Image

ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്; അയോധ്യയില്‍ കനത്ത സുരക്ഷ

Published on 30 September, 2020
ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്; അയോധ്യയില്‍ കനത്ത സുരക്ഷ
ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്നു വിധി പറയും.  27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. ഇവരെല്ലാം ഹാജരാകണമെന്ന് പ്രത്യേക കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണു സൂചന. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിലുള്ള ഉമാഭാരതി മാത്രമേ എത്തില്ലെന്ന് അറിയിച്ചിട്ടൂള്ളൂവെന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു.വിധി പറയുന്ന ജ!ഡ്ജി എസ്.കെ. യാദവ് വിരമിക്കുന്നതും ഇന്നാണ്.

കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു.

അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്.  ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.

മറ്റു പ്രതികളില്‍പ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദള്‍ നേതാവുമായിരുന്ന ജയ്ഭാന്‍ സിങ് പവയ്യ തുടങ്ങിയവര്‍ ഇന്ന് ഹാജരാകുമെന്നറിയിച്ചിട്ടുണ്ട്.
2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന്– ഉത്തരവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക