നു തീരുമ്പോഴും  
ഒഴിഞ്ഞവഴികൾ 
 ശൂന്യമാകുന്നില്ല... 
ആർഭാടങ്ങളെ ചേർത്ത്പിടിച്ച് 
ആരോക്കെയോ..  നടന്നുവരുന്നുണ്ടാകും... 
ദൂരങ്ങളുടെ പരിധികളിലേക്ക്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക