Image

പൗരുഷ മലയാളം (ബ്ലെസ്സൻ ജി)

Published on 30 September, 2020
പൗരുഷ മലയാളം (ബ്ലെസ്സൻ ജി)
അയ്യോ ഓടി വായോ......!! പരശുരാമൻ മഴുവെറിഞ്ഞു പൊക്കിയെടുത്ത ഭൂമി മലയാളത്തിലെ എല്ലാ പുരുഷകേസരികളുടെ  പൊങ്ങിയിരുന്ന എന്തോ ഒന്ന് വാമനൻ ചവിട്ടിത്താഴ്ത്തിയ തുപോലെ പോയി എന്ന് കേരളത്തിലെ ഉശിരുള്ള പട കുറുപ്പന്മാർ ഫേസ്ബുക്കിൽ തലങ്ങുംവിലങ്ങും ഓരിയിട്ടുകൊണ്ട് നടക്കുന്നു. ഏതോ ഫെമിനിച്ചികൾ എല്ലാവരുംകൂടി ഇത്രയും സംസ്കാരസമ്പന്നമായ പുരുഷാധിപത്യത്തിൻറെ മുഖത്തടിച്ചു എന്ന് അന്തി ചർച്ചകളിൽ വീരശൂര പരാക്രമികളും സമസ്ത വിഷയങ്ങളിൽ തലതൊട്ടപ്പൻമാരും ആയ അനേകംപേർ തൊണ്ട കീറുന്നത് കണ്ടപ്പോൾ ഈയുള്ളവന് ഒരു ചെറിയ സംശയം... അപ്പൊ എന്താണ് മലയാളത്തിൻറെ പ്രബുദ്ധത.

 നിയമം കയ്യിലെടുക്കാൻ ഫെമിനിച്ചി കൾക്ക് യാതൊരു അധികാരവും ഇല്ല എന്നും ഫെമിനിച്ചികളുടെ തെറി വിളി കേട്ട് മലയാളത്തിലെ എഴുത്തച്ഛൻമാർ കയർ അന്വേഷിച്ചു നടക്കുന്നു എന്നൊക്കെ കേട്ടു.....! അതായത് എല്ലാ നിയമങ്ങളും കയ്യിൽ എടുക്കുവാൻ മലയാളക്കരയിൽ ആണായി പിറന്ന ഗജകേസരിമാർക്ക് മാത്രമേ പറ്റുകയുള്ളൂ എന്നും എല്ലാ തെറിവിളിയും മുഖത്തു മീശയുള്ള പുരുഷകേസരി മാരുടെ സ്വന്തം എന്നും പണ്ട് U N  തിട്ടൂരം ഇറക്കിയത് ലംഘിച്ചുകൊണ്ടാണ് ഈ ഫെമിനിച്ചികൾ നടക്കുന്നതെന്നും ആണ് പ്രധാന വിലാപം.

സ്ത്രീ എന്നത് പുരുഷൻറെ ഒരു ഉപഭോഗവസ്തു മാത്രമാണ് എന്നും അവൾ കഞ്ഞിയും കറിയും വച്ച് കുഞ്ഞുങ്ങളെ ജനിപ്പിച്ചു വളർത്തുന്ന ഒരു  ജീവിയും നാലുകെട്ടിൻ ഉള്ളിൽ കിടന്നു കൊള്ളണം എന്നുള്ള ഒരു മാനസിക കാഴ്ചപ്പാട് ഉള്ള പുരോഗമനവാദികളായ    പുരുഷുകളോട് ഒരു വാക്ക്.... സ്ത്രീകൾ അബലകളും തബലകളും ആണ് എന്ന് കരുതുന്നുവെങ്കിൽ തെറ്റി...! അവർക്ക് സമൂഹത്തിൽ പുരുഷനോളമോ  അതിലധികമോ ഉത്തരവാദിത്വങ്ങൾ ഉള്ള ഒരു സമൂഹമാണ് ഇന്നത്തേത്. അവർ അടിയും തൊഴിയും വാങ്ങി വീട്ടിൽ കിടക്കുകയും അപമാനവും നിന്ദയും സഹിച്ച് മിണ്ടാതിരിക്കുകയും മറ്റൊരു രീതിയിൽ പറഞ്ഞാൽ അവൾ അപമാനം സഹിക്കുകയും പീഡനം സഹിക്കുകയും ചെയ്യേണ്ടതാണ് എന്നുള്ള മാനസികാവസ്ഥയിൽ നിന്ന് സാക്ഷരകേരളം ഉണരട്ടെ എന്നതാണ് ഇതിൽ നിന്നുള്ള ഒരു പാഠം. അവർക്കും അവകാശങ്ങൾ ഉണ്ട് അപമാനം സഹിക്കുന്നതിന് പരിമിതികളുണ്ട്.
 എൻറെ അമ്മയോ പെങ്ങളോ മകളോ ഭാര്യയോ ചോദിക്കുകയോ ചെയ്യുകയോ ചെയ്തതിന് അപ്പുറം ആയോ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്നതതിനും അപ്പുറമായി ഒന്നും തന്നെ ഈ ഫെമിനിച്ചികൾ ചെയ്തിട്ടില്ല എന്ന് തുറന്നു പറയുന്നതിൽ യാതൊരു സങ്കോചവും ഇല്ല. പുരുഷന് സ്ത്രീയെ അപമാനിക്കുന്നതിന് എന്തോ ഒരു ലൈസൻസ് കിട്ടിയത് പോലെയാണ് പലരുടെയും അഭിപ്രായം. സ്ത്രീയുടെ നേരെ എന്ത് ആഭാസത്തരവും കാണിക്കാം എന്നും സ്ത്രീ അതിനെതിരെ ശബ്ദിച്ചാൽ അവൾ പോക്ക് കേസ് ആണ് എന്നുമുള്ള ഒരു മേൽ എഴുത്ത് മാറേണ്ടതുണ്ട്. ഒരു സ്ത്രീ അവരുടെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ചോദ്യം ചെയ്യുമ്പോൾ അവരെ സമൂഹ മാധ്യമത്തിലൂടെ യും അല്ലാതെയും അപമാനിക്കുവാൻ മാന്യതയുള്ള ഏതു പുരുഷന് സാധിക്കും ...?
 അത്തരം ആഭാസത്തരങ്ങൾ മാന്യതയുള്ള പുരുഷന്മാർ ചോദിക്കാതെ പോകുന്നതും ആണത്തം ഇല്ലായ്മയുടെ ലക്ഷണം തന്നെയാണ്.

ഭാഗ്യ ലക്ഷ്മിയും കൂട്ടരും ചെയ്തത് അപ്പാടെ ശരിയാണെന്നും അവർ വിളിച്ചു പറഞ്ഞ് ആഭാസത്തരങ്ങൾ നല്ലതാണെന്നും ഒന്നും ഞാൻ സ്ഥാപിക്കുന്നില്ല. എന്നാൽ അവരെ വിമർശിക്കുന്നവർ ഒരു കാര്യം ചിന്തിക്കുക നിങ്ങളുടെ അമ്മയെ പറ്റിയോ മകളെ പറ്റിയോ ഭാര്യയെ പറ്റിയോ സഹോദരിയെ പറ്റിയോ ആണ് അത് പറഞ്ഞത് എങ്കിൽ നിങ്ങളുടെ മാനസിക അവസ്ഥ എന്താണ് എന്ന് ആത്മാർത്ഥതയോടെ നെഞ്ചിൽ തൊട്ട് ചിന്തിക്കുക. അങ്ങനെ അപമാനത്താൽ മുറിവേറ്റ ഒരു സ്ത്രീ നീതിക്കുവേണ്ടി പല വാതിലുകളിലും മുട്ടിയിട്ടും നീതിദേവതയുടെ കാവൽക്കാർ കണ്ണടച്ചു കളഞ്ഞപ്പോൾ അവർ നീതി തേടി ഇറങ്ങി എന്നത് ഈ ഭാരത സംസ്കാരത്തിൽ പുതിയ കാര്യമൊന്നുമല്ല.

തൻറെ ഭർത്താവിനെ കള്ള കഥയിൽ കുടുക്കി തലവെട്ടിയ വാർത്തയറിഞ്ഞ് തങ്ങളുടെ നിരപരാധിത്വം തെളിയിച്ച ശേഷം മുല പറിച്ചെറിഞ്ഞ് ഒരു നഗരത്തെ ചാമ്പൽ ആക്കിയ കണ്ണകിയുടെ സംസ്കാരം ഉൾക്കൊള്ളുന്ന ഭാരതത്തിൽ ഝാൻസി റാണിമാരും  ഭൂലാൻ ദേവിമാരും വീണ്ടും ഉണർന്ന്, വാൾത്തല യിലൂടെയും തോക്കിൻകുഴലിലൂടെയും നീതി നടപ്പാക്കുവാൻ  ഇറങ്ങിത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കുക അല്ലേ മാന്യത. ഒരു നല്ല സംസ്കാരം സ്ത്രീയെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത്. ഭാഗ്യലക്ഷ്മിയും കൂടെയുള്ള ഫെമിനിസ്റ്റുകൾക്കും എൻറെ കട്ട സപ്പോർട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക