Image

ഇതാണോ കരുതല്‍, ഇനിയാര്‍ക്കും ഈ ഗതി വരരുത്: അഞ്ജന

Published on 29 September, 2020
ഇതാണോ കരുതല്‍, ഇനിയാര്‍ക്കും ഈ ഗതി വരരുത്: അഞ്ജന
തിരുവനന്തപുരം:""ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛനെ എത്തിച്ചത്. പക്ഷേ, പുഴുവരിച്ച ശരീരവുമായാണ് അവിടെ നിന്നു മടങ്ങേണ്ടി വന്നത്.  ഒരാള്‍ക്കും ഈ ഗതി വരരുത്.  പാവങ്ങള്‍ക്ക് എന്നും അവഗണനയാണ്.  ഇക്കാര്യം പുറം ലോകം അറിയണം. കരുതലിന്റെ കേരള മോഡല്‍ ഇതാണോ? "' വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡില്‍ ആര്‍. അനില്‍കുമാറിന്റെ മകള്‍ അഞ്ജനയുടെ വാക്കുകള്‍ മുറിയുന്നു. 

വീട്ടിലെ പടിക്കെട്ടു കയറുന്നതിനിടെ കാല്‍ വഴുതി വീണു ഗുരുതര പരുക്കേറ്റ്, പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ എത്രയും വേഗം എംആര്‍ഐ സ്കാന്‍ ചെയ്യണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു.  നില അതീവ ഗുരുതരമാണെന്നും എത്രയും വേഗം സ്കാന്‍ ചെയ്യണമെന്നു ആശുപത്രി ജീവനക്കാരോടു കരഞ്ഞു പറഞ്ഞിട്ടും കേട്ടതായി ഭാവിച്ചില്ല.  പുറത്തെ സ്വകാര്യ ലാബിലെത്തിച്ചു സ്കാന്‍ ചെയ്യാന്‍ അനുവാദം ചോദിച്ചെങ്കിലും തയാറായില്ല.

24 നാണ് എംആര്‍ഐ സ്കാനിങിനു വിധേയനാക്കിയത്.  എല്ലായിടത്തും അവഗണനയായിരുന്നു. അച്ഛന് കോവിഡ് സ്ഥിരീകരിച്ചെന്ന വിവരം പറഞ്ഞയുടനെ ആശുപത്രി അധികൃതരുടെ സ്വഭാവം മാറി. കുറ്റവാളികളെ പോലെ ഞങ്ങളെ കോവിഡ് പരിശോധനാ മുറിയിലേക്കു കൊണ്ടു പോയി. സാംപിളെടുത്ത ശേഷം എവിടെയെങ്കിലും പൊയ്‌ക്കോയെന്ന നിലപാടായിരുന്നു.   ഈ സമയം കോവിഡ് വാര്‍ഡിലേക്കു മാറ്റിയ അച്ഛന്റെ നിലയെക്കുറിച്ചുള്ള ആശങ്കയായിരുന്നു എനിക്കും സഹോദരങ്ങള്‍ക്കും.

ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി എല്ലാ ദിവസവും ആശുപത്രി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അച്ഛന്‍ സുഖമായിരിക്കുന്നുവെന്നും, പ്രത്യേക കരുതല്‍ നല്‍കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി.  കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങാമെന്ന് ശനിയാഴ്ച അറിയിച്ചു. പിറ്റേ ദിവസമാണ് ഞങ്ങള്‍ അച്ഛനെയും കൂട്ടി മടങ്ങാന്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇതു വരെയുള്ള ചികിത്സയുടെ റിപ്പോര്‍ട്ട് തരാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.

സഹോദരന്‍ അഭിലാഷ് പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തരാന്‍ തയാറായത്.  ആശുപത്രി അധികൃതരുടെ പെരുമാറ്റത്തില്‍ സംശയങ്ങളേറെയുണ്ട്.  ആശുപത്രിയില്‍ കിടത്തിയ വാട്ടര്‍ ബെഡോടെ തന്നെയാണ് ആംബുലന്‍സില്‍ അച്ഛനെ കയറ്റിയത്.   വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനെ കുളിപ്പിച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോഴാണ് ശരീരത്തില്‍ പുഴുക്കള്‍ നുരയ്ക്കുന്നത് കണ്ടത്.  അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ ശരീരമാസകലം മുറിവുകള്‍.  കഴുത്തില്‍ ഒടിവുണ്ടായതിനെ തുടര്‍ന്ന് ഇട്ടിരുന്ന കോളര്‍ ഉരഞ്ഞു, തല പൊട്ടി ആ മുറിവിലും നിറയെ പുഴുക്കള്‍.

അച്ഛന്റെ ആരോഗ്യനില മോശമാണ്.  ശരീരത്തില്‍ നിന്നും പുഴുവരിക്കുന്ന നിലയിലാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അച്ഛനെ എന്തിന് മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു? ആശുപത്രിയിലെത്തുന്ന എല്ലാവരെയും ഈ കണ്ണുകളിലൂടെയാണോ ആശുപത്രി  അധികൃതര്‍ കാണുന്നനത്?   പാവങ്ങള്‍ക്ക് അഭയമാകുന്നതല്ലേ സര്‍ക്കാര്‍ ആശുപത്രികള്‍?  നല്ല ആരോഗ്യവാനായിരുന്ന എന്റെ അച്ഛനെ ഒരു മാസത്തെ ചികിത്സയെ തുടര്‍ന്ന് എല്ലും തോലുമാക്കി, പുഴുക്കള്‍ അരിച്ചിറങ്ങുന്ന ശരീരവുമായി തിരികെ സമ്മാനിച്ചതാണോ ഇവിടുത്തെ "വിദഗ്ധ ചികിത്സ'?  പൊട്ടിക്കരഞ്ഞു കൊണ്ട് അഞ്ജന ചോദിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക