Image

വരാനിരിക്കുന്നത് കോറോണയുടെ പുതു തരംഗമോ?;  രക്തസാക്ഷിത്വം വരിച്ച ആരോഗ്യ പ്രവർത്തകരുടെ നിറം?

Published on 29 September, 2020
വരാനിരിക്കുന്നത് കോറോണയുടെ പുതു തരംഗമോ?;  രക്തസാക്ഷിത്വം വരിച്ച ആരോഗ്യ പ്രവർത്തകരുടെ നിറം?

കഴിഞ്ഞ ഒറ്റ ആഴ്ചയിൽ, യുഎസിലെ 21 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിന്റെയെങ്കിലും വർദ്ധനവ് വന്നിരിക്കുന്നത് വരുന്ന മാസത്തിന്റെ തുടക്കത്തിൽ രോഗബാധയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നുള്ള സൂചനയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാല നൽകിയ വിവരങ്ങളുടെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിൽ രോഗബാധ ത്വരിതപ്പെട്ടതായി കാണുന്നു. കിഴക്കൻ പ്രദേശങ്ങളായ നോർത്ത് കരോലൈനയിലും ന്യൂ ജേഴ്‌സിയിലും സ്ഥിതി വിഭിന്നമല്ല. അലബാമ, അലാസ്ക, കൊളറാഡോ , ഇഡാഹോ, മെയിൻ, മിഷിഗൺ, മിന്നെസോട്ട, മൊണ്ടാന, നെവാഡ, ന്യൂജേഴ്‌സി, ന്യൂ മെക്സിക്കോ, നോർത്ത് കരോലൈന  നോർത്ത് ഡകോട്ട ,ടെക്സാസ് ,വാഷിംഗ്‌ടൺ ,വിസ്കോൺസിൻ, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഉയരുന്നത്. എന്നാൽ  18 സംസ്ഥാനങ്ങളിൽ മാറ്റങ്ങളൊന്നും കാണപ്പെട്ടിട്ടില്ല. ഫ്ലോറിഡ , കണക്ടിക്കട്ട്, ന്യൂ ഹാംപ്ഷയർ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ രോഗബാധ കഴിഞ്ഞ ആഴ്ചയിൽ 10 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൊറോണയുടെ പുതിയ തരംഗം രാജ്യത്തുണ്ടാകും. ഒക്ടോബറിൽ  തുടങ്ങി നവംബർ - ഡിസംബറിൽ അത് കുതിച്ചുചാടും. ആളുകൾ ഒരുമിച്ച് സമയം ചിലവിടാൻ സാഹചര്യമുണ്ടാകുമ്പോൾ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.  വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ ഡയറക്ടറായ ഡോ. ക്രിസ് മുറേ സി എൻ എന്നിനോട് പറഞ്ഞു. 
'നിലവിൽ പ്രതിദിനം 765 കോവിഡ് മരണങ്ങളാണ് അമേരിക്കയിൽ ഉണ്ടാകുന്നത്. ഐ എച്ച് എം ഇ മോഡൽ അനുസരിച്ച്
ഡിസംബറിൽ ഇത് നാലിരട്ടിയായി 3000 എന്ന സംഖ്യയിലേക്ക് എത്തിച്ചേരും. ആദ്യം ഗവേഷകർ കരുതിയിരുന്നത് പോലെ രാജ്യത്ത് സാമൂഹിക പ്രതിരോധത്തിനുള്ള സാധ്യത സത്യത്തിൽ ഇല്ലെന്നും പത്തു ശതമാനത്തിൽ താഴെ അമേരിക്കക്കാർക്കിടയിൽ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ കണ്ടെത്തിയിട്ടുള്ളു എന്നുമുള്ള പഠനത്തിന് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ആശങ്ക ഉയർന്നിരിക്കുന്നത്. 'ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 
46 സംസ്ഥാനങ്ങളിൽ നിന്നുള്ള 28,500 ഡയാലിസിസ് രോഗികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ 9.3 ശതമാനം പേരിൽ മാത്രമേ വൈറസിനെതിരെയുള്ള ആന്റിബോഡികൾ കണ്ടെത്തിയിരുന്നുള്ളു എന്ന് ലാൻസെറ്റിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ ആഴ്ച പുറത്തിറങ്ങുന്ന സിഡിസി വിശകലനത്തിൽ രാജ്യത്തു നിന്നും ശേഖരിച്ച രക്ത സാമ്പിളുകളിൽ പത്ത് ശതമാനം പേരിൽ ആന്റിബോഡി കണ്ടെത്തി എന്നതുമായി ഈ കണ്ടെത്തലിന് സമാനതയുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ലാൻസെറ്റ് ഗവേഷണം , രാജ്യത്ത് ആന്റിബോഡികളുടെ നിലയിൽ സാരമായ വ്യത്യാസമുണ്ടെന്നാണ് കാണിക്കുന്നത്. ന്യൂജേഴ്‌സി ഉൾപ്പെടുന്ന ന്യൂ യോർക്ക് മെട്രോപൊളിറ്റൻ ഏരിയയിൽ ആന്റിബോഡി ലെവൽ പരിശോധിച്ച സാമ്പിളുകളുടെ 25 ശതമാനവും പടിഞ്ഞാറൻ മേഖലയിൽ അഞ്ചിൽ താഴെയുമാണ്. കാലിഫോർണിയയിലെ രോഗബാധ കൂടുമെന്ന് ഹെൽത് ആൻഡ് ഹ്യൂമൻ സെർവിസസ് സെക്രട്ടറിയായ ഡോ.മാർക് ഗ്ലേയുടെ മുന്നറിയിപ്പുണ്ട്. രണ്ടാഴ്ച മുൻപത്തേതിനെ അപേക്ഷിച്ച് കഴിഞ്ഞ ആഴ്ച ഇവിടെ കേസുകളിൽ കുറവുണ്ട്. പ്രതിദിനം 3500 കേസുകളും 84 ൽ താഴെ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

കോവിഡിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആരോഗ്യ പ്രവർത്തകരുടെ നിറം?

 രാജ്യത്തെ നഴ്സുമാരുടെ ഏറ്റവും വലിയ യൂണിയന്റെ കണക്കനുസരിച്ച് 1700 ലധികം ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ആവശ്യമായ സുരക്ഷാസാമഗ്രികളുടെ അഭാവത്തിലും അവർ തങ്ങൾക്കു മുന്നിൽ വന്ന രോഗികളെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിപ്രവർത്തിച്ച് സ്വയം ബലിയർപ്പിച്ചു. നാഷണൽ നഴ്സസ് യുണൈറ്റഡ്  ( എൻ എൻ യു)  പുറത്തുവിട്ട റിപ്പോർട്ടിൽ നിറമുള്ള ആരോഗ്യപ്രവർത്തകരിൽ അനുപാതമില്ലാതെ ഉയർന്ന തോതിൽ രോഗം ബാധിച്ചതായും മരണങ്ങൾ സംഭവിച്ചതായും ചൂണ്ടിക്കാണിക്കുന്നുണ്ട്.' ലോകത്ത് തന്നെ ഏറ്റവുമധികം ആരോഗ്യപ്രവർത്തകർ ബാധിക്കപ്പെട്ട ഇടമാണിതെങ്കിലും വർണ വർഗ വിവേചനം പ്രകടമാണ്. പത്ര മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും റിപ്പോർട്ടുകളും ചരമക്കുറിപ്പുകളും അനുശോചനങ്ങളും ഭരണകൂടത്തിന്റെയും സംസ്ഥാനത്തിന്റെയും റിപ്പോർട്ടുകളുമെല്ലാം ശേഖരിച്ചാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുന്ന ആരോഗ്യ പരിപാലന തൊഴിലാളികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ വെളിപ്പെടുത്തലുകൾ വിരളമാണ്. പുറംലോകം അറിയാതെ ആ മരണങ്ങൾ നിശബ്ദമാകുന്നു. ആശുപത്രികൾ അവിടുള്ള മരണത്തിന്റെയും രോഗബാധയുടെയും എണ്ണം പുറത്തുപറയാൻ മടിക്കുന്നതുകൊണ്ട് ബാധിത മേഖലയ്ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാതെ പോകുന്നു. 1700 ൽ നിന്ന് ഇനിയും ജീവനുകൾ നഷ്ടപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. പല മരണങ്ങളും ഒഴിവാക്കാമായിരുന്നതാണ്. സെപ്റ്റംബർ 16 ലെ കണക്കുകൾ പ്രകാരം 213 അംഗീകൃത നഴ്സുമാരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതിൽ 58 ശതമാനവും നിറമുള്ളവരാണെന്നത് വര്ണവിവേചനത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നു.മരണപ്പെട്ട 67 നഴ്‌സുമാർ 31.5 ശതമാനവും ഫിലിപ്പിനോകളാണ് , യു എസിലെ മുഴുവൻ രജിസ്റ്റേർഡ് നഴ്സമാരിൽ 4 ശതമാനം ഇവരാണ് . മുപ്പത്തിയെട്ടുപേർ ( 17.8 ശതമാനം) കറുത്ത വർഗക്കാരാണ്. 'റിപ്പോർട്ടിൽ പറയുന്നു .
രാജ്യത്തെ ആകെ രജിസ്റ്റേർഡ് നഴ്സുമാരായ ഇരുണ്ടവർഗക്കാർ 12.4 ശതമാനം മാത്രമാണ്. ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവൻഷൻ കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കിൽ 156,306 ആരോഗ്യ പ്രവർത്തന തൊഴിലാളികൾ രോഗബാധിതരായെന്നെ പറയുന്നുള്ളു. എൻ എൻ യു പുറത്തുവിടുന്ന കണക്കിലിത് 2,58,768 ആണ് -166 ശതമാനം കൂടുതൽ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക